അമേരിക്കയിലെ മലയാളി എന്‍ജിനിയർമാരുടെ സംഘടനയായ മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷൻ (എം ഇ എ) എന്‍ജിനിയറിങ്, ആർക്കിടെക്ചർ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹൂസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ് മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷൻ(എംഇഎ).
കഴിഞ്ഞ 25 വർഷമായി എം ഇ എ നൽകി വരുന്ന സ്കോളർഷിപ്പാണിത്. അക്കാദമിക് മികവുള്ളവരും എന്നാൽ പ്രൊഫഷണൽ കോളജ് വിദ്യാഭ്യാസം തുടരുന്നതിന് തടസ്സമാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതുമായ വിദ്യാർത്ഥികൾക്കാണ് എം ഇ എ സ്കോളർഷിപ്പ് നൽകുന്നത്.
ഇന്ത്യയിൽ എന്‍ജിനിയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ഒന്നാം വർഷ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. പ്രതിവർഷം 600 യുഎസ് ഡോളറാണ് സ്‌കോളർഷിപ്പ് തുക.
ഇന്ത്യയിലെ ദേശീയ അംഗീകാരമുള്ള എന്‍ജിനിയറിംഗ് കോളജിലോ സർവകലാശാലയിലോ എന്‍ജിനിയറിംഗ്, ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, ആർക്കിടെക്ചർ അല്ലെങ്കിൽ നേവൽ ആർക്കിടെക്ചർ എന്നിവയിൽ നാല്/ അഞ്ച് വർഷത്തെ ബിരുദ കോഴ്‌സിന് ചേർന്നിട്ടുള്ള, കേരളീയരായ ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്നാണ് എം ഇ എ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പഠനമികവിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി പഠന കാലാവധി തീരും വരെ (നാല് വർഷം അല്ലെങ്കിൽ അഞ്ച് വർഷം) ഓരോ വർഷവും 600 യുഎസ് ഡോളർ തുടർന്നും ലഭിക്കും. നവംബർ ഒന്നുവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
വിദ്യാർഥികളുടെ പഠനമികവും സാമ്പത്തികശേഷിയും പരിഗണിച്ചായിരിക്കും സ്‌കോളർഷിപ്പ് ജേതാക്കളെ തെരഞ്ഞെടുക്കുക.
യോഗ്യത: കുടുംബത്തിന്റെ വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയരുത്. കീം പ്രവേശന പരീക്ഷയിൽ റാങ്ക് ഒന്ന് മുതൽ 7000 വരെ ഉള്ളവർക്ക് അപേക്ഷിക്കാം. ആർക്കിടെക്ചർ വിദ്യാർഥികൾക്ക് നാറ്റ(നാഷണൽ ആപ്റ്റിറ്റ്യൂട് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) സ്‌കോർ 110-ന് മുകളിൽ ആയിരിക്കണം. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം.
മാർക്ക് ലിസ്റ്റുകൾ, കീം റാങ്ക് ഷീറ്റ്, തഹസിൽദാർ/വില്ലേജ് ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റ്, റെക്കമെൻഡേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ ചില രേഖകൾ അപേക്ഷകർ ഇൻഫർമേഷൻ ഫോർ ആപ്ലിക്കന്റസിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ സമർപ്പിക്കണം.
ഇതിലേതെങ്കിലും രേഖകൾ ലഭ്യമാകാൻ ബുദ്ധിമുട്ടുള്ള പക്ഷം meahouston@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണെന്ന് എം ഇ എ പറഞ്ഞു.
കൂടുതൽ വിവിവരങ്ങൾക്ക്: www.meahouston.org
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates