ശരീരഭാരം കുറയ്ക്കാൻ പല പരീക്ഷണങ്ങൾ പയറ്റിമടുത്തവർ നിരവധി ആളുകളുണ്ടാകും. കൊഴുപ്പ് മാത്രമല്ല, വിട്ടുമാറാത്ത ശരീര വീക്കവും തടി കൂടാൻ കാരണമാകും. അത് പലപ്പോഴും നമ്മൾ അവഗണിക്കാറുണ്ട്. ശരീരവീക്കം (Inflammation) നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. മുറിവുകൾ, അണുബാധ, വിഷാംശങ്ങൾ എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനാണ് ഇത് സംഭവിക്കുന്നത്.
എന്നാൽ ദീർഘകാലം തുടരുന്ന ക്രോണിക് ഇൻഫ്ലമേഷൻ ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം, സന്ധിവാതം, ചില കാൻസറുകൾ എന്നിവയുടെ സാധ്യത വർധിപ്പിക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തുന്നത് ശരീരവീക്കം നിയന്ത്രിക്കാൻ സഹായിക്കും.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ (Curcumin) എന്ന ഘടകം ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ശരീരത്തിലെ വീക്കം കുറയ്ക്കാനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ശുദ്ധമായ മഞ്ഞൾ ചേർത്ത പാൽ, കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.
ഇഞ്ചിയിലെ ജിംജറോൾ എന്ന ഘടകം ശരീരത്തിലെ വിട്ടുമാറത്ത വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. സന്ധിവേദന, പേശിവേദന എന്നിവയുള്ളവർക്ക് ഇഞ്ചി സ്ഥിരമായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇഞ്ചി ഭക്ഷണത്തിൽ ചേർക്കുന്നതിം ഇഞ്ചിച്ചായയായി കുടിക്കുന്നതും ഗുണകരമാണ്.
സാൽമൺ, മത്തി പോലുള്ളവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ചീര, മുരിങ്ങയില, പാലക് ചീര തുടങ്ങിയ ഇലക്കറികൾ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയവയാണ്. ഇവ നമ്മുടെ കോശങ്ങളെ സംരക്ഷിക്കുകയും ശരീര വീക്കം നിയന്ത്രിക്കുകയും ചെയ്യും.
ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആന്റിഓക്സിഡന്റുകൾ കൂടുതലാണ്. ഇവ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറച്ച് ഇൻഫ്ലമേഷൻ നിയന്ത്രിക്കാൻ സഹായിക്കും.
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപ്പീൻ എന്ന ആന്റിഓക്സിഡന്റ് വീക്കം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. തക്കാളി പച്ചയ്ക്കോ കറിവെച്ചോ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
ബദാം, വാൾനട്ട് തുടങ്ങിയ നട്സുകളിൽ ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യത്തിനും ശരീര വീക്കം കുറയ്ക്കുന്നതിനും ഗുണകരമാണ്.
എക്സ്ട്രാ വർജിൻ ഒലീവ് ഓയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. സലാഡുകളിലും ആരോഗ്യകരമായ പാചകങ്ങളിലും ഇത് ഉപയോഗിക്കാം.
വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ എന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒന്നോ രണ്ടോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിച്ചാൽ പോരാ. ചില ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുകയും വേണം
അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ
സോഫ്റ്റ് ഡ്രിങ്കുകളും മധുരപാനീയങ്ങളും
പ്രോസസ്ഡ് ഫുഡുകൾ
ഫാസ്റ്റ് ഫുഡ്
വറുത്ത ഭക്ഷണങ്ങൾ
ട്രാൻസ് ഫാറ്റ് അടങ്ങിയ ഉൽപ്പന്നങ്ങൾ
അമിത മദ്യപാനം
ഭക്ഷണക്രമത്തോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും ശരീര വീക്കം നിയന്ത്രിക്കുന്നതിൽ പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക.
ആവശ്യത്തിന് ഉറങ്ങുക.
സമ്മർദ്ദം നിയന്ത്രിക്കുക.
ധാരാളം വെള്ളം കുടിക്കുക.
പുകവലി ഒഴിവാക്കുക.
ശരീരത്തിലെ വീക്കം പലപ്പോഴും പുറത്തുകാണിക്കാത്ത ഒരു ആരോഗ്യപ്രശ്നമാണ്. എന്നാൽ ദീർഘകാലം തുടരുന്ന ഇൻഫ്ലമേഷൻ ഗുരുതര രോഗങ്ങൾക്ക് വഴിവെക്കാം. ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുകയും അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്താൽ ശരീരാരോഗ്യം മെച്ചപ്പെടുത്താനും വീക്കം നിയന്ത്രിക്കാനും സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates