

കണ്ണൂർ: കെഎസ്‍യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിനു പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് ഡിസ്ചാർജായി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്. പിന്നാലെ മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി. കാറിലാണ് മന്ത്രി യാത്ര തിരിച്ചത്.
ആരോഗ്യനില മെച്ചപ്പെട്ടതിനാലും രക്തസമ്മർദ്ദം സാധാരണ നിലയിലായതും കണക്കിലെടുത്ത് ഒൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് ഡിസ്ചാർജ് ചെയ്യാമെന്നു ആശുപത്രി അധികൃതർ തീരുമാനം എടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടർ ചികിത്സ തേടുമെന്നാണ് വിവരം.
മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എംആര്‍ഐ സ്‌കാനിങ് അടക്കമുള്ള പരിശോധനകൾക്കും മന്ത്രിയെ വിധേയയാക്കിയിരുന്നു.
കെഎസ്‌യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് വീണ ജോര്‍ജിന് പരിക്കേറ്റത്. പരിക്കേറ്റ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി. കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൈ പിടിച്ചുതിരിക്കുകയും പിടിച്ചുതള്ളുകയും ചെയ്‌തെന്നാണ് ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates