'ഈ മധുരമെല്ലാം കഴിച്ച് അവസാനം ഷുഗറു പിടിപ്പിക്കരുത് കേട്ടോ!' പ്രമേഹത്തെ ചുറ്റിപ്പറ്റി നിരവധി അബദ്ധ ധാരണകൾ നമ്മൾക്കിടയിലുണ്ട്. അതിലൊന്നാണ് ഇത്, മധുരം കൂടിയാൽ അല്ലെങ്കിൽ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാൽ ഉടൻ ടൈപ്പ് 2 പ്രമേഹം ഉണ്ടാകുമെന്നത്. യഥാർഥത്തിൽ പ്രധാന വില്ലന്മാർ ഇവരല്ല.
കൊഴുപ്പും മധുരവും ഒരിക്കലും പ്രമേഹം നേരിട്ടു വരുത്തി വയ്ക്കില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം മൂലമുണ്ടാകുന്ന സങ്കീർണമായ ഒരു അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. അതായത്, ശരീരത്തിലെ കൊഴുപ്പിലെയും പേശികളിലെയും കരളിലെയും കോശങ്ങൾ ഇന്‍സുലിനോട് ശരിയായി പ്രതികരിക്കാത്ത വരുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും വർധിക്കാൻ കാരണമാകും.
ശരീരം ഇൻസുലിനോട് പ്രതിരോധം കാണിക്കുമ്പോഴോ ആവശ്യത്തിന് ഇൻസുലിൻ ശരീരത്തിൽ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴോ ആണ് ഈ രോഗാവസ്ഥ സംഭവിക്കുന്നത്. അതുകൊണ്ട് മധുരം കഴിച്ചതു കൊണ്ട് മാത്രമാണ് പ്രമേഹം ഉണ്ടായതെന്ന് എന്ന് ചിന്തിക്കരുത്.
ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ്
ശരീരത്തിലെ അധിക കൊഴുപ്പ്, പ്രത്യേകിച്ച് വയറിന് ചുറ്റും അടഞ്ഞു കൂടുന്നത് ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും ഒരു പ്രധാന അപടക ഘടകമാണ്. നിങ്ങളുടെ ബോഡി മാസ് ഇൻഡക്സ് (BMI) കൂടുന്തോറും പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്. അതായത്, കൊഴുപ്പ് നേരിട്ട് പ്രമേഹത്തിന് കാരണമാകുന്നില്ലെങ്കിലും അമിതമായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് അമിതവണ്ണത്തിലോക്കും അത് പ്രമേഹ സാധ്യതയിലേക്കും നയിക്കുന്നു.
പഞ്ചസാരയുടെ പങ്ക്
അതുപോലെ തന്നെ പഞ്ചസാരയും നേരിട്ട് പ്രമേഹം ഉണ്ടാക്കുന്നില്ല. എന്നാൽ പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, ഇത് പ്രമേഹത്തിന് ഒരു പ്രധാന അപകട കാരണമാണ്.
അതുകൊണ്ട്, കൊഴുപ്പോ പഞ്ചസാരയോ മാത്രം പ്രമേഹത്തിന് കാരണമാകുന്നില്ല, രണ്ടിന്റെയും അമിത ഉപയോഗം പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകും. ഇവയാണ് ടൈപ്പ് 2 പ്രമേഹത്തിന് പിന്നിലെ യഥാർത്ഥ വില്ലന്മാർ. മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, സമ്മർദം, ജനിതകം എന്നിവയെല്ലാം ഒരു വ്യക്തിയുടെ പ്രമേഹ സാധ്യത നിർണയിക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം സന്തുലിതാവസ്ഥയാണ്. ഭക്ഷണത്തിന്റെ അളവുകൾ ശ്രദ്ധിക്കുക, പ്രോസസ് ചെയ്ത അല്ലെങ്കിൽ വറുത്തതോ ആയ ഭക്ഷണം പരിമിതപ്പെടുത്തുക, പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങളും പാനീയങ്ങളും കുറയ്ക്കുക, ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തുക എന്നിവയെല്ലാം ഫലപ്രദമായ പ്രതിരോധ നടപടികളാണ്. കൂടാതെ പതിവ് പരിശോധനകൾ നടത്തുന്നത് പ്രമേഹ സാധ്യത കണ്ടെത്താനും പ്രതിരോധ നടപടി സ്വീകരിക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates