അടുപ്പത്ത് പാൽ തിളയ്ക്കുമ്പോൾ അതിന്റെ ഉപരിതലത്തിൽ നേർത്തൊരു പാളി രൂപപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? പലരും ഈ പാടി മാറ്റിക്കളയും ഇല്ലെങ്കിൽ പാൽ പാട ഉണ്ടാകാതിരിക്കാൻ പല പൊടിക്കൈകളും പ്രയോഗിക്കും. എന്നാൽ പാൽ തിളപ്പിക്കുമ്പോൾ ഇത്തരത്തിൽ പാട ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അതിന് പിന്നിൽ രസകരമായൊരു ശാസ്ത്രമുണ്ട്.
പാലിൽ പ്രധാനമായും വെള്ളം, കൊഴുപ്പ്, പ്രോട്ടീൻ, ലാക്ടോസ് തുടങ്ങിയ ഘടകങ്ങളാണുള്ളത്. പാൽ ചൂടാകുമ്പോൾ അതിലെ വെള്ളം ബാഷ്പീകരിക്കാൻ തുടങ്ങുന്നു. പാലിലുള്ള പ്രോട്ടീനുകൾ ചൂടിന്റെ സ്വാധീനത്തിൽ മാറ്റങ്ങൾക്ക് വിധേയമാകുകയും കൊഴുപ്പ് ഘടകങ്ങളുമായി ചേർന്ന് പാലിന്റെ ഉപരിതലത്തിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. പാലിൽ അടങ്ങിയ കേസീൻ, വേ പ്രോട്ടീൻ എന്നിവയാണ് ഈ പ്രക്രിയയിൽ പങ്കുവഹിക്കുന്നത്. ചൂട് കൂടുന്നതിനനുസരിച്ച് പ്രോട്ടീനുകൾ പരസ്പരം ചേർന്ന് നേർത്തൊരു പാളി രൂപപ്പെടുത്തുന്നു. ഇതാണ് പാലിന് മുകളിൽ കാണുന്ന പാട.
ചൂടുള്ള പാലിന്റെ ഉപരിതലത്തിൽ രൂപപ്പെട്ട പാളി തണുക്കുന്നതിനനുസരിച്ച് കൂടുതൽ കട്ടിയാകാം. പാലിന്റെ ഉപരിതലത്തിൽ ഈർപ്പം നഷ്ടപ്പെടുന്നതും കൊഴുപ്പും പ്രോട്ടീനുകളും ചേർന്ന് പാളി രൂപപ്പെടുത്തുന്നതുമാണ് ഇതിന് കാരണം. അതുകൊണ്ടാണ് പാൽ തണുത്തു കഴിഞ്ഞാൽ മുകളിൽ കട്ടിയുള്ള പാട കാണപ്പെടുന്നത്.
പാലിന് മുകളിൽ രൂപപ്പെടുന്ന പാടയിൽ പ്രോട്ടീൻ, കൊഴുപ്പ്, കാൽസ്യം തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണ്. പാട കളയുന്നതുകൊണ്ട് പാലിന്റെ പോഷകഘടകങ്ങളുടെ ഒരു ഭാഗം നഷ്ടപ്പെടാനും സാധ്യതയുണ്ട്. പാട ഇഷ്ടമില്ലാത്തവർക്ക് അത് മാറ്റിക്കളയാം.
പാലിന് മുകളിൽ പാട രൂപപ്പെടുന്നത് പൂർണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് കുറയ്ക്കാം.
ഇടയ്ക്കിടെ ഇളക്കുക: പാൽ ചൂടാകുമ്പോൾ ഇടയ്ക്കിടെ തവിയോ സ്പൂണോ ഉപയോഗിച്ച് ഇളക്കുന്നത് ഉപരിതലത്തിൽ പാട രൂപപ്പെടുന്നത് തടയാൻ സഹായിക്കും.
പാത്രം മൂടിവയ്ക്കുക: പാൽ ചൂടാക്കുമ്പോൾ പാത്രം മൂടിവയ്ക്കുന്നത് ഉപരിതലത്തിലെ ജലബാഷ്പീകരണം കുറയ്ക്കാൻ സഹായിക്കും. എന്നാൽ പാൽ തിളച്ച് പുറത്തേക്ക് ഒഴുകാതിരിക്കാൻ ശ്രദ്ധിക്കണം.
കുറഞ്ഞ തീയിൽ ചൂടാക്കുക: ഉയർന്ന തീയിൽ പാൽ വേഗത്തിൽ ചൂടാക്കുന്നതിനു പകരം മിതമായ തീയിൽ ചൂടാക്കുന്നത് നല്ലതാണ്.
തണുക്കുമ്പോഴും ശ്രദ്ധിക്കാം: തിളപ്പിച്ച പാൽ തണുക്കാൻ വയ്ക്കുമ്പോൾ ഇടയ്ക്കിടെ ഇളക്കുന്നത് പാട കട്ടിയാകുന്നത് കുറയ്ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates