കേരളത്തിൽ കാൻസർ കേസുകൾ വർധിക്കാനുള്ള ഒരു പ്രധാന കാരണം ജീവിതശൈലിയിലെ മാറ്റമാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ബൈജു സേനാധിപൻ. ഒരു 25 വർഷങ്ങൾക്ക് മുൻപ് പോഷകാഹാര കുറവായിരുന്നു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതെങ്കിൽ ഇന്ന് പൊണ്ണത്തടിയാണ് പ്രധാന വില്ലനായിരിക്കുന്നതെന്നും ഡോ. ബൈജു ദി ന്യു ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ പറഞ്ഞു.
പൊണ്ണത്തടി കാൻസറിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്. ഏതാണ്ട് 10 ശതമാനം കേസുകൾ മാത്രമാണ് പരമ്പര്യം അല്ലെങ്കിൽ ജനികത ഘടകം മൂലമുണ്ടാകുന്നത്. ഭൂരിഭാഗം കേസുകൾക്കും പിന്നിൽ ഇത്തരത്തിൽ മാറിയ ജീവിതശൈലി, ഭക്ഷണ രീതി, പരിസ്ഥിതി ഘടകങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സ്തനാർബുദം, അണ്ഡാശയ അർബുദം, വൻകുടലിലെ കാൻസർ എന്നിവയാണ് കൂടുതലായും കാണുന്നത്. വൻകുടലിലെ കാൻസർ ദക്ഷിണേന്ത്യൻ ഭാഗത്ത് വലിയ തോതിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ബോധവൽക്കരണവും സാങ്കേതികവിദ്യയുടെ വളര്‍ച്ചയും മൂലം രോഗാവസ്ഥ നേരത്തെ കണ്ടെത്താനും ചികിത്സയുടെ നിരക്ക് വർധിക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും വൻ കുടൽ കാൻസറിനെ പൈൽസ് ആണെന്ന് തെറ്റിദ്ധരിച്ച് മറ്റ് ചികിത്സകൾ ചെയ്യുന്നവരുമുണ്ട്. ആ പ്രവണത ശരിയല്ല, ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതും ചികിത്സ ലഭ്യമാക്കുന്നത് കാൻസറിനെ ഇല്ലാതാക്കാൻ സഹായിക്കും.
കാൻസറും ഭക്ഷണരീതിയും
കുടൽ സംബന്ധമായ കാൻസറുകൾ നമ്മുടെ ഭക്ഷണ രീതിയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. രണ്ട് പതിറ്റാണ്ട് കാലത്തെ നമ്മുടെ ഭക്ഷ്യ സംസ്കാരം പരിശോധിക്കുകയാണെങ്കിൽ സ്മോക്ഡ് ഫുഡ്, ടിൻഡ് ഫുഡ്, പ്രിസർവേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ, ഗ്രില്ലു ചെയ്തു ഭക്ഷണങ്ങൾ, ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവ കൂടുതലായി കഴിക്കാൻ തുടങ്ങി. ഇത്തരം ഭക്ഷണങ്ങൾ പതിവാക്കുന്നത് നമ്മുടെ കുടലിന്റെ പാളികളില്‍ അസ്വസ്ഥതയുണ്ടാക്കുകയും കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സറുകളുടെ പാറ്റേണിലും വ്യത്യാസമുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ട് പരിശോധിച്ചാൽ വടക്കൻ കേരളത്തിൽ അന്നനാള, ആമാശയ കാൻസർ രോഗികളുടെ എണ്ണം കൂടുതലാണ്. എന്നാൽ തെക്കൻ കേരളത്തിൽ കോളൻ കാൻസറാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് രണ്ട് പ്രദേശങ്ങളിലുമുള്ള ഭക്ഷണരീതിയിലുള്ള വ്യത്യാസം ഇതിനൊരു ഘടകമായിരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജീൻ മ്യൂട്ടേഷൻ
ജനിതക മ്യൂട്ടേഷൻ സംഭവിക്കുന്നതാണ് കാൻസർ ഉണ്ടാകാനുള്ള കാരണം. മൂന്ന് തരം ക്രിട്ടിക്കൽ ജീനുകളാണ് ഉള്ളത്.
ട്യൂമർ-സപ്രസ്സർ ജീനുകൾ
ട്യൂമറിജെനിക് ജീനുകൾ
ഡിഎൻഎ-റിപ്പയർ ജീനുകൾ
ഇതിൽ റിപ്പയർ ജീനുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ കാൻസറിനുള്ള സാധ്യത വർധിക്കും. ഈ ജീനുകൾക്കിടയിലെ ആരോഗ്യകരമായ സന്തുലിതാവസ്ഥയാണ് പ്രതിരോധശേഷി നൽകുന്നത്. പാരിസ്ഥിതിക ഘടകങ്ങളും ഭക്ഷണക്രമവും കാരണം മ്യൂട്ടേഷനുകൾ സംഭവിക്കാം. നമ്മൾ എന്തു കഴിക്കുന്നു എന്നതു പോലെ തന്നെ എങ്ങനെ കഴിക്കുന്നുവെന്നതും പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates