ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും ആരോഗ്യം സംരക്ഷിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ അർബുദങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. ആരോഗ്യകരമായ കൊഴുപ്പുകൾ എന്ന് അറിയപ്പെടുന്ന ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ ഇവ 19 പ്രത്യേക തരം അർബുദങ്ങളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുമെന്ന് ജോർജിയ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
10 വർഷത്തോളം നീണ്ട പഠനത്തിൽ യുകെയിൽ നിന്നുള്ള 2,50,000 ആളുകളാണ് ഭാഗമായത്. പഠന കാലയളവിൽ ഇതിൽ 30000 പേർക്ക് ഏതെങ്കിലും തരത്തിലുള്ള അർഹുദം സ്ഥിരീകരിച്ചിരുന്നു. ഉയർന്ന അളവിലുള്ള ഒമേഗ -3 വൻകുടൽ, ആമാശയം, ശ്വാസകോശ അർബുദം, ദഹനനാളത്തിലെ അർബുദം എന്നിവയുടെ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. അതേസമയം ഉയർന്ന അളവിൽ ഒമേഗ-6 ഫാറ്റി ആസിഡ് തലച്ചോറ്, ചർമം, മൂത്രസഞ്ചി എന്നിവ ഉൾപ്പെടെ 14 വ്യത്യസ്ത തരത്തിലുള്ള അർബുദങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി.
ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ ശരീരത്തിലെ വീക്കം നിയന്ത്രിക്കുന്നതിനും കോശവളർച്ച നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും അർബുദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും ഇത് കൂടുതൽ സഹായിച്ചുവെന്നാണ് പഠനം വിശദീകരിക്കുന്നത്. എന്നാൽ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയർന്ന അളവ് പുരഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും ആരോഗ്യം വർധിപ്പിക്കുന്നതിനും അർബുദത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും സാൽമൺ, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ദൈനംദിനം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രധാനമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates