പഴങ്ങൾ ആരോഗ്യകരമാണെന്ന് പറയുമ്പോഴും പ്രമേഹരോഗികൾക്ക് പലപ്പോഴും ഇത് ആസ്വദിക്കാൻ കഴിയാറില്ല. ആപ്പിളോ വാഴപ്പഴമോ പ്രമേഹരോഗികൾക്ക് സുരക്ഷിതമെന്ന സംശയം പലപ്പോഴും ഉയർന്നു വരുന്ന ഒന്നാണ്. ഇവ രണ്ടും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുമെങ്കിലും പഴുത്ത വാഴപ്പഴത്തെക്കാൾ പ്രമേഹ രോഗികൾ ആപ്പിൾ തിരഞ്ഞെടുക്കുന്നതാണ് നല്ലെതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കാരണം, ആപ്പിളിൽ പെക്റ്റിൻ എന്ന നാരുകൾ ദഹനം മെച്ചപ്പെടുക്കുകയും രക്തത്തിലേക്ക് പഞ്ചസാരയും ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിനും ശരീരത്തിലെ നീർവീക്കം കുറയ്ക്കാനും ഇത് നല്ലതാണ്. മാത്രമല്ല, ആപ്പിളിന്റെ ഗ്ലൈസമിക് സൂചിക ഏകദേശം 38 ആണ്. ഇത് പ്രമേഹ രോഗികൾക്ക് സുരക്ഷിതമാണ്.
മാത്രമല്ല, വാഴപ്പഴത്തെക്കാൾ ആപ്പിളിന് കലോറി കുറവാണ്. പഴത്തിൽ പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവ കൂടുതലുള്ളപ്പോൾ ആപ്പിളിൽ വിറ്റാമിൻ സി, ഫൈബർ എന്നിവയാണ് പ്രധാനം. ഉയർന്ന നാരുകളും വെള്ളത്തിന്റെ അംശവുമുള്ളതിനാൽ ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അനുയോജ്യമാണ്.
അതേസമയം പ്രമേഹ രോഗികൾ വാഴപ്പഴം കഴിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ട കാര്യമില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഊർജ്ജത്തിൻ്റെ പവർഹൗസ് ആണ് വാഴപ്പഴം. എന്നാൽ പ്രമേഹരോഗികൾ വാഴപ്പഴം കഴിക്കുന്നതിന് മുൻപ് ചില മുൻകരുതലുകൾ എടുക്കണം. വാഴപ്പഴത്തിന്റെ ഗ്ലൈസെമിക് സൂചിക 42 മുതൽ 62 വരെയാണ്.
പച്ചപ്പഴത്തിൽ റെസിസ്റ്റന്റ് സ്റ്റാർച്ച് കൂടുതലായതിനാൽ അത് പഞ്ചസാരയുടെ അളവിനെ പെട്ടെന്ന് ബാധിക്കില്ല. എന്നാൽ പഴം നന്നായി പഴുക്കുന്തോറും അതിലെ സ്റ്റാർച്ച് പഞ്ചസാരയായി മാറുകയും ഗ്ലൈസമിക് സൂചിക കൂടുകയും ചെയ്യുന്നു. ഒരു വലിയ പഴുത്ത പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താൻ കാരണമായേക്കാം.
പഴങ്ങൾ വെറുതെ കഴിക്കുന്നതിന് പകരം അൽപം ബദാം, കശുവണ്ടി അല്ലെങ്കിൽ തൈര് എന്നിവയ്ക്കൊപ്പം കഴിക്കുന്നത് പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കും. പഴങ്ങൾ ഒന്നിച്ച് കഴിക്കാതെ പകൽ സമയങ്ങളിൽ ചെറിയ ഇടവേളകളിൽ കഴിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates