Entertainment

കൃഷ്ണം നിര്‍മിച്ചത് എന്റെ കഥ പറയാനല്ല, ആ രഹസ്യം അറിയുന്നത് ലാലേട്ടന് മാത്രം : അക്ഷയ് കൃഷ്ണ

ഈ മാസം മെയ് 11ന് തീയറ്ററുകളിലെത്താന്‍ ഒരുങ്ങിയിരിക്കുന്ന കൃഷ്ണം എന്ന ചിത്രത്തിലെ നായകനാണ് അക്ഷയ്, കൃഷ്ണത്തിന്റെ തിരകഥ അക്ഷയുടെ ജീവിതമാണെന്ന് പറഞ്ഞാലും തെറ്റില്ല. 

ജീന ജേക്കബ്

ടീനേജ് ലൈഫ് അടിച്ചുപൊളിച്ച് നടക്കുന്ന ഒരു പയ്യന്‍, സ്‌കൂളും കൂട്ടുകാരും ഡാന്‍സുമൊക്കെയായി ജീവിതം ആഘോഷിക്കുന്നു.  പ്ലസ് ടൂ- കോളെജ് കാലഘട്ടത്തിലുള്ള കുട്ടികളെകുറിച്ച് പറയുന്നതൊക്കെതന്നെയായിരുന്നു അക്ഷയ് കൃഷ്ണ എന്ന പ്ലസ്ടൂകാരനെകുറിച്ചും പറയാനുണ്ടായിരുന്നത്. ആ സമയത്ത് ഭാവിയെകുറിച്ചുള്ള സ്വപ്‌നമെന്താണെന്ന് ചോദിച്ചാല്‍ അക്ഷയ്ക്കുപറയാന്‍ ഒരു ഉത്തരമേ ഉണ്ടായിരുന്നൊള്ളു സിനിമ. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആകുമെങ്കില്‍ താന്‍ ഒരു സിനിമാക്കാരന്‍ ആകുമെന്നായിരുന്നു അന്നത്തെ അക്ഷയുടെ പ്രതീക്ഷ. ഇത്രയും വായിക്കുമ്പോള്‍ സിനിമാസ്വപ്‌നം ഉള്ളില്‍ കൊണ്ടുനടന്ന് ഒടുവില്‍കുറെ പ്രതിസന്ധികളെ തരണം ചെയ്ത് സിനിമയിലെത്തിയ പുതുമുഖ നായകന്റെ കഥയ്ക്കുനല്‍കുന്ന ഇന്‍ട്രോ ആണെന്ന് കരുതുമായിരിക്കും. പക്ഷെ ഇത് അതല്ല. അക്ഷയുടെ മനസിലും സിനിമയുണ്ടായിരുന്നു അക്ഷയുടെ ജീവിതത്തിലും പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. പക്ഷെ തന്റെ സിനിമാമോഹം വെട്ടിപിടിക്കാനുള്ള പരിശ്രമങ്ങളല്ല അക്ഷയെ ഇന്ന് സിനിമയിലേക്ക് എത്തിച്ചിരിക്കുന്നത് മറിച്ച് അക്ഷയ് എന്ന പത്തൊന്‍പതുകാരന്റെ ജീവിതമാണ് അവനെ സിനിമയിലെത്തിച്ചത്. ഈ മാസം മെയ് 11ന് തീയറ്ററുകളിലെത്താന്‍ ഒരുങ്ങിയിരിക്കുന്ന കൃഷ്ണം എന്ന ചിത്രത്തിലെ നായകനാണ് അക്ഷയ്, കൃഷ്ണത്തിന്റെ തിരകഥ അക്ഷയുടെ ജീവിതമാണെന്ന് പറഞ്ഞാലും തെറ്റില്ല. സിനിമയെകുറിച്ചും ജീവിതത്തെകുറിച്ചും അക്ഷയ് സമകാലിക മലയാളത്തോട് സംസാരിക്കുന്നു. 

ഒരു സിനിമയാക്കാന്‍ മാത്രം എന്താണുള്ളത് അതും ഒരു പത്തൊന്‍പതുകാരന്റെ ജീവിതത്തില്‍!

കൃഷ്ണത്തേകുറിച്ച് പറഞ്ഞറിഞ്ഞ് മെസേജ് അയക്കുന്ന പലരും എന്നോട് ചോദിക്കുന്നത് ഒരു സിനിമയാക്കാന്‍ മാത്രം എന്താണ്  ഒരു പത്തൊന്‍പതുകാരന്റെ ജീവിതത്തില്‍  എന്നാണ്. വളരെ എനര്‍ജറ്റിക്കായി സ്‌കൂള്‍ ലൈഫ് അടിച്ചുപൊളിച്ചു നടന്ന ഒരു പയ്യനായിരുന്നു ഞാന്‍. ചെറുപ്പം മുതല്‍ ഡാന്‍സ് എനിക്ക് വളരെ ഇഷ്ടമായിരുന്നു. സ്‌കൂളിലാണെങ്കില്‍ ഡാന്‍സും മറ്റുമായി ഷോഓഫ് ചെയ്യാന്‍ കിട്ടുന്ന ഒരു അവസരവും വിടത്തില്ലായിരുന്നു. സിനിമയുടെ ഫസ്റ്റ് ഹാഫില്‍ കാണിക്കുന്നതും എന്റെ ഈ അടിപൊളി ലൈഫ് തന്നെയാണ്. ഇന്റര്‍വല്ലിന് ശേഷമാണ് എല്ലാം മാറിമറിയുന്നത്. എന്റെ ജീവിതത്തില്‍ പറയുകാണെങ്കില്‍ പ്ലസ്ടൂവിന് പഠിക്കുമ്പോള്‍ സ്‌കൂളിലെ ഒരു പരിപാടിക്ക് സ്റ്റേജില്‍ ചെയ്ത ഒരു നൃത്തതിന് ശേഷമാണ് എല്ലാം ഇത്രയധികം മാറിയത്. പ്രോഗ്രാമിനും ഒരു മൂന്ന് മാസം മുമ്പുമുതല്‍ ചെറിയ വയറുവേദന തോന്നിതുടങ്ങിയിരുന്നു. ഡാന്‍സിന്റെ ത്രില്ലില്‍ അത് കാര്യമാക്കിയില്ല. അന്നു എന്റെ ശരീരത്തിലെ ഒരു മുഴ ശ്രദ്ധയില്‍പെട്ടിരുന്നു. പക്ഷെ കാര്യമാക്കിയില്ല. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെവന്നാലോ എന്ന പേടിയില്‍ അത് ആരോടും പറഞ്ഞുമുല്ല. പക്ഷെ സ്റ്റജില്‍ ഡാന്‍സ് ചെയ്യുന്നതിനിടയില്‍ ഞാന്‍ തലകറങ്ങിവീണു. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

ഹെര്‍ണിയ ആണെന്നായിരുന്നു ആദ്യത്തെ കണ്ടെത്തല്‍. അന്നുതന്നെ സര്‍ജറി ചെയ്തു. അന്ന് ഓപ്പറേഷണ്‍ തീയറ്ററില്‍ പ്രവേശിച്ചതുമുതല്‍ പിന്നെയും പ്രശ്‌നങ്ങള്‍ കണ്ടെത്തിതുടങ്ങുകയായിരുന്നു. അന്നത്തെ ആ ഓപ്പറേഷന്‍ കഴിഞ്ഞ് എനിക്ക് ബോധം വന്നപ്പോള്‍ ആകെ വിഷമിച്ചിരിക്കുന്ന അച്ഛനെയും അമ്മയെയുമാണ് ഞാന്‍ കണ്ടത്. അതുവരെ അവരെ അങ്ങനെയൊരു അവസ്ഥയില്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടില്‍ എത്തിയപ്പോഴാണ് അവര്‍ എന്നോടുപറഞ്ഞത് എനിക്ക് ലിവര്‍സിറോസിന്റെ തേര്‍ഡ് സ്റ്റേജാണെന്ന്. എന്തുകൊണ്ടാണ് ലിവര്‍സിറോസിസ് വന്നത് എന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എന്റെ അറിവില്‍ മദ്യം ഉപയോഗിക്കുന്നവര്‍ക്കൊക്കെയാണ് ഈ രോഗം ഉണ്ടാകുന്നത്. ഞാന്‍ പക്ഷെ അത്തരത്തിലൊന്നും അയിരുന്നുമില്ല. അങ്ങനെ ട്രീറ്റ്‌മെന്റ് ചെയ്യുന്നതിനിടയിലാണ് ഹാര്‍്ട്ട ഒന്നു പരിശോധിക്കണമെന്ന് പറഞ്ഞത്. ആ പരിശോധനയിലാണ് ഹൃദയത്തില്‍ രക്തം പമ്പ് ചെയ്യുന്നില്ലെന്ന് കണ്ടെത്തിയത്. 

അക്ഷയ് അച്ഛനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍

ഇതുമാത്രമല്ല സിനിമ, ഈ സിനിമയിലെ സസ്പന്‍സ് മറ്റൊന്നാണ്

ഞാന്‍ ജീവിച്ചിരിക്കുന്നതോര്‍ത്ത് ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത്തരം കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറുണ്ടായിരുന്നില്ല. ഇതെല്ലാം കണ്ടുനിന്നിരുന്ന അച്ഛനും അമ്മയുമാണ് കൂടുതല്‍ വേദന അനുഭവിച്ചത്. മകന്‍ ഇന്നോ നാളെയോ മരിക്കാം എന്ന സ്ഥിതിയിലാണ് അവര്‍ എന്റെ കട്ടിലിനരികില്‍ നിന്നിരുന്നത്. പിന്നീട് മറ്റൊരു സര്‍ജറി നടത്താന്‍ തീരുമാനിച്ചു. ആ സര്‍ജറിക്ക് മുമ്പേ എന്നോട് പറഞ്ഞിരുന്നു, ചിലപ്പോള്‍ ഇതോടെ എല്ലാം ശരിയാകും അല്ലെങ്കില്‍ അച്ഛനെയും അമ്മയെയും ഇനി കാണാന്‍ പറ്റില്ല. എന്റെ ആ സ്‌റ്റേജിനെകുറിച്ച് ഞാന്‍ അറിഞ്ഞിരിക്കണമെന്ന് എന്റെ അച്ഛന് തന്നെയായിരുന്നു നിര്‍ബന്ധം. ഡോക്ടര്‍മാരൊന്നും അത് പറയാന്‍ കൂട്ടാകാതിരുന്നപ്പോള്‍ അച്ഛന്റെ നിര്‍ബന്ധത്തിലാണ് എന്നോട് അതെല്ലാം പറഞ്ഞത്. നാല് മണിക്കൂര്‍ സര്‍ജറിക്കായാണ് എന്നെ തീയറ്ററിലേക്ക് പ്രവേശിപ്പിച്ചത്. പക്ഷെ സര്‍ജറി അവസാനിച്ചത് 22മണിക്കൂര്‍ എടുത്താണ്. ഇങ്ങനെകേള്‍ക്കുമ്പോള്‍ നിങ്ങളോര്‍ക്കും ഇതിപ്പോ സിനിമ മുഴുവന്‍ പറഞ്ഞുകഴിഞ്ഞല്ലോ എന്ന്. പക്ഷെ ഇതുമാത്രമല്ല സിനിമ. ഈ സംഭവങ്ങളെല്ലാം സിനിമയാക്കാന്‍ ഒരു കാരണമുണ്ട്. അതാണ് ഈ സിനിമയിലെ സസ്പന്‍സ്. എന്റെ ജീവിതകഥയോ എന്റെ ജീവിതത്തില്‍ ഞാന്‍ നേരിട്ട സംഭവങ്ങളോ മാത്രമല്ല അതിലും വലിയ എലമെന്റുകള്‍ ഈ സിനിമയിലുണ്ട്. അതിനെകുറിച്ച് സിനിമയ്ക്കുള്ളിലുള്ളവരൊഴിച്ച് ലാലേട്ടന് മാത്രമാണ് അറിയാവുന്നത്. സിനിമയെകുറിച്ച് ആദ്യം സംസാരിച്ചതും ലാലേട്ടനോടായിരുന്നു. കൃഷ്ണത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത് ലാലേട്ടന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു.

അച്ഛന് വട്ടായോ അതോ എനിക്ക് വട്ടായോ

സിനിമയെകുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. അച്ഛനാണ് ഇതിനായി എല്ലാം ചെയ്തത്. സിനിമയെകുറിച്ച് ആദ്യം അച്ഛന്‍ എന്നോടു പറഞ്ഞപ്പോള്‍ അച്ഛന് വട്ടായതാണോ എനിക്ക് വട്ടായതാണോ എന്നായിരുന്നു എന്റെ സംശയം. എന്റെ കഥാപാത്രം ഞാന്‍തന്നെ അവതരിപ്പിക്കാം എന്ന് കരുതിയല്ല സിനിമയെകുറിച്ച് ആലോചിച്ചുതുടങ്ങിയത്. പിന്നീട് ഡയറക്ടര്‍ ദിനേശ് സാറാണ് എന്നെതന്നെ അഭിനയിപ്പിക്കാം എന്ന് അച്ഛനോട് പറഞ്ഞത്. എന്നോടത് സംസാരിക്കുമ്പോള്‍ എല്ലാവരുടെയും സംശയം ജീവിതത്തില്‍ ഇനിയൊരിക്കലും കടന്നുപോകണ്ട എന്ന് ഞാന്‍ കരുതുന്ന അനുഭവങ്ങളിലൂടെ ഇമോഷണലി ഒരിക്കല്‍കൂടെ കടന്നുപോകാന്‍ എനിക്ക് കഴിയുമോ എന്നായിരുന്നു. സിനിമ ചെയ്യാം എന്ന് ഉറപ്പിക്കുമ്പോള്‍ എനിക്കും സംശയമുണ്ടായിരുന്നു ഞാന്‍ എങ്ങനെ ആ സാഹചര്യങ്ങളിലൂടെ വീണ്ടും കടന്നുപോകും എന്ന്. 

ഇതുവരെ ഞാന്‍ സിനിമ കണ്ടിട്ടില്ല. ഇനി കാണുകയുമില്ല.

എന്റെ ലൈഫില്‍ ഞാന്‍ കടന്നുപോന്ന സംഭവങ്ങള്‍ വീണ്ടും കാണുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷെ അന്ന് എന്റെ ഒപ്പം ഓരോ സംഭവങ്ങളെയും അച്ഛനും അമ്മയും നേരിട്ടുകൊണ്ടിരുന്നതും ഈ സിനിമയില്‍ പറയുന്നുണ്ട്. അതില്‍ നല്ലൊരു ശതമാനം സംഭവങ്ങളും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. ഇനി അത് കാണാന്‍ എനിക്ക് കഴിയില്ല. ആ സമയത്തെ അവരുടെ അവസ്ഥ സ്‌ക്രീനില്‍ ആണെങ്കില്‍പോലും എനിക്ക് കാണണ്ട. അതുകൊണ്ടുമാത്രം കൃഷ്ണം ഞാന്‍ കാണില്ല. എന്റെ രംഗങ്ങള്‍ ഡബ്ബിംഗ് സമയത്തും ഒക്കെയായി ഞാന്‍ കണ്ടതാണ്. പക്ഷെ മറ്റ് രംഗങ്ങള്‍ എനിക്ക് കണ്ടിരിക്കാന്‍ കഴിയില്ല. 

ഫസ്റ്റ് ഹാഫ് വളരെ എന്‍ജോയ് ചെയ്തു, സെക്കന്‍ഡ് ഹാഫ്...

ഫസ്റ്റ് ഹാഫില്‍ വളരെ എന്‍ജോയ് ചെയ്തുള്ള മൊമന്റ്‌സ് ഒക്കെയായിരുന്നു. എന്റെ കൂട്ടുകാരുടെ പേരുകളൊക്കെതന്നെയാണ് അവരുടെ വേഷങ്ങള്‍ അഭിനയിക്കുന്നവര്‍ക്കും നല്‍കിയിരുന്നത്. പക്ഷെ സെക്കന്‍ഡ് ഹാഫിലെ രംഗങ്ങളൊക്കെ അഭിനയിക്കുക അത്ര എളുപ്പമായിരുന്നില്ല. അച്ഛനോട് സംസാരിക്കുന്ന രംഗമൊക്കെ അഭിനയിക്കുമ്പോള്‍ വളരെ മെന്റല്‍ സ്‌ട്രെസ് ഉണ്ടായിരുന്നു. ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞ അതേ വാക്കുകള്‍ അഭിനയത്തിലാണെന്ന് അറിയാമെങ്കിലും വീണ്ടും പറയുമ്പോഴൊക്കെ ഭയങ്കര പ്രയാസമായിരുന്നു. സിനിമയില്‍ സായ്കുമാര്‍ സാറാണ് അച്ഛന്റെ റോള്‍ ചെയ്യുന്നത്. സര്‍ തന്നെ പറഞ്ഞിരുന്നു കുഞ്ഞികൂനന്‍ എന്ന സിനിമയ്ക്ക് ശേഷം ഡബ്ബിങ് ചെയ്യുമ്പോള്‍ മനസ്സില്‍ കൊണ്ട ഒരു ചിത്രം ഇതാണെന്ന്. 

ഞാന്‍ എക്‌സൈറ്റഡ് അല്ല, നല്ല പേടിയുണ്ട്

ഏതൊരു വികാരവും അതിന്റെ എക്‌സ്ട്രീം തലത്തില്‍ ഉപയോഗിച്ചിട്ടുള്ള ഒരു സിനിമയാണിത്. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും അങ്ങനെതന്നെ. കൃഷ്ണം ഒരു എന്റര്‍ടെയിന്‍മെന്റ് ചിത്രമാണെന്നോ കോമഡി ചിത്രമാണെന്നൊ പറയാന്‍ കഴിയില്ല. ഈ സിനിമയിലുടനീളം മാറിമറിയുന്നത് ഇമോഷണുകളാണ്. ഇന്നസെന്റ് അങ്കിള്‍ ചിത്രം കണ്ടിരുന്നു. പോസിറ്റിവ് അഭിപ്രായമാണ് അങ്കിള്‍ പറഞ്ഞത്. പക്ഷെ ഞാന്‍ എക്‌സൈറ്റഡ് ഒന്നുമല്ല, നല്ല പേടിയുണ്ട്. ടെന്‍ഷന്‍ മാത്രമാണ് മനസിലുള്ളത്. 

അമ്മയ്ക്കും സഹോദരനും ഒപ്പം അക്ഷയ്

ഇത്രയും പണിയാണ് ഒരു സിനിമയെന്ന് അറിഞ്ഞിരുന്നില്ല

സിനിമ എന്നത് ഞാന്‍ സ്വപ്‌നം കണ്ടിരുന്നതുപോലൊന്നുമല്ല. ഒരുപാട് പ്രയത്‌നമുണ്ട് ഓരോ സിനിമയ്ക്ക് പിന്നിലും എന്നത് കൃഷ്ണം സംഭവിച്ചതിന് ശേഷമാണ് എനിക്ക് മനസിലായത്. കൃഷണം തുടങ്ങിയതിന് ശേഷം ഞാന്‍ കണ്ട എല്ലാ ചിത്രങ്ങളും അതുകൊണ്ടുതന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പണ്ടൊക്കെ ഒരു സിനിമ കണ്ടാല്‍ അതിലെ കുറ്റം കണ്ടുപിടിക്കാനായിരുന്നു താത്പര്യം. ഇപ്പോഴാണ് അതൊക്കെമാറി ഓരോ സിനിമയിലെയും പോസിറ്റീവ് വശങ്ങള്‍ കണ്ടെത്തിതുടങ്ങിയത്. ഇത്രയും പണിയാണ് ഒരു സിനിമയെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ പണ്ടുമുതലെ എല്ലാ സിനിമയും നല്ലതാണെന്ന പറഞ്ഞേനെ. മലയാളം ചെയ്തു തീരാറായപ്പോഴാണ് തെലുങ്ക് ചെയ്യുന്നതിനെകുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകുന്നത്. മലയാളത്തിന്റെ ഡബ്ബ്ഡ് വേര്‍ഷണ്‍ അല്ല തെലുങ്ക്. പുതിയ ആര്‍ട്ടിസ്റ്റുകളെ വച്ച് മറ്റൊരു ചിത്രമായിതന്നെയാണ് അത് ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; 57 കാരന്‍ അറസ്റ്റില്‍

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്കെതിരെ തരൂരിന്റെ വിമര്‍ശനം, കിഫ്ബിയുടെ പ്രസക്തി ഗൗരവം, 'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായെന്ന് മുഖ്യമന്ത്രി ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

SCROLL FOR NEXT