

മലപ്പുറം: യുഡിഎഫ് സര്‍ക്കാരില്‍ മുസ്ലിം ലീഗിന് അനുവദിച്ച 35 ബോര്‍ഡുകളിലും കോര്‍പറേഷനുകളിലേക്കുമുള്ള നിയമനങ്ങള്‍ അന്തിമമാക്കുന്നതിനിടെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലെ നേതാക്കളെ പരിഗണിച്ചുള്ള നിയമനങ്ങള്‍ ഘട്ടംഘട്ടമായി പ്രഖ്യാപിക്കുമ്പോള്‍, അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ഒരു വിഭാഗം നേതാക്കളും അവരുടെ അനുയായികളും രംഗത്തെത്തിയിട്ടുണ്ട്.
നിയമനങ്ങള്‍ സംബന്ധിച്ച അനിശ്ചിതത്വവും പ്രഖ്യാപനങ്ങളിലെ കാലതാമസവും സ്ഥാനമോഹികളായ നേതാക്കള്‍ക്കിടയില്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി ഷാഫി ചാലിയത്തെ പ്രധാന പദവികളിലേക്ക് പരിഗണിക്കാത്തതിനെച്ചൊല്ലിയുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയയിലും ശക്തമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള നിയമനത്തിലും അദ്ദേഹത്തെ തഴഞ്ഞെന്നാണ് അനുയായികളുടെ വിമര്‍ശനം. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും പാര്‍ട്ടിക്കുവേണ്ടി നിരന്തരം നിലകൊണ്ടിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍, തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് ഷാഫി തന്നെ ആവശ്യപ്പെട്ടു. ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
'എന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ വേദനയുണ്ടാക്കുന്നതാണ്. എന്റെ മണ്ഡലത്തില്‍ എംസി മായിന്‍ ഹാജി, ഉമര്‍ പാണ്ടികശാല എന്നീ രണ്ട് പ്രമുഖ നേതാക്കളുണ്ട്. ചെറുപ്പം മുതല്‍ അവരെ ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. ഈ നേതാക്കള്‍ക്കൊപ്പം സംസ്ഥാനതല ഭാരവാഹിയായി എന്നെ നിയോഗിച്ചത് മുസ്ലിം ലീഗാണ്. അങ്ങനെയൊരു നേതൃത്വം എന്നെ അവഗണിച്ചെന്ന് ആരോപിക്കുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കാനേ ഉപകരിക്കൂ. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഇത്തരം ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കണം,'- അദ്ദേഹം സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞു.
അതേസമയം, ഏറ്റവും ഒടുവിലത്തെ നിയമന പട്ടികയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി ശ്യാംസുന്ദര്‍, ടിഎം സലീം എന്നിവര്‍ ഇടംപിടിച്ചു. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സില്‍ക്) ചെയര്‍മാനായി പിഎംഎ സലാമിനെയും കേരള സ്റ്റേറ്റ് മിനറല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഎംഡെല്‍) തലപ്പത്തേക്ക് സി ശ്യാംസുന്ദറിനെയും കേരള ഓട്ടോമൊബൈല്‍സിന്റെ (കെഎഎല്‍) ചെയര്‍മാനായി ടിഎം സലീമിനെയും നിശ്ചയിച്ചു.
ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദിനെ സിഡ്‌കോ ചെയര്‍മാനായും പരിഗണിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് റഷീദും ചെയര്‍മാന്‍ പദവി ലഭിക്കുന്നവരുടെ പട്ടികയിലുണ്ട്. നിയമനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിയമനം പാര്‍ട്ടിയെയും സ്ഥാപനത്തെയും സേവിക്കാനുള്ള അവസരമായാണ് കാണുന്നതെന്ന് സി ശ്യാംസുന്ദര്‍ പറഞ്ഞു. 'ഈ അവസരം നല്‍കിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, പാര്‍ട്ടി എന്നിവരോട് ഏറെ സന്തോഷവും നന്ദിയുമുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിക്കും,'- അദ്ദേഹം പറഞ്ഞു. നിയമനങ്ങള്‍ പ്രഖ്യാപിക്കാന്‍ പാര്‍ട്ടി പ്രത്യേക ചടങ്ങ് സംഘടിപ്പിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവുകള്‍ വന്നാല്‍ അതത് അധ്യക്ഷന്മാര്‍ ചുമതലയേല്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തവണയും സ്ഥാനങ്ങള്‍ വീതംവെക്കുന്നത്. 35ലധികം ചെയര്‍മാന്‍ പദവികള്‍ ലീഗിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ ഡോ. എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള റൂറല്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി (ആര്‍ഇഡബ്ല്യുഎസ്) ചെയര്‍മാനായി ലീഗ് വയനാട് ജില്ലാ ഭാരവാഹി യഹ്യാഖാന്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. യൂത്ത് ലീഗ്, വനിതാ ലീഗ് തുടങ്ങിയ പോഷക സംഘടനകളുടെ പ്രതിനിധികളെയും ശേഷിക്കുന്ന പദവികളില്‍ പരിഗണിക്കുമെന്നാണ് സൂചന. എന്നാല്‍, സംഘടനാ തലത്തിലുള്ള പ്രാതിനിധ്യവും വ്യക്തിഗത അവകാശവാദങ്ങളും ഒരുപോലെ പരിഗണിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം പാര്‍ട്ടിക്കുള്ളില്‍ പുതിയ അതൃപ്തികള്‍ക്ക് വഴിവെക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates