

പനജി: 57-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്‌ഐ) ബ്രിക്‌സ് വിഭാഗത്തില്‍ നമിത് മല്‍ഹോത്ര നിര്‍മിച്ച രണ്‍ബീര്‍ കപൂര്‍ ചിത്രം 'രാമായണ' ഉദ്ഘാടന ചിത്രമാകും. നവംബര്‍ 20 മുതല്‍ 28 വരെ ഗോവയിലാണ് ചലച്ചിത്രമേള നടക്കുന്നത്. ബ്രിക്‌സ് അംഗങ്ങളായ 11 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്കൊപ്പം പാര്‍ട്‌നര്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. വിവിധ രാജ്യങ്ങളിലെ സിനിമാ പാരമ്പര്യങ്ങളും കഥപറച്ചില്‍ രീതികളും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും സീതയായി സായ് പല്ലവിയും ലക്ഷ്മണനായി രവി ദുബെയുമാണ് വേഷമിട്ടത്. എആര്‍ റഹ്മാനും ഹാന്‍സ് സിമ്മറും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. നവംബര്‍ അഞ്ചിന് ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 1,500 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രണ്ടാം ഭാഗം 2028ല്‍ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. രാവണനെ മഹത്വവത്കരിക്കുന്നു എന്നാരോപിച്ച് ചിത്രത്തിനെതിരെ വിഎച്ച്പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, രണ്‍വീര്‍ സിങ് നായകനായ 'ധുരന്ധര്‍' ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമാകും. സമകാലിക ഇന്ത്യന്‍ സിനിമകളെ പരിചയപ്പെടുത്തുന്ന വിഭാഗമാണിത്. 57-ാമത് ഐഎഫ്എഫ്‌ഐയുടെ മുന്നോടിയായുള്ള വാര്‍ത്താസമ്മേളനം വെള്ളിയാഴ്ച നടന്നിരുന്നു. 'അതിരുകളില്ലാത്ത കഥകള്‍' (Stories Without Borders) എന്നതാണ് ഇത്തവണ ചലച്ചിത്രമേളയുടെ പ്രമേയം. ഭൂമിശാസ്ത്രപരവും ഭാഷാപരവും സാംസ്‌കാരികവുമായ അതിരുകള്‍ മറികടക്കാന്‍ സിനിമയ്ക്കുള്ള കഴിവാണ് ഈ പ്രമേയം അടയാളപ്പെടുത്തുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംവിധായകര്‍, അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, നിരൂപകര്‍, സിനിമാപ്രേമികള്‍ എന്നിവരുടെ സംഗമവേദിയായി മേള മാറും. 86 രാജ്യങ്ങളില്‍ നിന്നുള്ള 159 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. ഏകദേശം 1,400 സിനിമകളില്‍ നിന്നാണ് ഇവ തിരഞ്ഞെടുത്തത്. പോളിഷ് സംവിധായകന്‍ പാവെല്‍ പാവ്ലിക്കോവ്‌സ്‌കിയുടെ 'ഫാദര്‍ലാന്‍ഡ്' ആണ് മേളയുടെ ഉദ്ഘാടന ചിത്രം. 'ഇഡ', 'കോള്‍ഡ് വാര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം അക്കാദമി അവാര്‍ഡ് ജേതാവാണ്. 79-ാമത് കാന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു.
അന്താരാഷ്ട്ര മത്സരം, മികച്ച നവാഗത ഫീച്ചര്‍ ചിത്രത്തിനുള്ള മത്സരം, ഐസിഎഫ്ടി-യുനെസ്‌കോ ഗാന്ധി മെഡല്‍ എന്നിവയുള്‍പ്പെടെ മൂന്ന് പ്രധാന മത്സരവിഭാഗങ്ങളും ഇത്തവണയുണ്ടാകും. ഇന്ത്യന്‍ സിനിമകളുടെ വൈവിധ്യവും മികവും അവതരിപ്പിക്കുന്ന ഇന്ത്യന്‍ പനോരമ വിഭാഗവും തുടരും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ചയും വിനോദമേഖലയിലെ മാറുന്ന പ്രവണതകളും പരിഗണിച്ച് മികച്ച വെബ് സീരീസിനുള്ള (ഒടിടി) പുരസ്‌കാരവും ഇത്തവണ നല്‍കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകരെയും സിനിമാപ്രേമികളെയും സ്വാഗതം ചെയ്യാന്‍ സംസ്ഥാനം സജ്ജമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates