മനുഷ്യശരീരത്തിലെ ഏറ്റവും അഴുക്ക് നിറഞ്ഞ സ്ഥലം ഏതാണെന്ന് അറിയാമോ? അത് നമ്മുടെ പൊക്കിൾ ആണ്. പലപ്പോഴും അവിടം ബാക്ടീരിയയുടെ പ്രജനന കേന്ദ്രമാണെന്നാണ് ചർമരോഗവിദഗ്ധർ പറയുന്നത്. എണ്ണ, വിയർപ്പ്, ചർമത്തിലെ മൃതകോശങ്ങൾ, തുണിനാരുകൾ ഇവയെല്ലാം പൊക്കിളിൽ അടിഞ്ഞുകൂടാം. പുറത്തേക്ക് തള്ളി നിൽക്കുന്ന പൊക്കിൾ (outie) ഉള്ളവരെക്കാൾ ഉള്ളിലേക്ക് വലിഞ്ഞു നിൽക്കുന്ന പൊക്കിൾ (innie) ഉള്ളവരിലാണ് കൂടുതൽ പ്രശ്നം.
അഴുക്കുനിറഞ്ഞ പൊക്കിളില്‍ ബാക്ടീരിയകളും ഫംഗസുകളും വളരാൻ സാധ്യതയുണ്ട്. പൊക്കിള്‍ വൃത്തിയാക്കാത്തവരിൽ ഇ കോളിയും മറ്റ് ബാക്ടീരിയകളും മൂലമുള്ള അണുബാധ ഉണ്ടാകും. സെബേഷ്യസ് സിസ്റ്റുകളോ യീസ്റ്റ് ഇൻഫക്ഷനോ വരാനും സാധ്യതയുണ്ട്. പൊക്കിൾ തുളച്ച് ആഭരണങ്ങൾ അണിയുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ഇവർക്ക് ബാക്ടീരിയൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.
പൊക്കിളിൽ അഴുക്ക് അടിഞ്ഞ് കല്ല് പോലെയുള്ള വസ്തു ഉണ്ടാകും. ഓംഫാലിറ്റിസ് എന്നാണ് ഇതിനു പേര്. പൊതുവെ ഉപദ്രവകരമല്ലെങ്കിലും ഇവയിൽ തൊട്ടാൽ അസ്വസ്ഥതയും സ്രവങ്ങളും വരാം.
അഴുക്കു നിറഞ്ഞ പൊക്കിൾ മറച്ചുവെച്ചാലും ദുർഗന്ധം പുറത്തേക്ക് വമിക്കാം. പൊക്കിളിൽ ചുവപ്പു നിറമോ വീക്കമോ വേദനയോ സ്രവങ്ങളോ തുടർച്ചയായ ദുർഗന്ധമോ അനുഭവപ്പെട്ടാൽ അത് അണുബാധയുടെ സൂചനയാണ്. വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. പൊക്കിളിനുള്ളിലോ പൊക്കിളിനു ചുറ്റുമോ മുഴയോ വീക്കമോ കണ്ടാൽ അത് ഹെർണിയ മൂലമാകാം.
കോട്ടൺ സ്വാബോ ചെറിയ തുണിയോ ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞത് കൊണ്ട് പൊക്കിൾ വൃത്തിയാക്കാം.
ഏതെങ്കിലും മൈൽഡ് ആയ സോപ്പുപയോഗിച്ച് തിരുമ്മിയും ഉൾഭാഗം വൃത്തിയാക്കാം.
കഴുകിയ ശേഷം പൊക്കിൾ നന്നായി ഉണങ്ങിയെന്നുറപ്പുവരുത്തണം.
അഴുക്ക് അടിഞ്ഞുകൂടിയതായി കണ്ടാൽ ഏതാനും തുള്ളി ഹൈഡ്രജൻ പെറോക്സൈഡ് ഇറ്റിച്ചാൽ അഴുക്ക് പോകും.
പുറത്തേക്ക് ഉന്തി നിൽക്കുന്ന പൊക്കിളാണെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് തിരുമ്മി കഴുകാം. അതിനു ശേഷം നന്നായി വെള്ളം കൊണ്ടുലച്ചു കഴുകാൻ ശ്രദ്ധിക്കണം.
പൊക്കിൾ ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഴുകി വൃത്തിയാക്കണം.
വർക്കൗട്ട് ചെയ്യുന്നവരും, ഇറുകിയ വസ്ത്രം ധരിക്കുന്നവരും പൊക്കിളിൽ വിയർപ്പ് അടിഞ്ഞുകൂടുമെന്നതിനാൽ മിക്കവാറും ദിവസങ്ങളിൽ പൊക്കിൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates