വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഏത് യൂണിവേഴ്സിറ്റിയിൽ പഠിക്കണം, എന്ത് പഠിക്കണം എന്ന് കാര്യത്തെ കുറിച്ച് അന്വേഷിക്കുന്ന രീതിയിൽ കാതലായ വ്യത്യാസം വന്നതായി റിപ്പോർട്ട്. മുൻകാലങ്ങളിൽ വിദ്യാഭ്യാസ കൗൺസലർമാരെയും വിദേശങ്ങളിൽ ഉള്ള പരിചയക്കാരെയും ആണ് ആശ്രയിച്ചിരുന്നതെങ്കിൽ ഇന്നത് മാറിയിരിക്കുന്നു.
വിദേശത്ത് ഉന്നത പഠനം നടത്താൻ പദ്ധതിയിടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ തീരുമാനം എടുക്കുന്നതിൽ നിർമ്മിത ബുദ്ധി അതിവേഗം ഒരു പ്രധാന ഘടകമായി മാറിക്കൊണ്ടിരിക്കുന്നു. അതേസമയം അന്തിമ തീരുമാനമെടുക്കുന്ന കാര്യത്തിൽ ഇതിൽ വ്യത്യാസം വരുന്നുവെന്നും കാണാം. ഐഡിപി,ഇഎബി എന്നിവരുടെ പഠനങ്ങളാണ് പുതിയ ട്രെൻഡ് വ്യക്തമാക്കുന്നത്.
പുതിയ ഐഡിപി ( IDP) സർവേ പ്രകാരം വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവരിൽ ആഗോളതലത്തിൽ 54% പേരും അവരുടെ അന്താരാഷ്ട്ര വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്നതിനായിചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകളെയാണ് ആശ്രയിക്കുന്നത്. ഇങ്ങനെ എഐ ടൂളുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികളിൽ മുൻവർഷത്തേക്കാൾ കുത്തനെയുള്ള വർദ്ധനവാണ് ഈ വർഷം രേഖപ്പെടുത്തിയതെന്ന് സർവേ റിപ്പോർട്ട് പറയുന്നു.
ഐഡിപി നടത്തിയ എമർജിങ് ഫ്യൂച്ചേഴ്‌സ്: വോയ്‌സ് ഓഫ് ദി ഇന്റർനാഷണൽ സ്റ്റുഡന്റ് സർവേ പ്രകാരം, 54% അന്താരാഷ്ട്ര വിദ്യാർത്ഥികളും എഐ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഏതൊക്കെ സർവകലാശാലകളിലാണ് അപേക്ഷിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് അലോചിക്കുന്നത്. മറ്റൊരു 53% പേർ അക്കാദമിക് പ്രോഗ്രാമുകൾ തെരഞ്ഞെടുക്കാൻ എഐ ഉപയോഗിക്കാൻ മുൻഗണന നൽകുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ എഐ ടൂളുകൾ ഉപയോഗിച്ച് വിദേശ വിദ്യാഭ്യാസത്തെ കുറിച്ച് മനസ്സിലാക്കിയ വിദ്യാർത്ഥികളുടെ എണ്ണം 35–38 ശതമാനമായിരുന്നു.
എന്നാൽ, വിദ്യാർത്ഥികൾ ഇപ്പോഴും അന്തിമ തീരുമാനമെടുക്കുന്നതിന് എഐയെ അല്ല ആശ്രിക്കുന്നത്. അതിനായി അദ്ധ്യാപകർ, എജ്യൂക്കേഷണൽ കൗൺസലർമാർ, ക്യാമ്പസ് സന്ദർശനങ്ങൾ എന്നിവ അന്തിമ തീരുമാനങ്ങളിൽ പ്രധാന സ്വാധീനം ചെലുത്തുന്നു എന്ന് റിപ്പോർട്ട് പറയുന്നു.
ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള ഇപ്പോൾ വിദേശങ്ങളിലേക്ക് പഠിക്കുന്നവരും ഭാവിയിൽ വിദേശ പഠനം തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവരുമായ 8,000 വിദ്യാർത്ഥികളിലാണ് സർവേ നടത്തിയത്. 2025 ജൂലൈയിലും ഓഗസ്റ്റിലും ആയിട്ടായിരുന്നു സർവേ, പുതിയ തലമുറ വിവരങ്ങൾ ശേഖരിക്കുന്നതിലും ജീവിതത്തിൽ മാറ്റം വരുത്തുന്ന അക്കാദമിക് തെരഞ്ഞെടുപ്പുകൾ നടത്തുന്നതിലും എഐ വഹിക്കുന്ന പങ്കിനെ ഈ സർവേ വെളിപ്പെടുത്തുന്നു.
ഈ ഡിജിറ്റൽ മാറ്റം നിലനിൽക്കുമ്പോൾ തന്നെ , യുഎസ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ കൺസൾട്ടൻസിയായ ഇഎബി നടത്തിയ 2025 ലെ സ്റ്റുഡന്റ് കമ്മ്യൂണിക്കേഷൻ പ്രിഫറൻസസ് സർവേ കൂടുതൽ അടിസ്ഥാനപരമായ മറ്റ് ചില വശങ്ങൾ വ്യക്തമാക്കുന്നു.
ഡിജിറ്റൽ മേഖലയിലും നിർമ്മിത ബുദ്ധിയിലും ഉണ്ടായ വളർച്ചയും വിപ്ലവും വിനിയോഗിക്കുമ്പോൾ തന്നെ മനുഷ്യർ മുന്നോട്ട് വെക്കുന്ന അഭിപ്രായങ്ങൾക്കാണ് പുതിയ തലമുറ അന്തിമ തീരുമാനത്തിൽ മുൻഗണന കൊടുക്കുന്നത് എന്ന് വ്യക്തമാക്കുന്നു.
യുഎസ് വിദ്യാഭ്യാസ കൺസൾട്ടൻസിയായ ഇഎബിയുടെ സ്റ്റുഡന്റ് കമ്മ്യൂണിക്കേഷൻ പ്രിഫറൻസ് സർവേ 2025 ഇത് വ്യക്തമാക്കുന്നു.
പഠനം സംബന്ധിച്ച അന്തിമതീരുമാനമെടുക്കുമ്പോൾ അനുഭവസ്ഥരായ മനുഷ്യരുടെയോ ആ വിഷയങ്ങളിൽ അറിവുള്ളവരുടെയോ ഉപദേശങ്ങളെയാണ് വിദ്യാർത്ഥികൾ വിലമതിക്കുന്നതെന്ന് അതിൽ കാണാനാകും.
ക്യാമ്പസ് ടൂറുകൾ, വിദ്യാഭ്യാസ മേളകൾ തുടങ്ങിയ നേരിട്ടുള്ള അനുഭവങ്ങളാണ് ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളെന്ന് ഏകദേശം 34% വിദ്യാർത്ഥികൾ പറഞ്ഞു, അതേസമയം 30% പേർ സർവകലാശാലകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളെ ആശ്രയിച്ചു.
വ്യക്തിഗത മാർഗ്ഗനിർദ്ദേശത്തിനായി 26% പേർ അദ്ധ്യാപകരെയും വിദ്യാഭ്യാസ കൗൺസലർമാരെയും ട്രെയിനർമാരെയും ആണ് പരിഗണിച്ചത്
മനുഷ്യർ തമ്മിലുള്ള ഇടപെലിൽ അൽഗോരിതങ്ങൾക്കുള്ളതിനേക്കാൾ കൂടുതൽ വിജ്ഞാനാധിഷ്ഠിതവും വൈകാരികവുമായ തലമുണ്ടെന്നും ഇത് ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.
വിദേശത്തെ കോഴ്സുകളെ കുറിച്ചും സർവകലാശാലകളെ കുറിച്ചും അന്വേഷിക്കുന്നതിനുള്ള പ്രാഥമിക ഘട്ടത്തിൽ എഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അവയ്ക്ക് വിശ്വാസ്യത നേടാനായിട്ടില്ല.
വിദേശ പഠന തെരഞ്ഞെടുപ്പുകളിൽ കൃത്യമോ വിശ്വസനീയമോ ആയ മാർഗനിർദ്ദേശം നൽകുന്നതിന് എഐ ചാറ്റ്ബോട്ടുകളെ വിശ്വസിക്കുന്നവർ മൂന്ന് ശതമാനം മാത്രമാണെന്ന് ഇഎബി (EAB) റിപ്പോർട്ട് പറയുന്നു
രാജ്യങ്ങളെ താരതമ്യം ചെയ്യുന്നതിനോ, ചെലവുകൾ കണക്കാക്കുന്നതിനോ, കോഴ്സുകൾ സംബന്ധിച്ച ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനോ എഐ ടൂൾ ഉപയോഗിക്കുന്നവർ ഉണ്ട്. പക്ഷേ, ഇത് അതിനുള്ള പ്രാഥമിക ഘട്ടത്തിൽ മാത്രമായിരിക്കും.
എന്നാൽ, പഠനം സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കാൻ എജ്യൂക്കേഷണൽ കൗൺസലർമാരിലേക്കും സർവകലാശാലകളുടെ ഔദ്യോഗിക പ്രതിനിധികളിലേക്കും തന്നെ അവർ എത്തുന്നു.
ജെൻസി തലമുറയിൽ വളർന്നുവരുന്ന "ഹൈബ്രിഡ് രീതി"യെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു - സാങ്കേതിക വിദഗ്ദ്ധർ, ജിജ്ഞാസയുള്ളവർ, പരീക്ഷണങ്ങൾക്ക് തയ്യറായവർ ആണ് അവർ. എന്നാൽ, തെറ്റായ വിവരങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് വ്യക്തമായ അവബോധവും അവർക്കുണ്ട്.
സർവകലാശാലകളും പുതുതലമുറയുടെ ഈ സമീപനത്തെ ഉൾക്കൊണ്ടുകഴിഞ്ഞു, എഐ-അധിഷ്ഠിതമായ പ്രവർത്തനങ്ങളെ വ്യക്തിഗതമാക്കിയ കൗൺസിലിങ്ങും പൂർവ്വ വിദ്യാർത്ഥി ഇടപെടലുകളും അവർ ഈ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സംയോജിപ്പിക്കുന്നു.
മനുഷ്യ മാർഗനിർദ്ദേശവും മെഷീൻ ഗൈഡൻസും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തലുകൾ. എഐ വിദ്യാഭ്യാസമേഖലയിലെ നിർണ്ണായകമായ ഒന്നായിമാറിക്കഴിഞ്ഞിരിക്കുന്നു പഠനത്തിൽ മാത്രമല്ല, എന്ത് പഠിക്കണം എന്ന് തീരുമാനിക്കുന്നതിലും അത് സ്വാധീനം ചെലുത്താൻ തുടങ്ങിയിരിക്കുന്നു എന്നതിനുള്ള സൂചനയായിട്ടാണ് വിദ്യാഭ്യാസ കൗൺസിലിങ് രംഗത്തുള്ളവർ ഈ മാറ്റത്തെ വിലയിരുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates