നിരത്തിൽ നിന്ന് വെള്ളിത്തിര വരെ തരംഗമായി ഓടിക്കയറിയ പഴയ ഇരുചക്ര രാജാവായ ജാവ ബൈക്കുകൾ ഇന്ത്യയിൽ തിരിച്ചെത്തി. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സിന് കീഴിലാണ് ജാവ മടങ്ങിയെത്തിയിരിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകള്‍ അവതരിപ്പിച്ചു. ബുള്ളറ്റുകൾ നിരത്തുകൾ കീഴടക്കി മുന്നേറുന്ന ഘട്ടത്തിലാണ് ജാവയുടെ വരവ് എന്നത് ശ്രദ്ധേയമാണ്. മികച്ച മൂന്ന് മോഡലുകളുമായാണ് ജാവ ബ്രാന്‍ഡ് തിരിച്ചുവരവ് ഗംഭീരമാക്കിയത്.
പഴയ ഐതിഹാസിക ജാവ ബൈക്കുകളോട് സാമ്യമുള്ള ക്ലാസിക്ക് രൂപം കൈവരിച്ച ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തുക. ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. ഇന്ന് മുതല്‍ വാഹനത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കും. ഡിസംബറോടെ ഉപഭോക്താക്കള്‍ക്ക് ബൈക്കുകള്‍ കൈമാറും. കസ്റ്റം മെയ്ഡ് ജാവ പെരാക്കിന് 1.89 ലക്ഷം രൂപ വരും ഡല്‍ഹി എക്‌സ് ഷോറൂം വില. ഇതിന്റെ ബുക്കിങ് തീയതി കമ്പനി പിന്നീട് അറിയിക്കും.
വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ട്വിന്‍ എക്സ്ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്പോക്ക് വീല്‍ എന്നിവയ്‌ക്കൊപ്പം പഴയ ജാവയുടെ മെറൂണ്‍ നിറത്തിലാണ് ജാവ അവതരിച്ചത്. വിപണിയില്‍ മുഖ്യ എതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് കടുത്ത മത്സരം തീര്‍ക്കാന്‍ പ്രാപ്തമാണ് ജാവ, ജാവ 42 ബൈക്കിന്റെ ഓവറോള്‍ രൂപഘടന. അഴകളവുകളില്‍ ജാവയും ജാവ 42 മോഡലുകള്‍ തുല്യരാണ്. 170 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. സീറ്റ് ഹൈറ്റ് 765 എംഎം. വീല്‍ബേസ് 1369 എംഎം. 14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. സുരക്ഷയ്ക്കായി മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസുണ്ട്. പിന്നില്‍ 153 എംഎം ആണ് ഡിസ്‌ക് ബ്രേക്ക്.
മെറൂണിനൊപ്പം ഗ്രേ, ബ്ലാക്ക് നിറങ്ങളില്‍ ജാവ ലഭ്യമാകും. ഗ്ലോസി മെറ്റാലിക് റെഡ്, ഗ്ലോസി ഡാര്‍ക്ക് ബ്ലൂ, മാറ്റ് മോസ് ഗ്രീന്‍, മാറ്റ് പാസ്റ്റല്‍ ബ്ലൂ, മാറ്റ് പാസ്റ്റല്‍ ലൈറ്റ് ഗ്രീന്‍, മാറ്റ് ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ ജാവ 42 സ്വന്തമാക്കാം. ചെക്ക് ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സിനെ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത്. മഹീന്ദ്രയുടെ ഈ തീരുമാനമാണ് ഇന്ത്യയിലേക്ക് ജാവയുടെ തിരിച്ചുവരവ് സാധ്യമാക്കിയതും. കമ്പനിയുടെ മധ്യപ്രദേശിലെ നിര്‍മാണ കേന്ദ്രത്തിലാണ് ജാവയുടെ നിര്‍മാണം. ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ജാവയുടെ വിപണനം ആരംഭിക്കുക.
ജാവ, ജാവ 42 മോഡലുകൾക്ക് 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് രണ്ടിനും കരുത്തേകുന്നത്. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. ഗിയര്‍ ബോക്‌സ് 6 സ്പീഡാണ്.
ഫാക്ടറി കസ്റ്റം മോഡലാണ് ജാവ പെരാക്ക്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകുന്ന 334 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിനുള്ളത്.
നിരത്തിലെ രാജാവായി തിളങ്ങി നിൽക്കവേയാണ് ജാവ 1966ൽ ഇന്ത്യയിൽ നിന്ന് വിടവാങ്ങിയത്. ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരിൽ ബൈക്കുകൾ പുറത്തിറക്കാനുള്ള ലൈസൻസ് ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎൽപിഎൽ) സ്വന്തമാക്കിയതോടെയാണ് ജാവ തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates