ഡയബറ്റിക് പെഡിക്യൂർ എന്ന് കേട്ടിട്ടുണ്ടോ? പാദവും നഖവും വൃത്തിയോടെയും ഭംഗയോടെയും ഇരിക്കാനാണ് പെഡിക്യൂർ ചെയ്യുന്നത്. എന്നാൽ ബ്യൂട്ടി പെഡിക്യൂറിൽ നിന്നും അൽപം വ്യത്യസ്തമാണ് ഡയബറ്റിക് പെഡിക്യൂർ.
പ്രമേഹമുള്ളവരുടെ കാര്യത്തിൽ കാലുകളുടെ പരിചരണം വളരെ പ്രധാനമാണ്, പ്രമേഹം കാലുകളിലെ ഞരമ്പുകളെയും രക്തയോട്ടത്തെയും ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ ചെറിയൊരു മുറിവോ പൊട്ടലോ പോലും ചിലപ്പോൾ ഗുരുതരമായ അണുബാധയിലേക്കും കാലിലെ അൾസറിലേക്കും നയിച്ചേക്കാം. അതുകൊണ്ട് തന്നെ, പ്രമേഹ രോഗികൾക്ക് പാദങ്ങളുടെ പരിപാലനം വളരെ പ്രധാനമാണ്.
ഡയബറ്റിക് പെഡിക്കൂറിന്റെ ലക്ഷ്യം കാലുകളുടെ ഭംഗി മാത്രമല്ല, മുറിവുകൾ, അണുബാധ, നഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ നേരത്തെ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്യുക എന്നതാണ്.
എന്തുകൊണ്ടാണ് പ്രമേഹരോഗികൾ കാലുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്?
പ്രമേഹം ദീർഘകാലം നിയന്ത്രണാതീതമായി തുടരുമ്പോൾ ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ രക്തക്കുഴലുകളെയും ഞരമ്പുകളെയും ബാധിക്കാം. പ്രത്യേകിച്ച് കാലുകളിൽ ഉണ്ടാകുന്ന ഡയബറ്റിക് ന്യൂറോപ്പതി കാരണം സ്പർശനം, ചൂട്, തണുപ്പ്, വേദന തുടങ്ങിയവ തിരിച്ചറിയാനുള്ള കഴിവ് കുറയാം.
അമേരിക്കൻ ഡയബറ്റീസ് അസോസിയേഷന്റെ 2026ലെ മാർഗനിർദേശങ്ങൾ പ്രകാരം ഡയബറ്റിക് പെരിഫറൽ ന്യൂറോപ്പതി ഉള്ളവരിൽ വലിയൊരു വിഭാഗത്തിന് വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ദിവസവും കാലുകൾ പരിശോധിക്കേണ്ടതും കൃത്യമായ ഫുട് കെയറും പ്രധാനമാണ്. അതോടൊപ്പം രക്തയോട്ടം കുറയുന്ന അവസ്ഥയുണ്ടെങ്കിൽ മുറിവുകൾ സുഖപ്പെടാൻ കൂടുതൽ സമയം വേണ്ടിവരാം. മുറിവിൽ അണുബാധയുണ്ടായാൽ ചികിത്സ സങ്കീർണമാകാനും സാധ്യതയുണ്ട്.
പ്രമേഹമുള്ളവരുടെ കാലുകളുടെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ച് സുരക്ഷിതമായി നടത്തുന്ന നഖങ്ങളുടെയും പാദങ്ങളുടെയും പരിചരണമാണ് ഡയബറ്റിക് പെഡിക്യൂർ. സാധാരണ പെഡിക്യൂറിൽ പ്രധാന ശ്രദ്ധ കാലുകളുടെ ഭംഗിയിലും നഖങ്ങളുടെ രൂപത്തിലുമാണെങ്കിൽ, ഡയബറ്റിക് പെഡിക്യൂറിൽ പാദങ്ങളിൽ പരിക്കുകൾ പരിശോധിക്കുകയാണ് പ്രധാനം.
സാധാരണ പെഡിക്യൂറിൽ നഖം വെട്ടുക, ക്യൂട്ടിക്കിൾ നീക്കം ചെയ്യൽ, സ്ക്രബ്ബിങ്, മസാജ് തുടങ്ങിയവ ഉൾപ്പെടാം. എന്നാൽ പ്രമേഹമുള്ളവർക്ക് ഇതിലെ ചില നടപടികൾ അപകടസാധ്യത വർധിപ്പിച്ചേക്കാം. പ്രത്യേകിച്ച്, ക്യൂട്ടിക്കിൾ നീക്കം ചെയ്യുന്നത് ഒഴിവാക്കണം. ക്യൂട്ടിക്കിൾ നഖത്തിനും ചർമത്തിനും ഇടയിൽ ഒരു സംരക്ഷണ തടസ്സമായി പ്രവർത്തിക്കുന്നു. അത് മുറിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കാം. അതുപോലെ, ചർമം ശക്തമായി ഉരയ്ക്കുക, ബ്ലേഡ് ഉപയോഗിച്ച് കട്ടിയുള്ള ചർമം നീക്കം ചെയ്യുക, നഖത്തിന്റെ കോണുകൾ ആഴത്തിൽ മുറിക്കുക തുടങ്ങിയവയും ഒഴിവാക്കുന്നതാണ് സുരക്ഷിതം.
പ്രമേഹമുള്ളവർ നഖം മുറിക്കുമ്പോൾ നേരെ മുറിക്കുന്നതാണ് സുരക്ഷിതമായ രീതി. നഖത്തിന്റെ കോണുകളിലേക്ക് ആഴത്തിൽ കത്രികയോ ക്ലിപ്പറോ കൊണ്ടുപോകരുത്. മുറിച്ചതിന് ശേഷം മൂർച്ചയുള്ള അരികുകൾ നെയിൽ ഫയൽ ഉപയോഗിച്ച് സാവധാനം മിനുക്കാം.
നഖം വളരെ കട്ടിയുള്ളതോ മഞ്ഞനിറമുള്ളതോ ആണെങ്കിൽ, നഖം ചർമത്തിലേക്ക് വളർന്നുകയറുന്നുണ്ടെങ്കിൽ, സ്വയം മുറിക്കുന്നതിന് പകരം ഫുട് കെയർ വിദഗ്ധനെയോ ഡോക്ടറെയോ സമീപിക്കുന്നതാണ് നല്ലത്.
കാലിലെ കട്ടിയുള്ള ചർമവും കോൾസും സ്വയം നീക്കം ചെയ്യരുത്
കാലിൽ കട്ടിയുള്ള ചർമമോ കോൾസോ ഉണ്ടായാൽ പലരും ബ്ലേഡ്, കത്തി, ഫുട് റേസർ തുടങ്ങിയവ ഉപയോഗിച്ച് അത് നീക്കം ചെയ്യാൻ ശ്രമിക്കാറുണ്ട്.
പെഡിക്യൂർ ചെയ്യുന്നതിന് മുമ്പ് കാലുകൾ നന്നായി പരിശോധിക്കുക. ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:
ചെറിയ മുറിവുകൾ
ചുവപ്പ്
വീക്കം
വെള്ളപ്പൊട്ടുകൾ
ചർമ്മത്തിലെ പൊട്ടലുകൾ
രക്തസ്രാവം
വേദന
മരവിപ്പ്
കത്തുന്നതുപോലുള്ള അനുഭവം
നഖത്തിന്റെ നിറത്തിലോ രൂപത്തിലോ മാറ്റം
ഫംഗൽ ഇൻഫെക്ഷന്റെ ലക്ഷണങ്ങൾ
നഖം ചർമ്മത്തിലേക്ക് വളർന്നുകയറുന്നത്
ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ സാധാരണ സലൂൺ പെഡിക്യൂർ ചെയ്യുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുന്നതാണ് സുരക്ഷിതം. കാലിൽ തുറന്ന മുറിവ്, അൾസർ, അണുബാധ, ചുവപ്പ്, വീക്കം, അസാധാരണമായ ചൂട് തുടങ്ങിയവയുണ്ടെങ്കിൽ പെഡിക്യൂർ ചെയ്യാൻ സലൂണിൽ പോകരുത്.
സ്വന്തം ഉപകരണങ്ങൾ കൊണ്ടുപോകുന്നത് നല്ലത്
നെയിൽ ക്ലിപ്പർ, ഫയൽ തുടങ്ങിയ വ്യക്തിഗത ഉപകരണങ്ങൾ സ്വന്തമായി ഉപയോഗിക്കുന്നത് അണുബാധയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഉപകരണങ്ങൾ കൃത്യമായി അണുവിമുക്തമാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക
ഒരാളിൽ ഉപയോഗിച്ച ഉപകരണങ്ങൾ മറ്റൊരാളിൽ ഉപയോഗിക്കുന്നതിന് മുമ്പ് ശരിയായ രീതിയിൽ സ്റ്റെറിലൈസ് ചെയ്യണം.
ഫുട് ബാത്ത് വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക
പെഡിക്യൂറിൽ ഉപയോഗിക്കുന്ന ഫുട് ബാത്തും ഓരോ ഉപഭോക്താവിനും ശേഷം കൃത്യമായി വൃത്തിയാക്കണം.
ചർമത്തിൽ മുറിവുണ്ടാക്കുന്ന തരത്തിലുള്ള ക്ലീനിങ് ഒഴിവാക്കുക
ബ്ലേഡ് ഉപയോഗിക്കൽ, ശക്തമായി സ്ക്രബ് ചെയ്യുക തുടങ്ങിയവ ഒഴിവാക്കുക.
ക്യൂട്ടിക്കിൾ മുറിക്കരുത്
നഖത്തിന്റെ ചുറ്റുമുള്ള ചർമം മുറിക്കുന്നതിന് പകരം സുരക്ഷിതമായി പരിപാലിക്കുക.
പ്രമേഹമുള്ളവർക്ക് ചൂട് തിരിച്ചറിയാനുള്ള കഴിവ് കുറഞ്ഞിട്ടുണ്ടെങ്കിൽ വളരെ ചൂടുള്ള വെള്ളം പൊള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് വളരെ ചൂടുള്ള വെള്ളം ഒഴിവാക്കണം. കാലുകൾ കഴുകാൻ ഇളംചൂടുള്ള വെള്ളം ഉപയോഗിക്കുകയും കഴുകിയ ശേഷം പ്രത്യേകിച്ച് വിരലുകൾക്കിടയിൽ നന്നായി ഉണക്കുകയും ചെയ്യുന്നത് പ്രധാനമാണ്.
പ്രമേഹമുള്ളവരിൽ കാലിന്റെ ചർമ്മം വരണ്ടുപൊട്ടുന്നത് സാധാരണമാണ്. വരണ്ട ചർമ്മം പൊട്ടിപ്പോകുന്നത് മുറിവിനും അണുബാധയ്ക്കും വഴിയൊരുക്കാം. അതുകൊണ്ട് ആവശ്യത്തിന് മോയ്സ്ചറൈസർ ഉപയോഗിക്കാം. എന്നാൽ വിരലുകൾക്കിടയിൽ ക്രീം പുരട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, കാരണം അധിക ഈർപ്പം ഫംഗൽ പ്രശ്നങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates