കർക്കടകമാസത്തിൽ ആയുർവേദം പ്രകാരമുള്ള കർക്കടക ചികിത്സകൾക്കെതിരെ എഴുത്തുകാരനും പ്രമുഖ ന്യൂറോസർജനുമായും ഡോ. മനോജ് വെള്ളനാട്. കർക്കടക ചികിത്സയിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങൾ പുറന്തള്ളാമെന്ന വാദം മണ്ടത്തരമാണെന്ന് ഡോ. മനോജ് വെള്ളനാട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിക്കുന്നു. ആളുകളിൽ നിർമ്മിച്ചെടുക്കുന്ന ഒരുതരം 'അജ്ഞാത ഭയത്തെ' അടിസ്ഥാനമാക്കിയാണ് കർക്കടക കഞ്ഞി മുതൽ ഗ്രീൻ ജ്യൂസുകൾ, ഡീറ്റോക്സ് ടീ, ഫുട് പാച്ചുകൾ വരെ വൻതോതിൽ വിൽക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കർക്കിടകക്കഞ്ഞി, കർക്കിടക ചികിത്സ തുടങ്ങിയ ഉഡായിപ്പ് ബിസിനസുകൾ!
ടൈറ്റിൽ വായിച്ച ഉടനെ വികാരം വ്രണപ്പെട്ടവർക്ക് ഇവിടെ നിർത്താവുന്നതാണ്. അല്ലാത്തവർക്ക് മുഴുവൻ വായിച്ച ശേഷം വ്രണപ്പെടാവുന്നതാണ്.
ഇന്നിപ്പോൾ മലയാളിയുടെ കലണ്ടറിൽ കർക്കിടകമെത്തിയാൽ പിന്നെ മഴയേക്കാൾ കൂടുതൽ പെയ്യുന്നത് പരസ്യങ്ങളാണ്. കർക്കിടക കഞ്ഞി കുടിക്കൂ, ശരീരം റീസ്റ്റാർട്ട് ചെയ്യൂ, കർക്കിടക ചികിത്സയിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങൾ പുറന്തള്ളൂ.. കല്യാൺ സിൽക്സിൽ ആടി സെയിൽസ് തുടങ്ങി എന്ന് പൃഥ്വിരാജ് പറയുന്ന പോലെ എന്തൊക്കെ അവകാശവാദങ്ങളാണ്.
പണ്ടുകാലത്ത് കർക്കിടകമെന്നാൽ നല്ല മഴയാണ്. മഴക്കാലത്ത് പണിയില്ലാതെ സാമ്പത്തികമായി അത്രയധികം ബുദ്ധിമുട്ടുന്ന സമയത്താണ് (പഞ്ഞമാസം) ആളുകൾ ലളിതമായ ആഹാരവും വിശ്രമവും ശീലമാക്കിയിരുന്നത്. ഗതികേട് കൊണ്ടാണ്, വേറെ വലിയ ശാസ്ത്രമൊന്നുമില്ല അതിന് പിന്നിൽ. അങ്ങനെയൊരു കഷ്ടത നിറഞ്ഞ കാലത്തിൻ്റെ നൊസ്റ്റാൾജിയയും മനുഷ്യൻ്റെ സഹജമായ മരണഭയവും സമാസമം ചേർത്ത് അറിവില്ലായ്മയുടെ പാത്രത്തിൽ വിളമ്പുന്ന നല്ല ഒന്നാന്തരം ഫ്രോഡ് ബിസിനസാണ് കർക്കിടകക്കഞ്ഞിയും ചികിത്സയും. അവരുടെ അവകാശവാദങ്ങളിൽ ചിലത് ഓരോന്നായി നോക്കാം.
"ഡീറ്റോക്സിഫിക്കേഷൻ" അല്ലെങ്കിൽ 'ശരീരത്തിലെ വിഷം കളയൽ'
ഏറ്റവും വലിയ തട്ടിപ്പ് നടക്കുന്നത് ഈ വാക്കിലാണ്. കർക്കിടക കഞ്ഞി കുടിച്ചാൽ രക്തത്തിലെയും ശരീരത്തിലെയും സർവ്വ വിഷവും ഇറങ്ങിപ്പോകും എന്നാണ് വെപ്പ്. ‘ഡീടോക്സ്’- ആധുനിക ഹെൽത്ത് & വെൽനസ് ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗങ്ങളിലൊന്നാണ് ഈ ഒറ്റ വാക്ക്. കർക്കിടക കഞ്ഞി മുതൽ 5000 രൂപയുടെ ഗ്രീൻ ജ്യൂസുകൾ, ഡീറ്റോക്സ് ടീ, ഫുട് പാച്ചുകൾ വരെ വൻതോതിൽ വിൽക്കപ്പെടുന്നത് ആളുകളിൽ നിർമ്മിച്ചെടുക്കുന്ന ഒരുതരം 'അജ്ഞാത ഭയത്തെ' (Fear of Toxins) അടിസ്ഥാനമാക്കിയാണ്.
എന്താണ് ഈ 'ടോക്സിനുകൾ'? ഡീറ്റോക്സ് ഉൽപ്പന്നങ്ങൾ വിൽക്കുന്നവരോട് ‘ശരീരത്തിൽ നിന്ന് കൃത്യമായി ഏത് വിഷമാണ് ഈ കഞ്ഞിയോ ജ്യൂസോ വഴി നിങ്ങൾ പുറത്തേക്ക് കളയുന്നത്?’ എന്ന് ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ല. കാരണം അങ്ങനെ ഒന്നില്ല. ശാസ്ത്രീയമായി പറയുമ്പോൾ, നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന മാലിന്യങ്ങൾ (ഉദാഹരണത്തിന്: മെറ്റാബോളിസത്തിന്റെ ഫലമായി ഉണ്ടാകുന്ന യൂറിയ, ക്രിയാറ്റിനിൻ, ലാക്റ്റിക് ആസിഡ്, ബിലിറൂബിൻ മുതലായവ) ആണ് പുറന്തള്ളപ്പെടേണ്ടത്.
ഈ പറഞ്ഞ മാലിന്യങ്ങളെ ശരീരം 24 മണിക്കൂറും ഡീറ്റോക്സിഫിക്കേഷൻ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത അത്ഭുതകരമായ രണ്ട് അവയവങ്ങൾ നമുക്കുണ്ട്. ഒന്ന്, കരൾ. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെയും മരുന്നുകളിലെയും വേസ്റ്റ് പദാർത്ഥങ്ങളെയും അനാവശ്യ രാസവസ്തുക്കളെയും വിഘടിപ്പിച്ച്, ശരീരത്തിന് ദോഷമില്ലാത്ത രീതിയിലാക്കി മാറ്റുന്നത് കരളാണ്. നിങ്ങളൊരു വിശ്വാസിയാണെങ്കിൽ ശരിക്കും ഒരു ക്ഷേത്രമോ പള്ളിയോ പണിഞ്ഞ് അവിടെ പ്രതിഷ്‌ഠിക്കേണ്ട ആളാണ് കരൾ. അത്രയും കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യുന്നുണ്ട് ആള്.
രണ്ട്, കിഡ്നികൾ. രക്തത്തെ നിരന്തരം അരിച്ചെടുത്ത്, അതിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുന്നത് വൃക്കകളാണ്. ഒരു ദിവസം 180 ലിറ്റർ രക്തമാണ് രണ്ടു കിഡ്‌നികളും കൂടി അരിച്ചെടുക്കുന്നത്. അതിനെ പിന്നെ വെറും ഒന്നര ലിറ്റർ മൂത്രമായി പുറത്ത് കളയുന്നത് എന്തുമാത്രം പണിയെടുത്തിട്ടാണ് എന്നോർക്കണം. ഇവ രണ്ടും കൂടാതെ നമ്മൾ ശ്വാസം വിടുമ്പോൾ ശ്വാസകോശവും, വിയർക്കുമ്പോൾ ചർമ്മവും, ദഹനാവശിഷ്ടങ്ങൾ കളയുമ്പോൾ കുടലും ഇതിൽ പങ്കാളികളാകുന്നു. നിങ്ങളുടെ കരളും വൃക്കയും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെങ്കിൽ, വിപണിയിൽ കിട്ടുന്ന ഒരു ഡീറ്റോക്സ് പാനീയത്തിന്റെയോ കർക്കിടക കഞ്ഞിയുടെയോ സഹായം നിങ്ങളുടെ ശരീരത്തിന് ആവശ്യമില്ല എന്നതാണ് സത്യം.
ഇത്തരം 'ഡീറ്റോക്സ്' തട്ടിപ്പുകളിൽ കാശു പോകുന്നത് മാത്രമല്ല അപകടങ്ങൾ. വേറെയും ഉണ്ട്.
a) വൃക്കകൾക്ക് പണി കിട്ടാം: പല വ്യാജ ഡീറ്റോക്സ് പാനീയങ്ങളിലും കഞ്ഞിപ്പൊടികളിലും അളവില്ലാതെ ചേർക്കുന്ന ചില അങ്ങാടിമരുന്നുകളും ഇലച്ചാറുകളും വൃക്കകൾക്ക് അമിതഭാരമുണ്ടാക്കുകയും ഡാമേജ് വരുത്തുകയും ചെയ്യാം.
b) ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ: അമിതമായി വയറിളക്കി 'ഡീറ്റോക്സ്' ചെയ്യുന്ന ചില പരീക്ഷണങ്ങൾ ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് അപകടകരമായി കുറയ്ക്കാം.
c) ഷുഗർ സ്പൈക്ക്: ഫ്രൂട്ട് ജ്യൂസ് ഡീറ്റോക്സ് ചെയ്യുമ്പോൾ പഴങ്ങളിലെ ഫൈബർ നഷ്ടപ്പെട്ട് വലിയ അളവിൽ ഫ്രക്റ്റോസ് രക്തത്തിലേക്ക് എത്തുകയും പ്രമേഹ സാധ്യത കൂട്ടുകയും ചെയ്യും.
അപ്പോൾ ശാസ്ത്രീയമായി ശരീരം എങ്ങനെ 'ക്ലീൻ' ആയി നിലനിർത്താം? ശരീരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന (കലണ്ടർ നോക്കാതെ) ഫിൽട്ടറേഷൻ സിസ്റ്റം മികച്ച രീതിയിൽ പ്രവർത്തിക്കാൻ ചില സിമ്പിൾ കാര്യങ്ങൾ ചെയ്താ മാത്രം മതി.
a) ധാരാളം വെള്ളം കുടിക്കുക: വൃക്കകൾക്ക് മാലിന്യങ്ങൾ കഴുകിക്കളയാൻ വെള്ളം അത്യാവശ്യമാണ്.
b) നല്ല ഉറക്കം: രാത്രി ഉറങ്ങുമ്പോഴാണ് തലച്ചോറിലെ വേസ്റ്റ് പദാർത്ഥങ്ങൾ നീക്കം ചെയ്യപ്പെടുന്ന പ്രക്രിയ (Glymphatic system) നടക്കുന്നത്.
c) പുകവലിയും മദ്യപാനവും ഒഴിവാക്കുക: കരളിന് ഏറ്റവും അധികം പണി കൊടുക്കുന്ന വിഷവസ്തുക്കൾ ഇവയാണ്.
d) ഫൈബർ അടങ്ങിയ ഭക്ഷണം: പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം നിലനിർത്തും.
"ഡീറ്റോക്സിഫിക്കേഷൻ" എന്നത് കടകളിൽ നിന്ന് വാങ്ങി കുടിക്കേണ്ട ഒരു പ്രോഡക്റ്റല്ല, മറിച്ച് നിങ്ങൾ ജനിച്ച നാൾ മുതൽ, സോറി അമ്മയുടെ വയറ്റിൽ കിടന്ന നാൾ മുതൽ നിങ്ങളുടെ സ്വന്തം ശരീരം സൗജന്യമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്.
കർക്കിടക കഞ്ഞി എന്ന പറ്റിപ്പ്
ഞവര അരി, പലതരം അപൂർവ്വ മൂലികകൾ, കറുവപ്പട്ട, ഏലക്ക, ജീരകം, ആശാളി, അയംമോദകം... പിന്നെ കുറേ തേങ്ങാപ്പാലും നെയ്യും! ഇതാണ് ഇന്നത്തെ സ്പെഷ്യൽ കർക്കിടക കഞ്ഞി. പണ്ടുകാലത്ത് മഴക്കാലത്ത് മനുഷ്യർക്ക് കഠിനാധ്വാനവും പണിയും കുറവായിരുന്നു. തണുത്ത കാലാവസ്ഥയിൽ വിശപ്പ് കുറയുകയും ദഹനപ്രക്രിയ പതുക്കെയാവുകയും ചെയ്യാം. അന്നങ്ങനെ പല കാരണങ്ങൾ കൊണ്ടും ഗതികേടുകൊണ്ടും കഴിച്ചിരുന്ന കഞ്ഞി ഇന്ന് ഒരു കലോറി ബോംബാണ്.
ഇന്നത്തെ പല റെഡിമേഡ് കിറ്റുകളിലും ഹോട്ടലുകളിലും കിട്ടുന്ന സ്പെഷ്യൽ കർക്കിടക കഞ്ഞിയുടെ റെസിപ്പി പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.
തേങ്ങാപ്പാലിന്റെ അതിപ്രസരം (Fat Content).
രുചി കൂട്ടാനും കഞ്ഞിക്ക് നല്ല 'ക്രീമി' ടെക്സ്ചർ കിട്ടാനും ധാരാളം തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും ഒഴിച്ചാണ് കഞ്ഞി ഉണ്ടാക്കുന്നത്. ഒരു കപ്പ് കട്ടി തേങ്ങാപ്പാലിൽ മാത്രം 400 - 500 വരെ കലോറിയും ഉയർന്ന അളവിൽ സാചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ട്.
നെയ്യുടെയും പഞ്ചസാരയുടെയും ഉപയോഗം.
ആരോഗ്യത്തിന് നല്ലതാണ് എന്ന് പറഞ്ഞ് ആളുകൾ ഇതിലേക്ക് വലിയ സ്പൂണുകളിൽ പശുവിൻ നെയ്യ് ഒഴിക്കുന്നു (1 സ്പൂൺ നെയ്യ് = ~120 കലോറി). കൂടാതെ ചില സ്ഥലങ്ങളിൽ കഞ്ഞിക്ക് രുചി കൂട്ടാൻ ശർക്കരയോ പനങ്കൽക്കണ്ടമോ ചേർക്കാറുമുണ്ട്.
റൈസ് പോർഷൻ (അരിയുടെ അളവ്).
പലരും ഒരു ചെറിയ ബൗൾ കുടിക്കുന്നതിന് പകരം, വലിയ പാത്രങ്ങളിൽ 2-3 ഗ്ലാസ് കഞ്ഞി കുടിക്കാറുണ്ട്. അടുത്ത ഒരു വർഷത്തേക്കുള്ള ആരോഗ്യം ആണല്ലോ ഈ കഞ്ഞി, കൂടുതൽ ഇരിക്കട്ടെ. പക്ഷെ ഏത് കഞ്ഞിയായാലും അരി കാർബോ ഹൈഡ്രേറ്റാണ്.
കണക്കുകൾ പരിശോധിച്ചാൽ സാധാരണ ഒരു ബൗൾ കഞ്ഞിയിൽ ഏകദേശം 120–150 കലോറി മാത്രമുള്ളപ്പോൾ, സമൃദ്ധമായി തേങ്ങാപ്പാലും നെയ്യും അങ്ങാടിമരുന്നും ചേർത്ത ഒരു വലിയ ബൗൾ സ്പെഷ്യൽ കർക്കിടക കഞ്ഞിയിൽ 500 മുതൽ 700+ കലോറി വരെ ഉണ്ടാകാം! (ഇത് ഒരു ബിരിയാണി കഴിക്കുന്നതിന് തുല്യമായ കലോറിയാണ്!)
ഇത് പ്രമേഹ രോഗികൾക്ക് പണിയാവും. കർക്കിടക കഞ്ഞി കുടിച്ചാൽ പ്രമേഹം മാറുമെന്നത് ഒരു വലിയ തെറ്റിദ്ധാരണയാണ്. അരി (ഞവര അരിയാണെങ്കിൽ പോലും) നന്നായി വെന്ത് കഞ്ഞിയാകുമ്പോൾ അതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് (Glycemic Index) വളരെ ഉയരുന്നു. കുടിച്ച നിമിഷങ്ങൾക്കകം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂടും.
കൂടാതെ അമിത വണ്ണവും കൊളസ്ട്രോളും ഉള്ളവർക്ക് ദിവസവും 500-700 കലോറി അധികമായി കഞ്ഞിയിലൂടെ ശരീരത്തിൽ എത്തുകയും, മഴക്കാലത്ത് വ്യായാമം കുറയുകയും ചെയ്യുമ്പോൾ ശരീരഭാരവും കൊളസ്ട്രോളും വല്ലാതെ ഉയരും. ഫാറ്റി ലിവർ ഒക്കെ ഉള്ളവർക്ക് അമിതമായ കലോറിയും തേങ്ങാപ്പാലിലെ കൊഴുപ്പും ഫാറ്റി ലിവർ അവസ്ഥ കൂടുതൽ മോശമാക്കാം.
അപ്പോൾ പലർക്കും സംശയം തോന്നും, ഡീറ്റോക്സ് കഞ്ഞികളും ജ്യൂസുകളും കുടിക്കുമ്പോൾ ഭാരം കുറയുന്നത് എന്തുകൊണ്ട്? ആളുകൾ ചോദിക്കാറുണ്ട്: ‘ഞാൻ ഒരാഴ്ച കർക്കിടക കഞ്ഞി / ഡീറ്റോക്സ് ഡയറ്റ് എടുത്തപ്പോൾ 2 കിലോ കുറഞ്ഞല്ലോ! അപ്പോൾ സംഭവം സത്യമല്ലേ?’ ഇത് മിതമായ അളവിൽ ഈ പറഞ്ഞ കഞ്ഞി മാത്രം കുടിക്കുകയും സ്‌ഥിരം കഴിക്കുന്ന മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നവരിലാണ്. ആ നിയന്ത്രണം ഇല്ലാത്തവരുടെ ഭാരം കുറയില്ല.
ഇതിന് പിന്നിൽ ലളിതമായ സയൻസ് ഉണ്ട്. ഒന്ന്, വാട്ടർ വെയ്റ്റ് (Water Weight). നിങ്ങൾ സാധാരണ കഴിക്കുന്ന എണ്ണയും എരിവും ചോറുമൊക്കെ ഒഴിവാക്കി കഞ്ഞിയോ ജ്യൂസോ മാത്രം കുടിക്കുമ്പോൾ ശരീരത്തിൽ നിന്ന് പെട്ടെന്ന് വെള്ളവും ഗ്ലൈക്കോജനും കുറയുന്നു. ഇതാണ് വെയ്റ്റ് മെഷീനിൽ കാണുന്ന കുറവ്. രണ്ട്, കലോറി ഡെഫിസിറ്റ് (Calorie Deficit). നിങ്ങൾ ദിവസവും കഴിക്കുന്ന കലോറിയേക്കാൾ വളരെ കുറഞ്ഞ കലോറി മാത്രം ശരീരത്തിലെത്തുമ്പോൾ ഭാരം സ്വാഭാവികമായും കുറയും. ഇതിൽ മരുന്നിന്റെയോ 'വിഷം പുറത്തുപോയതിന്റെയോ' യാതൊരു മാജിക്കുമില്ല, അതിന് സാധാരണ വീട്ടിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് കുറച്ചാൽ തന്നെ കാശു ലാഭിച്ചുകൊണ്ട് ഇത്രയും ഗുണം കിട്ടും.
'സുഖചികിത്സ' എന്ന ബ്രാൻഡിംഗ്
മഴക്കാലത്ത് പണിയില്ലാതെ വീട്ടിലിരിക്കുമ്പോൾ അല്പം കുഴമ്പ് തേച്ച് കുളിക്കുന്നത് പണ്ടുള്ളവർക്ക് ഒരു സുഖമായിരുന്നു. എന്നാൽ ഇന്നത് പാക്കേജുകളാണ്. 5000 രൂപ മുതൽ ലക്ഷങ്ങൾ വരെ വിലയുള്ള ‘കർക്കിടക പുനർജ്ജനി പാക്കേജുകൾ’. ചികിത്സ എന്നത് രോഗമുള്ളപ്പോൾ ഒരു വിദഗ്‌ധൻ പരിശോധിച്ച് നിർദ്ദേശിക്കുമ്പോൾ ചെയ്യേണ്ട ഒന്നാണ്. അല്ലാതെ കർക്കിടക മാസം ഒന്നാം തീയതി കലണ്ടർ നോക്കി എല്ലാവരും ഒരേപോലെ കുഴമ്പ് തേക്കണമെന്ന് ആയുർവേദത്തിലും പറയുന്നുണ്ടെന്ന് തോന്നുന്നില്ല.
നിങ്ങടെ കയ്യിൽ കാശുണ്ടെങ്കിൽ അതുകൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് തന്നെയാണ്. ബിവറേജസിൽ പോയി സ്വന്തം കാശുമുടക്കി കുപ്പി വാങ്ങി നാലെണ്ണം വീശുന്നവനെ നമ്മൾ തടയുന്നില്ലല്ലോ. പക്ഷെ മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മൾ പറയാതെയും ഇരിക്കില്ല. ശരിക്കും ഇതൊരു നല്ല ഉപമപോലുമല്ല. കാരണം മദ്യം ദോഷമാണെന്ന് അറിഞ്ഞിട്ടാണ് ഒരാൾ മദ്യപിക്കുന്നത്. എന്നാൽ കർക്കിടക മാസ ഉഡായിപ്പുകൾ നമുക്ക് നല്ലതുവരും എന്ന് പറഞ്ഞ് പറ്റിച്ച് നമ്മളെ കൊണ്ട് കാശും ആരോഗ്യവും കളയിക്കുന്ന ഒന്നാന്തരം ഫ്രോഡ് ബിസിനസ് മാത്രമാണ്.
പറ്റിക്കപ്പെടാതിരിക്കാൻ എനിക്കാവതില്ലേ എന്ന് വിചാരിക്കുന്നവർ തീർച്ചയായും പോയി തല വയ്ക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു. അപ്പോൾ ഇനി വേണേൽ വ്രണപ്പെട്ടോളൂ..
മനോജ് വെള്ളനാട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates