ആരോഗ്യത്തിന് ഏറ്റവും ഗുണമുള്ള പഴമമെന്ന നിലയിൽ യുഎസിലെ വില്യം പാറ്റേഴ്‌സൺ സർവകലാശാല ഗവേഷകർ കണ്ടെത്തിയ ഫ്രൂട്ട് ആണ് നാരങ്ങ. വിറ്റാമിനുകൾ, നാരുകൾ, ഫ്ലേവനോയ്ഡുകൾ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സാന്ദ്രതയിൽ നാരങ്ങ (Lemon) വേറിട്ടു നിൽക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
നാരങ്ങ പിഴിഞ്ഞ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഉന്മേഷവും ഊർജ്ജവും നൽകുന്നതാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും നാരങ്ങ ഒഴിവാക്കേണ്ട ചിലരുണ്ട്.
ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് രോഗം (GERD), ക്രോണിക് ആസിഡ് റിഫ്‌ളക്‌സ്, ഗ്യാസ്‌ട്രൈറ്റിസ്, അള്‍സര്‍ എന്നിവയുള്ള ആളുകള്‍ നാരങ്ങാവെളളം കുടിക്കുന്ന പരിമിതപ്പെടുത്തുന്നതാണ് നല്ലത്. നാരങ്ങയിലെ സിട്രിക് ആസിഡ് ആമാശയ പാളിയെയും അന്നനാളത്തെയും ട്രിഗര്‍ ചെയ്യാം. ഇത് നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്‌ളക്ഷന്‍, വയറുവേദന, ഓക്കാനം ഇവയൊക്കെ ഉണ്ടായേക്കാം. വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ഇത്തരം അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കും.
നാരങ്ങാവെള്ളം പതിവായി കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. നാരങ്ങയില്‍ അടങ്ങിയ സിട്രസ് ആസിഡ് പല്ലുകളുടെ ഇനാമലിന്റെ കട്ടി കുറയ്ക്കാനും പല്ലുകളുടെ സംവേദനക്ഷമത, ദീര്‍ഘകാല കേടുപാടുകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കാലക്രമേണ സ്ഥിരമായ ദന്ത പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
വായില്‍ അള്‍സര്‍, കാന്‍സര്‍ വ്രണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍, നാരങ്ങാവെള്ളത്തിലെ ആസിഡ് അസ്വസ്ഥതയുണ്ടാക്കുകയും രോഗാവസ്ഥ വഷളാക്കുകയും ചെയ്യാം.
ആമാശയത്തിലെ PHനോട് പ്രതികരിക്കുന്ന തരത്തിലുള്ള ചില മരുന്നുകള്‍ കഴിക്കുന്നവര്‍ നാരങ്ങാവെള്ളം കുടിക്കുകയാണെങ്കില്‍ മരുന്നുകള്‍ക്ക് ഫലപ്രാപ്തി കുറയാം.
നാരങ്ങ പോലുള്ള സിട്രസ് പഴങ്ങള്‍ ചിലരില്‍ മൈഗ്രെയ്ന്‍ അല്ലെങ്കില്‍ തലവേദനയ്ക്ക് കാരണമായേക്കാം. ഇതില്‍ അടങ്ങിയ ടൈറാമിന്‍ പോലുള്ള സംയുക്തങ്ങളാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് മൈഗ്രെയ്ന്‍ അല്ലെങ്കില്‍ തലവേദനയെ ട്രിഗര്‍ ചെയ്യാം. മാത്രമല്ല, അപൂര്‍വമാണെങ്കിലും നാരങ്ങ ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. ചര്‍മത്തില്‍ തിണര്‍പ്പ്, ചൊറിച്ചില്‍, നീര്‍വീക്കം അല്ലെങ്കില്‍ ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടായാല്‍ വൈദ്യസഹായം തേടണം.
ആരോഗ്യമുള്ള വ്യക്തികളില്‍ പോലും, നാരങ്ങാവെള്ളം അമിതമായി കുടിക്കുന്നത് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. പല്ലുകളുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനം. ഇനാമല്‍ നഷ്ടമായാല്‍ അവ വീണ്ടെടുക്കാന്‍ പ്രയാസമാണ്. ഇടയ്ക്കിടെയുള്ള അസിഡിറ്റി മറ്റൊരു പ്രധാന പ്രശ്‌നമാണ്. ദിവസവും പ്രത്യേകിച്ച് , വലിയ അളവില്‍ നാരങ്ങാവെള്ളം കുടിക്കുന്നവര്‍ക്ക് വയറുവേദന, വയറു വീര്‍ക്കല്‍, തൊണ്ടയിലെ അസ്വസ്ഥത, ആസിഡ് റിഫ്‌ളക്‌സ് എന്നിവ അനുഭവപ്പെടാനിടയാക്കും.
നാരങ്ങാവെള്ളം കുടിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ അത് ശരിയായ രീതിയില്‍ കുടിക്കണമെന്ന് മാത്രം.
നാരങ്ങാനീര് നേര്‍പ്പിച്ച് കുടിക്കുന്നതാണ് എപ്പോഴും നല്ലത്. ഒരു ഗ്ലാസ് വെളളത്തില്‍ അരമുറി നാരങ്ങയുടെ നീര് എന്ന കണക്കില്‍ വെറും വയറ്റില്‍ കുടിക്കുന്നതിന് പകരം ഭക്ഷണത്തോടൊപ്പമോ ഭക്ഷണശേഷമോ കുടിക്കാവുന്നതാണ്. ഇത് അസിഡിറ്റി ഒഴിവാക്കും.
ഒരു സ്‌ട്രോ ഉപയോഗിച്ച് നാരാങ്ങാവെള്ളം കുടിക്കുക. ഇത് പല്ലുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുകയും ഇനാമല്‍ തേഞ്ഞുപോകുന്നത് തടയുകയും ചെയ്യും.
ഒരു ദിവസം ഒന്നോ രണ്ടോ ഗ്ലാസില്‍ കൂടുതല്‍ കുടിയ്ക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates