എല്ലിന്റെ പേശികളെയും ചർമത്തെയും ബാധിക്കുന്ന അപൂർവ ഇൻഫ്ലമേറ്ററി രോഗമാണ് ഡെർമറ്റോമയോസൈറ്റിസ്. രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. ലക്ഷണങ്ങൾ ലഘൂകരിക്കാനുള്ള ചികിത്സയാണ് ഇപ്പോൾ നൽകിവരുന്നത്. ആമീർ ഖാൻ ചിത്രം ദംഗലിൽ ബാലതാരമായി എത്തിയ സുഹാനി ഭട്നാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെയാണ് ഡെർമറ്റോമയോസൈറ്റിസ് വീണ്ടും ചർച്ചയാകുന്നത്.
എന്താണ് ഡെർമറ്റോമയോസൈറ്റിസ്
അപൂർവമായ ഒരു ഇൻഫ്ലമേറ്ററി രോഗമാണ് ഡെർമറ്റോമയോസൈറ്റിസ്. എല്ലിന്റെ പേശികളുടെ ക്ഷയവും ചർമത്തിലെ തടിപ്പുകളുമാണ് പ്രധാനലക്ഷണം. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗം ആരോഗ്യമുള്ള കോശങ്ങളെയാണ് ആക്രമിക്കുന്നത്.
മുതിർന്നവരെയും കുട്ടികളെയും ഈ രോഗം ബാധിക്കാം. ഡെർമറ്റോമയോസൈറ്റിസിനുള്ള ചികിത്സ ഇതുവരെ ലഭ്യമായിട്ടില്ല. ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ചികിത്സയാണ് നൽകുന്നത്. ചർമത്തിലെ തടിപ്പുകളും പാടുകളും നീക്കാനും പേശികളുടെ കരുത്താർജിച്ച് പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള ചികിത്സയാണ് നൽകി വരുന്നത്.
ഡെർമറ്റോമയോസൈറ്റിസ് ലക്ഷണങ്ങൾ
ചർമത്തിലെ നിറം മാറ്റങ്ങളും പേശികളുടെ വീക്കവുമാണ് പ്രധാനലക്ഷണങ്ങൾ. ചർമത്തിൽ വയലറ്റ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള തടിപ്പുകളും ഭക്ഷണം ഇറക്കാൻ പ്രയാസവുമുണ്ടാകാം. മുഖം, കൺപോള, കൈ-കാൽമുട്ടുകൾ, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളിലാണ് തടിപ്പുകള്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. അരക്കെട്ട്, തുട, തോളുകൾ, കൈകളുടെ മുകൾവശം, കഴുത്ത് എന്നിവിടങ്ങളിലെ പേശികൾക്കുള്ള വീക്കമാണ് മറ്റൊരു ലക്ഷണം.
കാരണങ്ങൾ
ജനിതക ഘടകങ്ങളും പാരിസ്ഥിതിക ഘടകങ്ങളും രോഗത്തിന് കാരണമാകാമെന്നാണ് ഗവേഷകർ പറയുന്നത്. വൈറൽ അണുബാധകൾ, ചില മരുന്നുകൾ, പുകവലി തുടങ്ങിയവയും കാരണമാകാം. ഡെർമോമയോസൈറ്റിസ് ഹൃദ്രോഗങ്ങൾക്കും ശ്വാസകോശരോഗങ്ങള്‍ക്കും കാരണമാകാം. മുതിർന്നവരിൽ കാൻസർ പിടിപെടാനുള്ള സാധ്യതയുമുണ്ട്. സ്ത്രീകളിൽ ഒവേറിയൻ കാൻസറിനുള്ള സാധ്യതയാണ് കൂടുതൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates