ഒരു ശസ്ത്രക്രിയ എന്നത് ഏതെങ്കിലും ഒരു ഡോക്ടറുടെ 'വൺ മാൻ ഷോ' അല്ല. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന സർജിക്കൽ 'സേഫ്റ്റി ചെക്ക് ലിസ്റ്റ്' പ്രകാരമാവണം ഓരോ ശസ്ത്രക്രിയയും നടക്കേണ്ടത്. ഒരു രോഗിയ്ക്ക് ഏതെങ്കിലും സർജറി ചെയ്യുമ്പോൾ ഡോക്ടമാർ അടങ്ങുന്ന ടീം ശ്രദ്ധിക്കേണ്ടതും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമായ കാര്യങ്ങളാണ് ആ ലിസ്റ്റിലുള്ളതെന്ന് ഡോ. മനോജ് വെള്ളനാട് ഫേയ്സ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു.
ആലപ്പുഴയിൽ അഞ്ച് വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയതിനെ പിന്നാലെ വണ്ടാനം മെഡിക്കൽ കോളജിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
സർജിക്കൽ ഉപകരണങ്ങളുടെ എണ്ണം കുറയാതെ അതുപോലെ തന്നെ തിരികെക്കൊണ്ടു പോകുവാണെന്ന് ഫ്ലോർ നഴ്സ് ഉറപ്പുവരുത്തി സേഫ്റ്റി ചെക്ക് ലിസ്റ്റിൽ എഴുതണം. അങ്ങനെ ഓരോന്നിൻ്റെയും എണ്ണം ശരിയാണെന്ന് നഴ്‌സ് ഉറപ്പ് പറയുമ്പോഴാണ് സർജൻ ഉണ്ടാക്കിയ മുറിവ് തുന്നിക്കെട്ടി തുടങ്ങുന്നത്. സേഫ്റ്റി ചെക്ക് ലിസ്റ്റ് കൃത്യമായി പാലിച്ചാൽ തന്നെ 99.9 ശതമാനവും ഈ വക 'ഹ്യൂമൻ എററുകൾ' ഒഴിവാക്കാനാവും. ഓരോ ആശുപത്രിയിലും അത് നിർബന്ധമാക്കണം. പാലിക്കപ്പെടുന്നുണ്ടെന്ന് കൃത്യമായി മോണിറ്റർ ചെയ്യണമെന്നും അദ്ദേഹം പറയുന്നു.
ആളുമാറിയും അവയവം മാറിയും സൈഡ് മാറിയും ഒക്കെ സർജറി ചെയ്യുന്നത് ഗുരുതരമായ പ്രശ്നങ്ങൾ തന്നെയാണ്. അതുപോലെ തന്നെ ഗുരുതരമായ ഒന്നാണ് ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത്. അത് മറവിയല്ല വലിയ പിഴവാണ്. മുൻകാലങ്ങളിൽ അത് കൂടുതലായിരുന്നു. ഇന്നത് ഏറെക്കുറെ അപൂർവ്വം എന്ന് തന്നെ പറയാം. കാരണം, ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ആശുപത്രികളിൽ പല തലങ്ങളിലുള്ള മുൻകരുതലുകൾ എടുക്കാറുണ്ട്. എന്നിട്ടും ഇപ്പോഴും അത്തരം സംഭവങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിൽ ദൗർഭാഗ്യകരമാണെന്നേ പറയാൻ പറ്റൂ.
ഇത് ആറേഴ് വർഷം മുമ്പ് എഴുതിയ കുറിപ്പാണ്. സമാനമായ ഒരു സംഭവം മഞ്ചേരിയിലോ കോഴിക്കോടോ നടന്നപ്പോൾ. ഇപ്പോൾ ആലപ്പുഴ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ റീപോസ്റ്റ് ചെയ്യുന്നു.
*****
ലോകാരോഗ്യ സംഘടനയുടെ 'സർജിക്കൽ സേഫ്റ്റി ചെക്ക് ലിസ്റ്റ്' എന്നൊരു സംഗതിയുണ്ട്. ഒരു രോഗിയ്ക്ക് ഏതെങ്കിലും സർജറി ചെയ്യുമ്പോൾ ആ ടീം ശ്രദ്ധിക്കേണ്ടതും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമായ കാര്യങ്ങളാണ് ആ ലിസ്റ്റിലുള്ളത്. ഗൂഗിൾ ചെയ്താൽ നിങ്ങൾക്കതിന്റെ ഫോർമാറ്റ് കിട്ടും. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഇപ്പോൾ എല്ലാ സർജറിയിലും ഇത് ഉപയോഗിക്കുന്നുണ്ട് എന്നാണെൻ്റെ വിലയിരുത്തൽ. ഇത്തിരി മെനക്കെട്ട പരിപാടിയാണ്. പക്ഷെ ആ മെനക്കേടിന് ഗുണമേ ഉള്ളൂ.
ഒരു സർജറിയെന്നാൽ ഒരു ടീം വർക്കാണ്. ആ ടീമിൽ ഓപറേഷൻ ചെയ്യുന്ന ഡോക്ടർ, അസിസ്റ്റന്റ് ഡോക്ടർമാർ, അനസ്തേഷ്യ ഡോക്ടർ, അവരുടെ അസിസ്റ്റന്റ് ഡോക്ടർമാർ, സ്ക്രബ് നഴ്സ് (1 or more), ഫ്ലോർ നഴ്‌സ് എന്നിവർ ഉൾപ്പെടും. സഹായിക്കാൻ വേറെയും ആൾക്കാരുണ്ടാവും. മെയിൻ സർജനാണ് ടീം ലീഡറെങ്കിലും മേൽപ്പറഞ്ഞ ഓരോരുത്തർക്കും കൃത്യമായ റോളും ഉത്തരവാദിത്തവും ഉണ്ട്.
ഈ പറഞ്ഞ സർജിക്കൽ സേഫ്റ്റി ചെക്ക്ലിസ്റ്റ് (SSC) രോഗിയുടെ മെഡിക്കൽ റെക്കോർഡിൽ ഒട്ടിച്ചുവയ്ക്കും. ഈ SSC ന് മൂന്ന് ഭാഗങ്ങളുണ്ട്. അതിലാദ്യഭാഗം (Sign in) തുടങ്ങുന്നത് രോഗിയിതു തന്നെയെന്ന് ഉറപ്പു വരുത്തിക്കൊണ്ടാണ്. രോഗിയുടെ കൈയിൽ പേര്, വയസ്, IP നമ്പർ, ചെയ്യുന്ന സർജറി എന്നിവ രേഖപ്പെടുത്തിയ ഒരു ടാഗുണ്ടാവും. ഏതുരോഗം, ഏതു സൈഡിൽ എന്നൊക്കെ എല്ലാവർക്കും അറിയാമെങ്കിലും വീണ്ടും ഉറപ്പുവരുത്തണം. അനസ്തേഷ്യ നൽകുന്ന ഡോക്ടറും അവർക്ക് വേണ്ട വിവരങ്ങൾ വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തി SSC യിൽ മാർക്ക് ചെയ്യണം.
രോഗിക്കും ചിലപ്പോഴൊക്കെ ഡോക്ടർമാർക്കും തമാശയാവുന്ന ചില കാര്യങ്ങളുണ്ട്. അതിന്റെ ഒരു സാമ്പിൾ ഇങ്ങനെയാണ് -
"ഞാൻ ഡോ. A യും എന്റെ ടീം അംഗങ്ങളായ ഡോ. B യും ഡോ.C യും മിസ്റ്റർ M-ന് S എന്ന സർജറിയാണ് ചെയ്യാൻ പോകുന്നത്. Mr.M ന് D എന്ന രോഗമായതിനാലാണ് ഇത്. സർജറി ഏകദേശം മൂന്ന് മുതൽ നാലു മണിക്കൂർ വരെ നീണ്ടുനിൽക്കാം. ഏതാണ്ട് 500 മുതൽ 750 ml വരെ രക്തനഷ്ടം പ്രതീക്ഷിക്കുന്നു."
ഇത് കഴിഞ്ഞ് അനസ്തേഷ്യ ടീമും പിന്നെ നഴ്സും ഇതുപോലെ സ്വയം പരിചയപ്പെടുത്തുകയും സ്വന്തം റോളെന്താണെന്ന് പറയുകയും ചെയ്യണം. ഇതൊക്കെ കേട്ട്, ബോധമുള്ള രോഗിയാണെങ്കിൽ 'നിന്ന് കഥാപ്രസംഗം നടത്താതെ തേങ്ങയുടക്ക് സാറേ' എന്ന് പറഞ്ഞാലും അതിശയിക്കണ്ടാ.
എപ്പോഴും ഈ കഥാപ്രസംഗ കലാപരിപാടി ഇല്ലെങ്കിലും SSC കൃത്യമായി മെയ്ൻറയ്ൻ ചെയ്യുന്നുണ്ട്. ചെയ്യണം. ഈ വക കഥയെഴുത്തും കഥാപ്രസംഗങ്ങളും തേങ്ങയുടപ്പും ഒക്കെ കഴിഞ്ഞ് താൻ കൊണ്ടുവന്ന കത്തി, കഠാര, പഞ്ഞി തുടങ്ങിയ സർജിക്കൽ ഉപകരണങ്ങളൊക്കെ എണ്ണം കുറയാതെ അതുപോലെ തന്നെ തിരികെക്കൊണ്ടു പോകുവാണെന്ന് ഫ്ലോർ നഴ്സ് ഉറപ്പുവരുത്തി SSC യിൽ എഴുതണം. അങ്ങനെ ഓരോന്നിൻ്റെയും എണ്ണം ശരിയാണെന്ന് നഴ്‌സ് ഉറപ്പ് പറയുമ്പോഴാണ് സർജൻ ഉണ്ടാക്കിയ മുറിവ് തുന്നിക്കെട്ടി തുടങ്ങുന്നത്. രോഗിയെ തിരികെ വാർഡിലേക്കോ ICU വിലേക്കോ വിടുന്നതു വരെയുള്ള കാര്യങ്ങൾ SSC-യിൽ രേഖപ്പെടുത്തണം.
ഇത്രയും പറഞ്ഞത്, ഒരു മേജർ സർജറിയെന്നാൽ ഏതെങ്കിലും ഒരു ഡോക്ടർ ഒറ്റയ്ക്ക് ചെയ്യുന്ന 'വൺ മാൻ ഷോ' അല്ല എന്ന് പറയാനാണ്. ടീമിലെ ഓരോരുത്തർക്കും ഓരോ സ്റ്റെപ്പിലും ഉത്തരവാദിത്തമുണ്ട്.
പിഴവുകൾ മനുഷ്യസഹജമാണ്. പക്ഷെ അതാവർത്തിക്കുന്നത് ഗുരുതരമാണ്. നിരുത്തരവാദപരമാണ്.
ഇത്തരം പിഴവുകൾ ഉണ്ടാവാതിരിക്കാനാണ് WHO 'സർജിക്കൽ സേഫ്റ്റി ചെക്ക്ലിസ്റ്റ്' ഒക്കെ ഉണ്ടാക്കിയത്. മേൽപ്പറഞ്ഞ പോലെ കഥാപ്രസംഗമൊന്നും നടത്തിയില്ലെങ്കിലും ആ SSC കൃത്യമായി പാലിച്ചാൽ തന്നെ 99.9 ശതമാനവും ഈ വക 'ഹ്യൂമൻ എററുകൾ' ഒഴിവാക്കാനാവും. ഓരോ ആശുപത്രിയിലും അത് നിർബന്ധമാക്കണം. പാലിക്കപ്പെടുന്നുണ്ടെന്ന് കൃത്യമായി മോണിറ്റർ ചെയ്യണം. എന്നിട്ടും പിഴവുകളുണ്ടാവുന്നുണ്ടെങ്കിൽ ശിക്ഷ ഉത്തരവാദിത്തപ്പെട്ട ഓരോരുത്തർക്കും വീതിച്ച് നൽകുകയും വേണം.
(ആലപ്പുഴയിൽ സംഭവിച്ചത് എന്താണെന്ന് അറിയില്ല. പക്ഷെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എന്ന് മാത്രം)
മനോജ് വെള്ളനാട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates