നിതേഷ് തിവാരി സംവിധാനം ചെയ്ത രൺബീർ കപൂർ ചിത്രം 'രാമായണ'യ്ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നടൻ നിതീഷ് ഭരദ്വാജ്. ചിത്രത്തെ ഒരു 'അജണ്ട'യെന്ന് വിശേഷിപ്പിച്ച അദ്ദേഹം രാവണനെ നായകനായി അവതരിപ്പിക്കുകയും ശ്രീരാമന്റെ കഥാപാത്രത്തെ സാധാരണ മനുഷ്യനായി ചുരുക്കുകയും ചെയ്തുവെന്നാണ് ആരോപിക്കുന്നത്.
ചിത്രത്തിന്റെ നിർമാണത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ബി.ആർ. ചോപ്രയുടെ വിഖ്യാതമായ 'മഹാഭാരത്' ടെലിവിഷൻ പരമ്പരയിൽ ശ്രീകൃഷ്ണനായി വേഷമിട്ടതിലൂടെ ശ്രദ്ധേയനായ താരമാണ് നിതീഷ് ഭരദ്വാജ്. നേരത്തെ 'രാമായണ'യുടെ ട്രെയിലർ പുറത്തുവന്നപ്പോൾ ചിത്രത്തെ പ്രശംസിച്ച അദ്ദേഹം ഓസ്കർ പുരസ്കാരം വരെ പ്രവചിച്ചിരുന്നു. എന്നാൽ സിനിമ കണ്ടതിന് പിന്നാലെ തന്റെ നിലപാട് മാറ്റുകയും മുൻപ് പങ്കുവെച്ച പ്രശംസ പിൻവലിക്കുകയും ചെയ്തു.
ചിത്രത്തിൽ ശ്രീരാമനെ അവതരിപ്പിച്ചിരിക്കുന്ന രീതിയോടാണ് നിതീഷിന്റെ പ്രധാന വിയോജിപ്പ്. 'ശ്രീരാമനെ വളരെ ചെറിയൊരു സാധാരണ മനുഷ്യനായി ചിത്രീകരിച്ചിരിക്കുന്നു. മുഖത്ത് ഭാവങ്ങളില്ലാത്ത ഒരാളായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതല്ല രാമൻ. മര്യാദയാണ് ശ്രീരാമന്റെ അടിസ്ഥാനമൂല്യം' എന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്. അയോധ്യയിൽ നിന്ന് കണ്ണീരോടെ രാമൻ മടങ്ങുന്ന രംഗവും ഇക്ഷ്വാകു വംശത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യാഷ് അവതരിപ്പിച്ച രാവണന്റെ കഥാപാത്രത്തോടും നിതീഷിന് കടുത്ത വിയോജിപ്പുണ്ട്. ചിത്രത്തിൽ രാവണന്റെ നെഗറ്റീവ് സ്വഭാവങ്ങൾ വേണ്ടത്ര അവതരിപ്പിച്ചിട്ടില്ലെന്നും പകരം പുരോഗമനവാദിയും സാമൂഹികനീതി ഉയർത്തിപ്പിടിക്കുന്ന ഭരണാധികാരിയുമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാവണനെ ഒരു മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് നേതാവിനെപ്പോലെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും നിതീഷ് പറഞ്ഞു.
രാവണ ഇത്ര വിശാലഹൃദയനായ രാജാവായിരുന്നെങ്കിൽ പിന്നെ എന്തിനാണ് മഹാവിഷ്ണു ശ്രീരാമനായി അവതരിക്കുന്നത്? പുതിയ തലമുറയുടെ കാഴ്ചപ്പാടിൽ അദ്ദേഹമൊരു കൂൾ ഡൂഡാണ്. അങ്ങനെയെങ്കിൽ രണ്ടാം ഭാഗത്തിൽ ഈ രാവണനെ പരാജയപ്പെടുത്തുന്ന ശ്രീരാമനെ വില്ലനായല്ലേ കണക്കാകുക എന്നും നിതീഷ് ചോദിച്ചു. ചിത്രം ഈ രാജ്യത്തിന്റെ ചരിത്രം തിരിച്ചെഴുതുന്നുവെന്നും 'വില്ലനെ നായകനാക്കുകയും നായകനെ വില്ലനുമാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രാക്ഷസകുലത്തിലെ ഒരു രാജാവ് കീഴാളരായ അസുരന്മാരെ സംരംക്ഷിക്കുകയാണെന്നും നിതീഷ് ഭരദ്വാജിന് വിമർശനമുണ്ട്.
രാമായണത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു. ചിത്രത്തിലെ രാവണനെ കണ്ട യുവതലമുറ അദ്ദേഹത്തെ ഒരു ഹീറോയായി ആരാധിക്കാൻ സാധ്യതയുണ്ടെന്നാണ് നിതീഷിന്റെ വാദം. അങ്ങനെയെങ്കിൽ രണ്ടാം ഭാഗത്തിൽ ഈ രാവണനെ പരാജയപ്പെടുത്തുന്ന ശ്രീരാമനെ എങ്ങനെയാണ് അവതരിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു. 'വില്ലനെ നായകനും നായകനെ വില്ലനുമാക്കുകയാണ് സിനിമ ചെയ്യുന്നത്' എന്നായിരുന്നു വിമർശനം.
ചിത്രത്തിന്റെ നിർമാണത്തിനായി എത്തിയ പണത്തിന്റെ സ്രോതസ്സുകളെക്കുറിച്ചും നിതീഷ് ചോദ്യങ്ങൾ ഉന്നയിച്ചു. ലക്സംബർഗ്, യുഎഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിർമാണ കമ്പനിക്ക് പണം ലഭിച്ചിട്ടുണ്ടെന്നാണ് തന്റെ അറിവെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിനു പുറത്തുള്ളവർക്ക് ഭാരതം വിജയിക്കുന്നത് സഹിക്കാനാകില്ല. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിപ്പിലാണ്. അതിനാൽ സിനിമയിലൂടെ ഇന്ത്യൻ സംസ്കാരത്തെയും നാഗരികതയെയും ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു.
നേരത്തെ ചിത്രത്തിന്റെ ട്രെയിലർ കണ്ടതിന് പിന്നാലെ സംവിധായകൻ നിതേഷ് തിവാരിയെയും ഛായാഗ്രഹണത്തെയും വിഷ്വൽ എഫക്ട്സിനെയും സംഗീതത്തെയും നിതീഷ് ഭരദ്വാജ് പ്രശംസിച്ചിരുന്നു. ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ഒന്നിക്കുന്ന സംഗീതവും ചിത്രത്തിന്റെ സാങ്കേതിക മികവും ചൂണ്ടിക്കാട്ടിയായിരുന്നു ഓസ്കർ പ്രവചനം. എന്നാൽ ചിത്രം കണ്ടതോടെ അദ്ദേഹത്തിന്റെ അഭിപ്രായം പൂർണമായും മാറിയിരിക്കുകയാണ്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2028ലെ ദീപാവലി റിലീസായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.