സർക്കാർ, എയിഡഡ് സ്കൂളുകളിൽ ആദ്യപാദ (ഓണപ്പരീക്ഷ) എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനം ഇത്തവണമുതൽ നടപ്പാക്കും. ഇതുപ്രകാരം വിദ്യാർത്ഥികൾ ഓരോവിഷയത്തിനും മിനിമം മാർക്ക് നേടേണ്ടതുണ്ട്. കഴിഞ്ഞവർഷം വർഷാന്ത്യ പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനവും പഠനപിന്തുണയും നൽകിയിരുന്നു. ഇത്തവണ അത് ഓണപ്പരീക്ഷ മുതൽ നടപ്പാക്കുകയാണ്.
പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് എഴുത്ത് പരീക്ഷയിലെ മിനിമം മാർക്ക് സംവിധാനം നടപ്പാക്കുന്നത്. ഓരോവിഷയത്തിനും എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 30 ശതമാനം മാർക്ക് വീതം നേടേണ്ടതുണ്ട്. ഇത്രയും മാർക്ക് നേടാത്ത കുട്ടികളുടെ കാര്യത്തിൽ പഠന പിന്തുണ നൽകണമെന്നാണ് സർക്കാർ നിർദ്ദേശം.
ഓണപ്പരീക്ഷയുടെ ഫലം, ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. ഇതിൽ മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്ക് സെപ്തംബറിൽ തന്നെ പ്രത്യേക പരിശീലനം നൽകുന്നതിനായി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പഠന പിന്തുണ പരിപാടി സംഘടിപ്പിക്കണം. ഈ പദ്ധതി സ്കൂളുകളിൽ നടപ്പാക്കാൻ പിടിഎയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടാകണം. എ ഇ ഒ മുതലുള്ള വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഈ പ്രവർത്തനങ്ങൾ നിരീക്ഷണമെന്നും മന്ത്രി പറഞ്ഞു.
അടുത്ത അധ്യയനവർഷം മുതൽ പത്താം ക്ലാസിലും മിനിമം മാർക്ക് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കുട്ടികളുടെ വായനാശീലത്തിന് മാർക്ക് നൽകാനും സ്കൂൾ കലോത്സവത്തിൽ വായന മത്സരയിനമാക്കാനും ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വായനയുമായി ബന്ധപ്പെട്ട മത്സരയിനം ആലോചിക്കുന്നത്. സ്കൂളുകളിൽ വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനായി അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതിനൊപ്പം കൈപ്പുസ്തകവും തയ്യാറാക്കി നൽകും.
അടുത്ത അധ്യയന വർഷം മുതൽ വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കണക്കിലെടുത്ത് കുട്ടികൾക്ക് മാർക്ക് നൽകാനാണ് ആലോചിക്കുന്നത്. വായനയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തുന്നതിന് ആഴ്ചയിൽ ഒരു പീരിയഡ് നീക്കുവെക്കം. ഇതിനായുള്ള ഉത്തരവ് വൈകാതെ ഇറങ്ങുമെന്നും മന്ത്രി അറിയിച്ചു.
സ്കൂളുകളിൽ നടക്കുന്ന ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ലെന്നും സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി നിർദ്ദേശങ്ങൾ സ്വാഗതം ചെയ്തും മന്ത്രി നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates