തിരക്കുപിടിച്ച ദിവസങ്ങളിൽ ഈസി ബ്രേക്ക്ഫാസ്റ്റ് റെസിപ്പികളിലെ പ്രധാന ചേരുവയാണ് പീനട്ട് ബട്ടർ. ബ്രെഡിനൊപ്പവും ചപ്പാത്തിക്കൊപ്പവുമൊക്കെ യഥേഷ്ടം പീനട്ട് ബട്ടർ നമ്മൾ വാരിക്കോരി ഉപയോഗിക്കാറുണ്ട്. എന്നാൽ പീനട്ട് ബട്ടർ കൊളസ്ട്രോൾ കൂട്ടുമെന്ന സംശയം കാലാകാലങ്ങളായി ചർച്ച ചെയ്യപ്പെടുന്നതാണ്. എന്നാൽ ഇത് വസ്തുതയല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
പീനട്ട് ബട്ടറിൽ സസ്യ സ്റ്റിറോളുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാൻ സഹായിക്കുന്നതാണ്. കൂടാതെ പീനട്ടിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം, ആന്റിഓക്സിഡന്റ് സംയുക്തങ്ങൾ എന്നിവയും അടങ്ങിയിരിക്കുന്നു. പീനട്ട് ബട്ടർ കഴിക്കുമ്പോൾ മിതത്വം പാലിക്കുകയാണ് ആരോഗ്യത്തിന് ഉചിതം.
പല വാണിജ്യ ബ്രാൻഡുകളിലും പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ്, അധിക സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. പഞ്ചസാര ചേർക്കാതെയും ഹൈഡ്രജൻ എണ്ണകൾ ചേർക്കാതെയും പ്രകൃതിദത്തമായ പീനട്ട് ബട്ടറാണ് ആരോഗ്യത്തിന് നല്ലതെന്ന ആരോഗ്യ വിദഗ്ധർ പറയുന്നു. പീനട്ട് ബട്ടറിൽ കലോറി കൂടുതലായതിനാൽ അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകുന്നു. ഗുണകരമായ മോണോസാച്ചുറേറ്റഡ്/പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ലഭിക്കാൻ നിലക്കടല മാത്രം അടങ്ങിയവ തിരഞ്ഞെടുക്കുക.
മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ഇ, ബി വിറ്റാമിനുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ പീനട്ട് ബട്ടർ നൽകുന്നു, ഇവയെല്ലാം ഹൃദയത്തിന്റെ പ്രവർത്തനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നിർണായകമാണ്. കൂടാതെ, പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ എന്നിവ വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നു. ഇത് വിശപ്പ് നിയന്ത്രണത്തിനും ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
നട്സ്, വിത്തുകൾ, മത്സ്യം, ഒലിവ് ഓയിൽ, അവക്കാഡോ എന്നിവ മോശം കൊളസ്ട്രോൾ കുറയ്ക്കും. ശരീരത്തിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കം ചെയ്യാൻ നാരുകൾ സഹായിക്കുന്നതിനാൽ ഓട്സ്, ബീൻസ്, പയർ, പഴങ്ങൾ, നട്സ്, വിത്തുകൾ എന്നിവ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയ കൂടുതൽ ഭക്ഷണങ്ങൾ കഴിക്കാനും വിദഗ്ധർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates