ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ പത്തുരൂപയുടെ പ്ലാസ്റ്റിക് കറന്‍സികള്‍ വരുന്നു. കേന്ദ്ര സര്‍ക്കര്‍ പേര് പ്രഖ്യാപിക്കാനിരിക്കുന്ന അഞ്ച് നഗരങ്ങളില്‍ കൊച്ചിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വ്യത്യസ്ഥ ഭൂമിശാസ്ത്രവും, കാലാവസ്ഥയുമുള്ള നഗരങ്ങളില്‍ പത്തുരൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തിലിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം റിസര്‍വ് ബാങ്കിന് അനുമതി നല്‍കി.
കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാളാണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്. പേപ്പര്‍ കറന്‍സിയേക്കാള്‍ കൂടുതല്‍ കാലം അതിജീവിക്കുന്നതും, കള്ളനോട്ടായി ഇറക്കാന്‍ ബുദ്ധിമുട്ടുള്ളതുമായിരിക്കും പ്ലാസ്റ്റിക് നോട്ടുകള്‍. 2014ല്‍ യുപിഎ സര്‍ക്കാരായിരുന്നു പത്തുരൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ വിപണിയിലിറക്കുമെന്ന് പാര്‍ലമെന്റിനെ അറിയിച്ചത്. പത്തുരൂപയുടെ 10 ലക്ഷം പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാനായിരുന്നു യുപിഎ സര്‍ക്കാരിന്റെ നീക്കം.
കൊച്ചിയെ കൂടാതെ മൈസൂര്‍, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കാനായിരുന്നു യുപിഎ സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ ഏതൊക്കെ നഗരങ്ങളിലായിരിക്കും പ്ലാസ്റ്റിക് നോട്ടുകളുമായെത്തുകയെന്നത് വ്യക്തമാക്കിയിട്ടില്ല.
നോട്ടുകളുടെ ആയുസ് വര്‍ധിപ്പിക്കുക എന്നതാണ് ലോകത്തിലെ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളി. പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കുകയെന്നതാണ് മുന്നിലുള്ള ഒരു പരിഹാര മാര്‍ഗമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates