സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും, ചവറയിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഐ ആർ ഇ എൽ (ഇന്ത്യ )ലിമിറ്റഡും വനിതകൾക്കായി സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി നടപ്പാക്കും.
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീ ഷെഫ് ) എന്ന ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയിച്ച 25 വനിതകൾക്കാണ് പദ്ധതിയുടെ ഭാഗമായി ലഭിക്കുക. സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലനപദ്ധതി പൂർണ്ണമായും സൗജന്യമായാണ് നടപ്പാക്കുന്നത്.
ടാറ്റ കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ് ട്രസ്റ്റ് (TCIT),ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL),ഐ ഐ ഐ സി എന്നീ മൂന്നു സ്ഥാപനങ്ങൾ സംയുക്തമായാണ് സർട്ടിഫിക്കേഷൻ നൽകുന്നത്.
കോമീ ഷെഫ് പരിശീലനം പൂർത്തിയായാൽ ഹോട്ടൽ, റസ്റ്റോറന്റ്, റിസോർട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവർത്തിക്കുന്ന തുടക്കക്കാരായ പാചക വിദഗ്‌ദ്ധ ആയിട്ടാവും ജോലി ലഭിക്കുക.
ആറു മാസത്തെ പരിശീലനത്തിൽ നാലുമാസം പ്രായോഗിക ക്ലാസുകൾ ഐ ഐ ഐ സി യിലെ ലാബുകളിലായി ക്രമീകരിച്ചിട്ടുണ്ട്. രണ്ടു മാസം രാജ്യത്തെ മുൻ നിര ഹോട്ടലുകളിൽ മേഖലാ പരിശീലനം നൽകും.
സ്വദേശത്തും വിദേശത്തുമായി നിരവധി ജോലി സാദ്ധ്യതകൾ ഈ മേഖലയിൽ ഉണ്ട്. പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടുന്ന മുഴുവൻ ആളുകൾക്കും ജോലി ലഭിക്കുവാനുള്ള സാഹചര്യം ഐ ഐ ഐ സി ഒരുക്കും.
ഐ ആർ ഇ എൽ ഇന്ത്യയുടെ സി എസ് ആർ ഫണ്ട് ആണ് ഈ പദ്ധതിക്കായി വിനിയോഗിക്കുന്നത്. പരിശീലനത്തിലേക്കുള്ള ഗുണഭോക്താക്കളെ ഐ ആർ ഇ എൽ നേരിട്ട് ആണ് തെരഞ്ഞെടുക്കുന്നത്. ഐ ആർ ഇ എൽ മൈനിങ് പ്രദേശങ്ങളിലെ നിവാസികൾക്ക് മുൻഗണന ഉണ്ടായിരിക്കും.
ഈ പദ്ധതി നടപ്പാക്കുന്നതിനായി ഐ ഐ ഐ സിയും ഐ ആർ ഇ എല്ലും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates