രക്തത്തിൽ നിന്ന് മാലിന്യവും അധിക ദ്രാവകവും ഫിൽറ്റർ ചെയ്തു കളയുന്നത് വൃക്കകളാണ്. വൃക്കകൾ പണി മുടക്കിയാൽ അത് മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെ ബാധിക്കാം. വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഡയറ്റിലാണ്. ചില ഭക്ഷണം അമിതമാകുന്നത് വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കാം.
അതിൽ പ്രധാനിയാണ് ഉപ്പ്. ഉപ്പില്ലാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ പ്രോസസ്ഡ് ഭക്ഷണങ്ങൾ, സ്നാക്സ് പോലുള്ളവയിൽ അടങ്ങിയ അമിതമായ ഉപ്പിന്റെ അളവ് ശരീരത്തില്‍ എത്തുന്നത് പതിവാകുമ്പോള്‍, ഫ്ലൂയ്ഡ് റിറ്റൻഷനിലേക്കും ഉയർന്ന രക്തസമ്മർദത്തിലേക്കും നയിക്കും. ഇത് വൃക്കകളുടെ ആരോഗ്യം നശിപ്പിക്കാൻ ഇടയാക്കും.
റെഡ്മീറ്റ്
റെഡ് മീറ്റിൽ യൂറിക് ആസിഡിന്റെ അളവു കൂടുതലായതിനാൽ ഇത് വൃക്കകളുടെ പണി ഇരട്ടിയാക്കും. കാലക്രമേണ വൃക്കകളിൽ കല്ലു വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പായ്ക്ക് സ്നാക്സ്, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ പോലുള്ളവയില്‍ സോഡിയവും പ്രിസർവേറ്റീവുകളും അഡിറ്റീവുകളും ധാരാളമായുണ്ട്. ഇവ വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താം. ഇത് കാലക്രമേണ അവയുടെ ആരോഗ്യം നശിപ്പിക്കും.
മധുര പാനീയങ്ങൾ
സോഡ, സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ള ശീതള പാനീയങ്ങള്‍ സ്ഥിരമായാല്‍ പഞ്ചസാരയും ഫോസ്ഫറസ് അഡിറ്റീവുകളും ധാരാളമായി ശരീരത്തിലെത്താൻ കാരണമാകും. ഇത് പൊണ്ണത്തടിക്കും ഇൻസുലിൻ റസിസ്റ്റൻസിനും കാരണമാകും. വൃക്കരോഗസാധ്യതയുള്ളവരിൽ രോഗം വരാനും ഇത് കാരണമാകും.
പാല്‍
പാല്‍ ഉല്‍പ്പന്നങ്ങള്‍ അമിതമാകുന്നതും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇതില്‍ അടങ്ങിയ ഫോസ്ഫറസും കാത്സ്യവും വൃക്കയിൽ കല്ലുകള്‍ ഉണ്ടാകുന്നതിലേക്ക് നയിക്കാം. വൃക്കരോഗം ഉള്ളവർ അമിതമായി പാലുൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ അത് വൃക്കകളെ കൂടുതൽ ദുർബലപ്പെടുത്തും.
കഫീൻ
കാപ്പി, ചായ തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ വൃക്കകൾക്ക് ക്രമേണ ആയാസമുണ്ടാക്കുകയും വൃക്കകളുടെ പ്രവർത്തനക്ഷമത കുറയുകയും ചെയ്യും. ഇവ അമിതമായാല്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കാനും ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കാനും കാരണമാകും.
വറുത്ത ഭക്ഷണങ്ങൾ
എണ്ണമയമുള്ള വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകളും സോഡിയവും അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകും. ഒപ്പം ഇത് വൃക്കകൾക്ക് ആയാസമുണ്ടാക്കുകയും വൃക്കകളുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates