ഓണക്കാലത്ത് മറുനാടന്‍ മലയാളികളെ സംബന്ധിച്ച് നാട്ടില്‍ എത്തുക എന്നത് ശ്രമകരമായ കാര്യമാണ്. ഓണം ആഘോഷിക്കാനും ബന്ധുമിത്രാദികളെ കാണാനും നാട്ടില്‍ വരാതെ വെറേ വഴിയില്ലാത്ത സാഹചര്യത്തില്‍ എന്ത് റിസ്‌കും എടുത്ത് നാട്ടില്‍ വരുന്നവരാണ് ഭൂരിഭാഗം ആളുകളും. ഉത്സവ സീസണിലെ തിരക്ക് അവസരമാക്കി ഇരട്ടി തുകയാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ഈടാക്കുന്നത്. അതിനിടെ ഓണക്കാലത്ത് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മംഗലൂരു, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളാണ് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയാല്‍ സ്വകാര്യ ബസുകളെ അപേക്ഷിച്ച് യാത്രാചെലവില്‍ 50 ശതമാനത്തിലധികം ലാഭിക്കാന്‍ സാധിക്കും. എന്നാല്‍ ടിക്കറ്റിന് ആവശ്യക്കാര്‍ ഏറെ ഉള്ള സമയമായത് കൊണ്ട് സ്മാര്‍ട്ട് ആയി പ്രവര്‍ത്തിച്ചാല്‍ മാത്രമേ കണ്‍ഫേം ടിക്കറ്റ് ലഭിക്കുകയുള്ളൂ.
ടിക്കറ്റ് ഉറപ്പാക്കാന്‍ ചില സ്മാര്‍ട്ട് മാര്‍ഗങ്ങള്‍
തിരക്ക് ഒഴിവാക്കുന്നതിനായി യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്നാണ് റെയില്‍വേ അധികൃതരുടെ നിര്‍ദേശം. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും സ്‌പെഷ്യല്‍ ട്രെയിനുകളുടെ ബുക്കിങ് ലഭ്യമാണ്.
1. മാസ്റ്റര്‍ ലിസ്റ്റ് തയ്യാറാക്കിവെക്കുക
ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഐആര്‍ടിസി അക്കൗണ്ടില്‍ My Profile > Master Lists എടുത്ത് യാത്രക്കാരുടെ പേര്, വയസ്, ബര്‍ത്ത്, പ്രിഫറന്‍സ്, ഐഡി വിവരങ്ങള്‍ എന്നിവ നല്‍കി സേവ് ചെയ്യുക. ബുക്കിങ് സമയത്ത് സമയം ലാഭിക്കാന്‍ ഇത് സഹായകമാണ്. പേര് ടൈപ്പ് ചെയ്യുന്നതിന് പകരം ഈ ലിസ്റ്റില്‍ നിന്ന് പേര് സെലക്ട് ചെയ്താല്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാം.
2. തത്കാല്‍ ബുക്കിങ് തന്ത്രം
എസി ക്ലാസുകള്‍ക്ക് രാവിലെ 10നും സ്ലീപ്പര്‍ ക്ലാസിന് രാവിലെ 11നും ബുക്കിങ് ആരംഭിക്കും. സമയം ആരംഭിക്കുന്നതിന് രണ്ടു മിനിറ്റ് മുന്‍പ് ലോഗിന്‍ ചെയ്യുക. ഇന്റര്‍നെറ്റ് വേഗം ഇതിന് മുന്‍പ് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഇതിന് പുറമേ തത്കാല്‍ ബുക്കിങ്ങില്‍ ഏറ്റവും കൂടുതല്‍ സമയം നഷ്ടപ്പെടുന്നത് പണം അടയ്ക്കുമ്പോഴാണ്. അതിനാല്‍ യുപിഐ പ്ലാറ്റ്‌ഫോമുകളോ, ഐആര്‍സിടിസി വാലറ്റോ ഉപയോഗിക്കുക. ഒടിപിക്ക് വേണ്ടി കാത്തിരിക്കേണ്ടി വരില്ല എന്നതിനാല്‍ ഐആര്‍സിടിസി വാലറ്റ് വഴി പേയ്‌മെന്റ് നടത്തുന്നതാണ് ഏറ്റവും ഉചിതം.
3. ഓട്ടോമാറ്റിക് VIKALP സ്‌കീം തെരഞ്ഞെടുക്കുക
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ VIKALP ഓപ്ഷന്‍ നല്‍കുക. ബുക്ക് ചെയ്ത ട്രെയിനില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ അതേ റൂട്ടിലുള്ള മറ്റു ട്രെയിനുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സിസ്റ്റം മാറ്റിത്തരുന്നതാണ്.
4. മറ്റു മാര്‍ഗങ്ങള്‍ നോക്കുക
ഇറങ്ങേണ്ട പ്രധാന സ്റ്റേഷനിലേക്ക് ടിക്കറ്റ് ഇല്ലെങ്കില്‍ അതിന് തൊട്ടടുത്തുള്ള സ്റ്റേഷനുകളിലേക്ക് ടിക്കറ്റ് തിരയുക. എറണാകുളത്തേയ്ക്ക് ടിക്കറ്റ് ഇല്ലെങ്കില്‍ തൃശൂര്‍ ആലപ്പുഴ, അല്ലെങ്കില്‍ കോട്ടയം വരെയുള്ള ടിക്കറ്റുകള്‍ നോക്കാവുന്നതാണ്. കണക്ടിറ്റിങ് ട്രെയിനുകള്‍ പ്രയോജനപ്പെടുത്താനും ശ്രമിക്കാവുന്നതാണ്. ഇടയ്ക്കിടെ ഐആർസിടിസി ആപ്പിൽ സ്റ്റാറ്റസ് നോക്കുന്നതും നല്ലതാണ്. ചാർട്ട് തയ്യാറാക്കുന്നതിന് രണ്ടുമണിക്കൂർ മുൻപ് ചില സമയങ്ങളിൽ ടിക്കറ്റ് ലഭ്യമായി എന്ന് വരാം.
5. സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപനങ്ങള്‍ ശ്രദ്ധിക്കുക
പതിവ് ട്രെയിനുകളിലെ ടിക്കറ്റുകള്‍ തീര്‍ന്നാലും റെയില്‍വേ അവസാന നിമിഷങ്ങളില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കാറുണ്ട്. റെയില്‍വേയുടെ സോഷ്യല്‍മീഡിയ പേജുകള്‍ , വാര്‍ത്തകള്‍ എന്നിവ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതുവഴി പ്രഖ്യാപനം വന്ന ഉടന്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates