പാകം ചെയ്യുന്നതിന് മുൻപ് ചിക്കൻ കഴുകുക എന്നത് നമുക്ക് സാധാരണമാണ്. വെള്ളത്തിൽ രണ്ടും മൂന്നും തവണ കഴുകിയില്ലെങ്കിൽ മനസ്സിനൊരു തൃപ്തിയാകില്ല. എന്നാൽ റോ ചിക്കൻ (പാകം ചെയ്യാത്ത ചിക്കൻ) കഴുകുന്നത് ആരോഗ്യത്തിന് അപകടമാണെന്ന് പറയുകയാണ് ഖത്തറിൽ നിന്നുള്ള ഫുഡ് സേഫ്റ്റി ഓഫീസർ ആയ അഹാന നാസർ.
മലയാളി കൂടിയായ അഹാന കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ അതിവേഗം വൈറലാവുകയാണ്. വിഡിയോയിൽ റോ ചിക്കൻ കഴുകേണ്ടതില്ലെന്നും അവയുടെ ഈർപ്പം ഒപ്പിയെടുത്താൻ മതിയെന്നും അഹാന ചൂണ്ടിക്കാണിക്കുന്നു. വിഡിയോയുടെ താഴെ വിമർശനങ്ങളും സംശയങ്ങളും അശ്ചര്യവും നിറഞ്ഞ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
അങ്ങനെ പറയാനുള്ള കാരണവും അഹാന വിശദീകരിക്കുന്നുണ്ട്. ചിക്കനിൽ സാൽമൊണെല്ല, കാമ്പിലോബാക്ടർ പോലുള്ള മാരക ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ചിക്കൻ വൃത്തിയാകാൻ രണ്ടും മൂന്നും തവണ ഒഴുകുന്ന വെള്ളത്തിൽ കഴുകുന്നത്, ഈ ബാക്ടീരിയ നിങ്ങളുടെ സിങ്ക്, പാത്രങ്ങൾ, കൈകൾ എന്നിവയിൽ പടരാം. ഇതിനെ ക്രോസ് കൺഡാമിനേഷൻ എന്ന് പറയുന്നു.
പിന്നീട് അതേ ഉപരിതലത്തിൽ നിന്ന് മറ്റ് ഭക്ഷണങ്ങളിലേക്കും ബാക്ടീരിയ പകരാം. ചുരുക്കം പറഞ്ഞാൽ, ചിക്കൻ കഴുകുന്നത് ബാക്ടീരിയ കുറയ്ക്കുന്നതിന് പകരം കൂടുതൽ പടരാൻ കാരണമാകും. ചിക്കനിലെ ബാക്ടീരിയ നശിക്കുന്നത് കഴുകുമ്പോൾ അല്ല, മറിച്ച് അത് പാകം ചെയ്യുമ്പോഴാണെന്നും അഹാന പറയുന്നു. കുറഞ്ഞത് 75°C ചൂടിൽ ചിക്കൽ വേവിക്കണം.
ചിക്കൻ കഴുകണമെന്ന് ഉണ്ടെങ്കിൽ അവ കഴുകാൻ പ്രത്യേകം പാത്രവും കട്ടിങ് ബോർഡും കത്തിയും ഉപയോഗിക്കാം. സമീപത്ത് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതും ഒഴിവാക്കണം. മാത്രമല്ല ഒഴുകുന്ന വെള്ളത്തിൽ കഴുകാതിരിക്കാനും ശ്രദ്ധിക്കണം. കഴുകിയ ശേഷം ആ പ്രദേശം നന്നായി സോപ്പിട്ട് അല്ലെങ്കിൽ അണുനശീകരണം നടത്തിയെന്ന് ഉറപ്പാക്കുക. തീർന്നില്ല, കൈകൾ സോപ്പിട്ട് കഴുകാനും മറക്കരുതെന്ന് അഹാന ഓർമിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates