

ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിങ്ങുമായി ധനുഷ് ചിത്രം 'ഒ.എം: ഓപ്പറേഷൻ മോൾ'. റിലീസിന് മുന്നോടിയായുള്ള അഡ്വാൻസ് ബുക്കിങ്ങിൽ ധനുഷിന്റെ കരിയറിലെ ഏറ്റവും ഉയർന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്.
ആദ്യദിന പ്രദർശനങ്ങൾക്കായി ലോകമെമ്പാടുമായി 13.50 കോടി രൂപയുടെ പ്രീ-സെയിൽസ് ആണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിന അഡ്വാൻസ് ബുക്കിങ്ങിലൂടെ 7.32 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഇതോടെ ധനുഷിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന പ്രീ-സെയിൽസ് എന്ന നേട്ടവും ചിത്രം സ്വന്തമാക്കി.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ നവംബർ 20ന് തിയേറ്ററുകളിലെത്തി. നവംബർ 19 വൈകിട്ട് ആറുവരെയുള്ള കണക്കുകൾ പ്രകാരമാണ് ലോകമെമ്പാടുമായി 13.50 കോടി രൂപയുടെ അഡ്വാൻസ് ബുക്കിങ് റിപ്പോർട്ട് ചെയ്തത്. ധനുഷിന്റെ മുൻചിത്രമായ 'രായൻ' ആദ്യദിന അഡ്വാൻസ് ബുക്കിങ്ങിൽ നേടിയ 6.15 കോടി രൂപയെന്ന റെക്കോർഡാണ് 'ഒ.എം' മറികടന്നത്. 'ക്യാപ്റ്റൻ മില്ലർ' 3.87 കോടി രൂപയും 'ഇഡ്ഡലി കടൈ' 3.07 കോടി രൂപയുമായിരുന്നു ആദ്യദിന അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയത്.
പ്രധാന വിപണികളിലെ കണക്കുകൾ പരിശോധിച്ചാൽ തമിഴ്നാട്ടിൽ നിന്ന് മാത്രം അഞ്ച് കോടി രൂപയാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്. തെലുങ്ക് വിപണിയിൽ നിന്ന് രണ്ട് കോടിയിലധികം രൂപയും ലഭിച്ചു. കേരളത്തിലും ചിത്രത്തിന് മികച്ച മുന്നേറ്റമാണുള്ളത്. മമ്മൂട്ടിയുടെ സാന്നിധ്യം കേരളത്തിലെ റിലീസിന് ഗുണകരമായെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് ഏകദേശം 1.50 കോടി രൂപയും കർണാടകയിൽ നിന്ന് 75 ലക്ഷം രൂപയുമാണ് അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിച്ചത്. ബാക്കി തുക വിദേശ വിപണികളിൽ നിന്നാണ്.
ചിത്രത്തിൽ ധനുഷിനും മമ്മൂട്ടിക്കും പുറമെ സായ് പല്ലവി, ശ്രീലീല, ഇന്ദ്രൻസ്, നസറുദ്ദീൻ ഷാ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചുവന്ന ചന്ദനത്തടിയുടെ കടത്തും അതുമായി ബന്ധപ്പെട്ട അധോലോക ശൃംഖലയുമാണ് ചിത്രത്തിന്റെ പ്രമേയം. രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ആൾമാറാട്ടത്തിലൂടെ കടത്തുസംഘത്തിനുള്ളിൽ പ്രവേശിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates