പഴയകാല കീപാഡ് ഫോണുകളെ ഓര്‍മപ്പെടുത്തുന്ന പുതിയ ലൈറ്റ് ഫ്‌ലിപ്പ് ഫോണ്‍ അവതരിപ്പിച്ച് ബ്രൂക്ലിന്‍ ആസ്ഥാനമായുള്ള 'ലൈറ്റ്' എന്ന കമ്പനി. റെട്രോ ഡിസൈനില്‍ അവതരിപ്പിച്ച ഫോണില്‍ കോളിങ്, ടെക്സ്റ്റിങ്, അലാറം, നാവിഗേഷന്‍, നോട്ട്‌സ്, കലണ്ടര്‍, കാല്‍ക്കുലേറ്റര്‍, ഹോട്ട്സ്പോട്ട് തുടങ്ങിയ ടൂളുകളാണുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയ, വെബ് ബ്രൗസിങ്, എഐ ഫീച്ചറുകള്‍ തുടങ്ങിയവ ഒന്നും കിട്ടില്ല. സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.
ആപ്പുകളോ സോഷ്യല്‍ മീഡിയയോ ഇമെയിലോ ഇല്ലാത്ത ലളിതമായ ഫോണാണിത്. 18 മുതല്‍ 30 വയസ്സുവരെയുള്ള, സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തുനിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവരെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. പഴയ ഫോണുകളിലേതുപോലെ അക്കങ്ങള്‍ അമര്‍ത്തി അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്ന T9 കീബോര്‍ഡ് സംവിധാനമാണ് ഇതില്‍ മെസേജ് അയക്കാന്‍ ഉപയോഗിക്കുന്നത്.
ഫോണില്‍ ഡി-പാഡും ഫങ്ഷന്‍ ബട്ടണുകളുമാണ് ഉപയോഗിക്കുന്നത്. ഗെയിമിങ് കണ്‍സോളുകള്‍ക്ക് സമാനമായ ട്രയാംഗിള്‍, സ്‌ക്വയര്‍ ബട്ടണുകളും ഇതിലുണ്ട്. ലളിതമാണെങ്കിലും മികച്ച ഹാര്‍ഡ്വെയര്‍ സവിശേഷതകളാണ് ഇതില്‍.
ഫ്‌ലിപ്പ് യുവര്‍ ലൈഫ്: സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിര്‍ത്തി ഈ ഫോണിലേക്ക് മാറാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഒമ്പതു മാസത്തെ 'ഫ്‌ലിപ്പ് യുവര്‍ ലൈഫ്' എന്നൊരു പ്രത്യേക കമ്മ്യൂണിറ്റി പ്രോഗ്രാമും കമ്പനി നല്‍കുന്നുണ്ട്.
മീഡിയടെക് MT8873 പ്രോസസറും 6GB റാമും 128GB ഇന്റേണല്‍ സ്റ്റോറേജും ഉള്ള ഫോണിന് 2.8 ഇഞ്ച് OLED മാറ്റ് ഗ്ലാസ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 1,800mAh ബാറ്ററി സെല്ലിന്റെ പിന്തുണയോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം 6 GB റാമും 128 GB സ്റ്റോറേജുമുണ്ട്. 50 MP റിയര്‍ കാമറയും, മികച്ച ബാക്കപ്പ് നല്‍കുന്ന 1800 mAh ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5G, 4G LTE, ബ്ലൂടൂത്ത് 5.0, ടൈപ്പ്-സി 2.0 പോര്‍ട്ട്, 3.5mm ഹെഡ്ഫോണ്‍ ജാക്ക്, നാനോ സിം+ ഇ-സിം സപ്പോര്‍ട്ട് എന്നിവ ഇതിലുണ്ട്. രണ്ട് മൈക്കുകളും രണ്ട് സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്.
കറുപ്പ്, നേവി, ചുവപ്പ്, പിങ്ക്, മഞ്ഞ, ഗ്രേ എന്നിങ്ങനെ ആറു ആകര്‍ഷകമായ നിറങ്ങളിലാണ് ലൈറ്റ് ഫ്‌ലിപ്പ് ലഭ്യമാകുന്നത്. ഇത് നിലവില്‍ പ്രീ-ഓര്‍ഡറിനായി ലഭ്യമാണ്. 2027 ഏപ്രില്‍ മുതലായിരിക്കും ഫോണിന്റെ വിതരണം ആരംഭിക്കുക. ഫോണിന് 299 ഡോളറാണ് വില(ഏകദേശം 28,870 രൂപ). ഇന്ത്യയിലോ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലോ ഉള്ള ഉപഭോക്താക്കള്‍ക്ക് ഈ ഫോണ്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates