children Mental Health Pinterest
Health

'നിന്നെ എന്തിന് കൊള്ളാം!' മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്, കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന 5 കാര്യങ്ങൾ | Children's Day

കുട്ടികൾ പറയുന്ന ഓരോ കാര്യവും കേൾക്കാനും അവരുടെ വികാരങ്ങളെ മനസ്സിലാക്കാനും മാതാപിതാക്കൾ തയ്യാറാകണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

കുട്ടികളുടെ സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്. സമ്മാനങ്ങളും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും വാങ്ങിനൽകുന്നതിനൊപ്പം അവരുടെ മനസികാരോ​ഗ്യത്തെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. കുട്ടികളുടെ നല്ല ഭാവി ആ​ഗ്രഹിച്ച് മാതാപിതാക്കൾ ചെയ്യുന്ന പല കാര്യങ്ങളും അറിയാതെയാണെങ്കിലും അവരുടെ മനസ്സിനെ വേദനിപ്പിക്കാം.

പഠനത്തിലെ സമ്മർദം, മറ്റുള്ളവരുമായി താരതമ്യം ചെയ്യൽ, കുട്ടികളുടെ വികാരങ്ങളെ നിസാരമായി കാണുക തുടങ്ങിയവ അവരുടെ ആത്മവിശ്വാസത്തെയും പെരുമാറ്റത്തെയും മാനസികാരോ​ഗ്യത്തെയും ബാധിക്കാം. കുട്ടികൾ പറയുന്ന ഓരോ കാര്യവും കേൾക്കാനും അവരുടെ വികാരങ്ങളെ മനസ്സിലാക്കാനും മാതാപിതാക്കൾ തയ്യാറാകണം.

കുട്ടികളുടെ മാനസ്സികാരോ​ഗ്യത്തെ ബാധിക്കുന്ന 5 തെറ്റുകൾ

മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത്

"അവനെ കണ്ടുപഠിക്ക്", "നിന്റെ കൂട്ടുകാരിക്ക് നല്ല മാർക്ക് കിട്ടിയല്ലോ", "നിനക്ക് മാത്രം എന്താണ് ഇത്ര ബുദ്ധിമുട്ട്?" തുടങ്ങിയ വാക്കുകൾ പല വീടുകളിലും പതിവാണ്. കുട്ടികളെ കൂടുതൽ നന്നായി പഠിക്കാനും മുന്നേറാനും പ്രേരിപ്പിക്കാനാണ് മാതാപിതാക്കൾ ഇങ്ങനെ പറയുന്നത്. എന്നാൽ ഇത്തരം താരതമ്യങ്ങൾ കുട്ടികളിൽ അപകർഷതാബോധവും ആത്മവിശ്വാസക്കുറവും വളർത്താം.

ഓരോ കുട്ടിക്കും അവരുടേതായ കഴിവുകളും പഠനരീതികളും വളർച്ചയുടെ വേഗവുമുണ്ട്. മറ്റുള്ളവരുടെ നേട്ടങ്ങളുമായി താരതമ്യം ചെയ്യുന്നതിനുപകരം കുട്ടിയുടെ സ്വന്തം പുരോഗതിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. ചെറിയ നേട്ടങ്ങൾ പോലും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

കുട്ടികളുടെ വികാരങ്ങളെ നിസാരമായി കാണുന്നത്

കുട്ടികൾ കരയുമ്പോൾ, അവരുടെ വികാരങ്ങളെ അവ​ഗണിക്കുന്നതും നിശബ്ദരാക്കുന്നതും അവരിൽ വലിയ ആഘാതമുണ്ടാക്കാം. സങ്കടം, ദേഷ്യം, പേടി, നിരാശ തുടങ്ങിയ വികാരങ്ങൾ കുട്ടികളിലും സ്വാഭാവികമാണ്. അവ പ്രകടിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകണം. കരയുന്നതോ വിഷമം പറയുന്നതോ തെറ്റല്ലെന്ന് അവരെ ബോധ്യപ്പെടുത്തുക. അവരുടെ വികാരങ്ങളെ അംഗീകരിക്കുകയും എന്താണ് വിഷമമെന്ന് ചോദിച്ചറിയുകയും ചെയ്യുക. ഇത് മാതാപിതാക്കളോടുള്ള വിശ്വാസം വർധിപ്പിക്കും.

പഠനത്തിനും മാർക്കിനും സമ്മ‍ദം വേണ്ട

നല്ല മാർക്ക് വേണം, ക്ലാസിൽ ഒന്നാമതെത്തണം, സ്കൂളിൽ എല്ലാ മേഖലയിലും മികവു പുലർത്തണം തുടങ്ങിയ പ്രതീക്ഷകൾ കുട്ടികളിൽ അമിത സമ്മർദം ഉണ്ടാക്കും. പഠനത്തിനൊപ്പം കളിക്കാനും വിശ്രമിക്കാനും ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടാനും കുട്ടികൾക്ക് സമയം ആവശ്യമാണ്.

മാ‍ർക്ക് കുറഞ്ഞാൽ ശകാരിക്കുന്നതും മറ്റുള്ളവരുടെ മുന്നിൽ കുറ്റപ്പെടുത്തുന്നതും കുട്ടികളിൽ പരാജയഭീതി വള‍ർത്താം. മാർക്കിനേക്കാൾ പഠിക്കാനുള്ള താൽപര്യത്തിനും പരിശ്രമത്തിനും പ്രാധാന്യം നൽകണം. തെറ്റുകൾ സംഭവിക്കുന്നത് പഠനത്തിന്റെ ഭാഗമാണെന്ന് കുട്ടികളെ മനസിലാക്കിക്കൊടുക്കുക.

കുട്ടികളുടെ അഭിപ്രായങ്ങൾക്ക് വില നൽകാതിരിക്കുന്നത്

മുതിർന്നവരെ പോലെ കുട്ടികൾക്കും ബഹുമാനം നൽകി ശീലിക്കണം. വീട്ടിലെ ചെറിയ തീരുമാനങ്ങളിൽ പോലും കുട്ടികളുടെ അഭിപ്രായം ചോദിക്കുമ്പോൾ അവർക്ക് തങ്ങളുടെ വാക്കുകൾക്ക് വിലയുണ്ടെന്ന തോന്നൽ ഉണ്ടാക്കും. കുട്ടികൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കാനും അഭിപ്രായങ്ങൾ തുറന്നുപറയാനും അവസരം നൽകണം.

അവരുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയുന്നില്ലെങ്കിലും അത് ക്ഷമയോടെ കേൾക്കുക. കുട്ടികളുടെ പ്രായത്തിനും സാഹചര്യത്തിനും അനുസരിച്ചുള്ള ചെറിയ തീരുമാനങ്ങൾ എടുക്കാൻ അവരെ അനുവദിക്കുന്നത് സ്വതന്ത്രചിന്തയും ആത്മവിശ്വാസവും വളർത്തും.

കുട്ടികളോടൊപ്പം സമയം ചെലവഴിക്കാതിരിക്കുന്നത്

കുട്ടികൾക്ക് വിലകൂടിയ കളിപ്പാട്ടങ്ങളോ സമ്മാനങ്ങളോ നൽകുന്നതിലുപരി ആവശ്യമുള്ളത് മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവുമാണ്. ജോലിത്തിരക്ക്, മൊബൈൽ ഫോൺ, മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവ കാരണം കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെ പോകുന്ന സാഹചര്യം പല കുടുംബങ്ങളിലുമുണ്ട്.

കുട്ടികൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുക, ഒരുമിച്ചിരിക്കുമ്പോഴും ഫോണിൽ മുഴുകിയിരിക്കുക, അവരുടെ വിശേഷങ്ങൾ ചോദിക്കാൻ സമയം കണ്ടെത്താതിരിക്കുക തുടങ്ങിയവ കുട്ടികളിൽ ഒറ്റപ്പെടൽ തോന്നലുണ്ടാക്കാം.

ദിവസവും കുറച്ചുസമയമെങ്കിലും കുട്ടികൾക്കായി മാറ്റിവയ്ക്കുക. അവരോടൊപ്പം കളിക്കുക, കഥകൾ വായിക്കുക, സ്കൂളിലെ വിശേഷങ്ങൾ ചോദിച്ചറിയുക, ഇഷ്ടമുള്ള കാര്യങ്ങളിൽ പങ്കുചേരുക. കുട്ടികൾക്ക് തങ്ങളുടെ കാര്യങ്ങൾ തുറന്നുപറയാൻ കഴിയുന്ന സുരക്ഷിതമായ ഇടമായി വീട് മാറണം.

കുട്ടികളിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സങ്കടം, അമിതമായ ഉത്കണ്ഠ, ഉറക്കക്കുറവ്, സാമൂഹിക ഇടപെടലുകളിൽ നിന്ന് പിന്മാറൽ തുടങ്ങിയ മാറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ വിദഗ്ധസഹായം തേടുന്നതും പ്രധാനമാണ്. മാതാപിതാക്കൾ എപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്നാൽ കുട്ടികളുടെ മനസ് മനസിലാക്കാൻ ശ്രമിക്കുന്നവരായിരിക്കണം. കുട്ടികളുടെ ദിനത്തിൽ അവർക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം വിലകൂടിയ കളിപ്പാട്ടമല്ല, മറിച്ച് സ്നേഹവും പരിഗണനയും ശ്രദ്ധയുമാണെന്ന് ഓരോ മാതാപിതാക്കളും മനസ്സിലാക്കണം.

Children's Mental Health: 5 Parenting Mistakes Parents Make Without Realising

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന്‍ നിര്‍ത്താന്‍ ഉത്തരവ്

'ഞങ്ങള്‍ക്കൊപ്പം വലിയൊരു തിമംഗലും കൂടെ വരുന്നുണ്ട്'; ബോക്‌സ് ഓഫീസില്‍ അച്ഛന്‍-മകന്‍ പോര്; ദുല്‍ഖറിന്റെ പ്രതികരണം

കൊച്ചിയെ ഇളക്കിമറിച്ച് ദുൽഖർ; ആവേശത്തിരനിറച്ച് എഒ‌ടി പ്രീ-റിലീസ് ഇവന്റ്

കിവീസ് മണ്ണില്‍ ഇന്ത്യന്‍ പേസിന് കരുത്തേകാന്‍ ഗുര്‍നൂര്‍ ബ്രാര്‍; ടെസ്റ്റ് ടീമില്‍ നിന്ന് കുല്‍ദീപ് പുറത്ത്

'എന്നെ ഒഴിവാക്കിയെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ദോഷകരം, വേദനയുണ്ടാക്കുന്നു'; ബോര്‍ഡ് നിയമനത്തില്‍ ലീഗില്‍ അതൃപ്തി പുകയുന്നു, പ്രതിഷേധം സോഷ്യല്‍മീഡിയില്‍