ഫുട്ബോൾ ഉള്ളിടത്തോളം കാലം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പേരിന് ഉയർന്നു നിൽക്കും. 41-ാം വയസ്സിലും പ്രായത്തെ തോൽപ്പിക്കുന്ന മെയ് വഴക്കവും വേഗതയും കൊണ്ട് ഫുട്ബോൾ ലോകത്തെ തന്നെ അമ്പരപ്പിച്ച കായികതാരമാണ് റൊണാൾഡോ. ഓരോ തവണയും കാൽപന്തിൽ മാന്ത്രികം സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ ഡയറ്റ് സീക്രട്ട് എന്താണെന്ന് അറിയാമോ?
കൗതുകമോ ആഢംബരമോ ആയ ഡയറ്റ് അല്ല റൊണാൾഡോയുടെത്. മറിച്ച് വളരെ ലളിതമായ ഭക്ഷണരീതിയാണ് അദ്ദേഹം പിന്തുടരുന്നതെന്ന് റൊണാൾഡോയുടെ മുൻ വ്യക്തിഗത ഷെഫ് ജോർജിയോ ബറോൺ പറയുന്നു. ലളിതവും അച്ചടക്കവുമുള്ള ഭക്ഷണക്രമമാണ് അദ്ദേഹത്തിന്റേത്.
അവോക്കാഡോ, മുട്ട, പച്ചക്കറികൾ, ചിക്കൻ, മത്സ്യം പോലുള്ള ലീൻ പ്രോട്ടീനുകളാണ് പ്രധാനം. ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം ബ്ലാക്ക് അല്ലെങ്കിൽ റെഡ് റൈസ് ആണ് കഴിക്കുന്നത്. ഒരു ദിവസം ആറ് തവണയായി ചെറിയ അളവിലാണ് റൊണാള്‍ഡോ ഭക്ഷണം കഴിക്കുക.
റൊണാള്‍ഡോയുടെ ബോഡി ഫാറ്റിന്റെ അളവ് ഏഴ് ശതമാനത്തില്‍ താഴെ മാത്രമാണ്. സാധാരണഗതിയില്‍ അത്‌ലറ്റുകള്‍ക്ക് പ്രായം കൂടുന്തോറും പേശികള്‍ക്ക് ബലക്കുറവ് സംഭവിക്കാറുണ്ട്. എന്നാല്‍ റൊണാള്‍ഡോയുടെ കാര്യത്തില്‍ ഇതുവരെ ഇത് സംഭവിച്ചിട്ടില്ല. കഠിനമായ സ്‌ട്രെങ്ത് ട്രെയിനിങ്ങിനൊപ്പം ഓട്ടം പോലുള്ള എന്‍ഡുറന്‍സ് പരിശീലനവും മൊബിലിറ്റി വ്യായാമങ്ങളുമാണ് റൊണാള്‍ഡോയുടെ ആരോഗ്യ രഹസ്യം.
വൈറ്റ് ഷുഗർ ഡയറ്റിൽ നിന്ന് പൂർണമായും ഒഴിവാക്കി. സംസ്കരിച്ച ഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ വിഭവങ്ങൾ എന്നിവയും താരം ഒഴിവാക്കി. അതുപോലെ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം അദ്ദേഹത്തിനില്ല. അത്താഴം വളരെ സിംപിൾ ആയിരിക്കും, അത് നേരത്തെ കഴിക്കുകയും ചെയ്യുമെന്ന് ബറോൺ പറയുന്നു.
കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും അദ്ദേഹം ശ്രമിക്കാറുണ്ട്. രാത്രി വൈകി ഗെയിമുകളിലോ ഉറക്കം കളയുന്നതോ ആയ ഒരു വിനോദത്തിലും അദ്ദേഹം ഏർപ്പെടാറില്ല. റൊണാൾഡോയുടെ വിജയത്തിന്റെ 60 ശതമാനം ഭക്ഷണക്രമവും 40 ശതമാനം കഠിനമായ പരിശീലനവുമാണെന്ന് ബറോൺ പറയുന്നു. ഓരോ ദിവസവും തന്റെ ലക്ഷ്യത്തിനായി മാറ്റമില്ലാതെ അധ്വാനിക്കുന്ന ആ അച്ചടക്കമാണ് 41-ാം വയസിലും അദ്ദേഹത്തെ ലോകത്തെ മികച്ച കായികതാരങ്ങളിൽ ഒരാളായി നിലനിർത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates