കേരളത്തിൽ ഇനി അവന്റെ കാലമാണ്... നാട്ടിൻപുറങ്ങളിൽ ചക്ക വരവറിയിച്ചു കഴിഞ്ഞു. പുറമെ കണ്ടാൽ കുറച്ചു പരുക്കനാണെങ്കിലും ചക്ക ആളൊരു ഉപകാരിയാണ്. ചക്കച്ചുളയും കുരുവും എന്തിനേറെ പറയുന്നു ചക്ക മടലു പോലും പലരും കളയാറില്ല. അത്രയും ഗുണങ്ങൾ അടങ്ങിയതാണ് ചക്കയെന്ന് സാരം.
മാർക്കറ്റിൽ എത്തുന്ന പല വിദേശികളെക്കാളും പോഷകഗുണത്തിൽ എപ്പോഴും ഒരുപടി മുന്നിലാണ് നമ്മുടെ പറമ്പിൽ സുലഭമായി കിട്ടുന്ന ചക്ക. രോഗപ്രതിരോധശേഷി നൽകുന്ന ഭക്ഷണങ്ങളുടെ ഗണത്തിൽ വരുന്ന വളരെ വിരളമായ ഫലവർഗങ്ങളിൽ ഒന്നാണു ചക്ക എന്ന സവിശേഷയുമുണ്ട്. മൂപ്പെത്താത്ത ഇടിച്ചക്ക മുതൽ വിളഞ്ഞ പഴുത്ത ചക്ക വരെ പോഷകങ്ങളുടെ കലവറയാണ്.
പഴുത്ത ചക്ക
പഴുത്ത ചക്കയിൽ എളുപ്പത്തിൽ ദഹിക്കുന്ന രീതിയിലുള്ള ഷുഗേഴ്സ് (Fructose & Sucrose) അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊർജ്ജം നൽകും. 100 ഗ്രാം ചക്ക 95 കാലറി ഊർജം തരുന്നു. മാത്രമല്ല, ചക്കയിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയതാണ്. 100 ഗ്രാം ചക്കയ്ക്ക് ഒരാൾക്ക് ദിവസേന ആവശ്യമുള്ളതിന്റെ 50 ശതമാനത്തിലേറെ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ധാതുക്കളിൽ പൊട്ടാസ്യം നല്ല അളവിൽ കാണുന്ന ഫലവർഗമാണ് ചക്ക. ബി വിറ്റാമിനുകളുടെ സാന്നിധ്യം ചക്കയിൽ മാത്രമാണുള്ളത്.
ചക്കക്കുരു
ചക്ക സീസൺ ആയാൽ പിന്നെ മിക്ക വീടുകളിലും ചക്കക്കുരു തോരനോ മെഴുക്കുപുരട്ടിയോ സ്ഥിരമായിരിക്കും. ഇത് മടുപ്പിക്കുമെങ്കിലും ആരോഗ്യത്തിന് മികച്ചതാണ്. പ്രോട്ടീന്റെ ഒരു മികച്ച ഉറവിടമാണ് ചക്കക്കുരു. ഫൈറ്റോന്യൂട്രിയൻസ്, ഫ്ലേവനോയിഡ് എന്നിവയാൽ സമ്പുഷ്ടമായ ചക്കക്കുരു കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചക്കക്കുരു ഉണക്കിപ്പൊടിച്ച് പലഹാരങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കാം.
ചക്കമടൽ
പലരും ഉപയോഗിക്കാതെ കളയുന്ന ഒന്നാണ് ചക്കമടൽ. ഇതിൽ പെക്റ്റിൻ (pectin) ധാരാളമായി ഉള്ളതിനാൽ ജെല്ലി, ജാം എന്നിവ വളരെ ചെലവു കുറഞ്ഞ രീതിയിൽ ഉണ്ടാക്കാം. പെക്റ്റിൻ പ്രമേഹം, കൊളസ്ട്രോൾ, കാൻസർ എന്നിവ തടയുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചക്കയുടെ നടുഭാഗം പശ നീക്കി, തിളപ്പിച്ചൂറ്റി എടുത്താൽ മാംസാഹാരത്തെ വെല്ലുന്ന രുചികരമായ കറി വയ്ക്കാം.
ചക്കയുടെ ആരോഗ്യഗുണങ്ങൾ
പച്ചച്ചക്കയിൽ ധാരാളമായി കാണപ്പെടുന്ന നാരുകൾ അന്നജത്തിന്റെ ദഹനത്തെ സാവധാനമാക്കി രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ കൂടാതെ നിയന്ത്രണവിധേയമാക്കി നിർത്തുന്നു. പച്ചച്ചക്ക വേവിച്ചതു മിതമായ അളവിൽ ഒരു നേരത്തെ പ്രധാന ഭക്ഷണമായി കഴിക്കുന്നതു പ്രമേഹരോഗികളിൽ ഷുഗർ നിയന്ത്രണത്തിൽ നിർത്തുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പഴുത്ത ചക്ക പ്രമേഹരോഗികൾ രണ്ടു മൂന്നു ചുളയിൽ കൂടുതൽ കഴിക്കാൻ പാടില്ല.
ചക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം പരിധിക്കുള്ളിൽ നിർത്താൻ ഏറെ സഹായിക്കുന്നു.
നാരുകൊണ്ടു സമ്പുഷ്ടമായ ചക്ക കുടലുകളിൽ നിന്നും കാൻസർ ഉണ്ടാക്കുന്ന രസവസ്തുക്കളെ നീക്കം ചെയ്ത് ഇന്നു സർവസാധാരണമായ കുടൽ കാൻസറിനെ തടയാൻ സഹായിക്കുന്നു.
കാഴ്ചശക്തി വർധിപ്പിക്കാൻ ചക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ സഹായിക്കും.
ചക്കയിൽ ധാരാളമായുള്ള വിറ്റാമിൻ ബി6 രക്തത്തിലെ ഹോമോസിസ്റ്റിന്റെ അളവു കുറച്ചു ഹൃദയാരോഗ്യം നിലനിർത്തുന്നു.
പാവങ്ങളുടെ മീറ്റ് എന്നു വിശേഷിപ്പിക്കുന്ന ചക്ക (പച്ചച്ചക്ക) ഇരുമ്പിനാൽ സമ്പുഷ്ടമായതിനാൽ രക്തയോട്ടം വർധിപ്പിച്ചു വിളർച്ചയ്ക്കു പരിഹാരം നൽകുന്നു.
ചക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യം കാത്സ്യത്തിന്റെ ആഗിരണത്തെ ത്വരിതപ്പെടുത്തി എല്ലുകളെ ബലപ്പെടുത്തുന്നു.
പച്ചച്ചക്ക അരിഞ്ഞു വെയിലത്ത് ഉണക്കി സൂക്ഷിക്കാം.
പച്ചച്ചക്ക കനം കുറച്ചരിഞ്ഞ് എണ്ണയിൽ വറുത്ത് സ്വാദിഷ്ഠമായ ഉപ്പേരിയായി ഉപയോഗിക്കാം.
ചക്കക്കുരു ഉണക്കി പൊടിയാക്കി ഗോതമ്പുപൊടി, മൈദ ഇവയ്ക്കു പകരമായി ഉപയോഗിക്കാം. പ്രോട്ടീനിനാൽ സമ്പുഷ്ടമായതിനാൽ പയറുപരിപ്പുവർഗങ്ങൾക്കും പകരമായി ഉപയോഗിക്കാം.
പഴുത്ത വരിക്കച്ചക്ക അരിഞ്ഞ് ഉണങ്ങി സൂക്ഷിച്ചാൽ സ്വാദിഷ്ഠമായ വിഭവങ്ങൾ തയാറാക്കാം.
ചക്ക വരട്ടി എടുത്തുവച്ചാൽ അതു നീണ്ടകാലം കേടുകൂടാതെ ഇരിക്കും.
ജാം, സ്ക്വാഷ് ഇവയാക്കിയും ചക്ക നമുക്കു പ്രയോജനപ്പെടുത്താം.
പഴുത്ത ചക്ക ഷുഗർ സിറപ്പിൽ ഇട്ടുവച്ച് പല സ്വീറ്റ്സ് ഉണ്ടാക്കുന്നതിലും ഉപയോഗിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates