മലയാളത്തിലും തമിഴിലും ബോളിവുഡിലും തിളങ്ങിയിട്ടുള്ള നടിയാണ് നിത്യ മേനോൻ. എന്നാൽ ഇടയ്ക്ക് സിനിമയിൽ നിന്ന് നിത്യ ചെറിയൊരു ഇടവേള എടുത്തിരുന്നു. സിനിമയിൽ തുടർച്ചയായി അഭിനയിക്കുന്നതിനേക്കാൾ ഇടവേളകളെടുത്ത് സ്വന്തം ജീവിതത്തിനും വ്യക്തിപരമായ വളർച്ചയ്ക്കും സമയം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നിത്യ മേനോൻ പറഞ്ഞു.
ഒരു സിനിമയ്ക്ക് ശേഷം അടുത്ത സിനിമ എന്ന രീതിയിൽ യന്ത്രത്തെപ്പോലെ ജോലി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അഭിനയത്തിന് മാനസികമായ തയ്യാറെടുപ്പ് ആവശ്യമാണെന്നും നിത്യ മേനോൻ പറഞ്ഞു. ഗോപിനാഥ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. "സിനിമയിൽ നിന്ന് ഇടവേളയെടുക്കുമ്പോൾ ഞാൻ വീട്ടിൽ തന്നെയായിരിക്കും.
ആ സമയത്ത് പല കാര്യങ്ങളും ചെയ്യും, പുതിയ കാര്യങ്ങൾ പഠിക്കും. എന്തിനാണ് ഇടവേളയെടുക്കുന്നതെന്ന് ചോദിച്ചാൽ എനിക്ക് അത് ആവശ്യമായിരുന്നു. ഒരു യന്ത്രത്തെപ്പോലെ എനിക്ക് ജോലി ചെയ്യാൻ കഴിയില്ല. പ്ലാസ്റ്റിക് പൂവും യഥാർഥ പൂവും തമ്മിലുള്ള വ്യത്യാസം പോലെയാണത്. യഥാർഥ പൂവ് ചുറ്റുപാടുകളിൽ നിന്ന് പലതും സ്വീകരിക്കും. എനിക്കും അങ്ങനെയാണ്.
എനിക്ക് ഒരു യന്ത്രത്തെപ്പോലെ പ്രവർത്തിക്കാൻ കഴിയില്ല. ഞാൻ പ്ലാസ്റ്റിക് അല്ലല്ലോ. നിത്യ പറഞ്ഞു. എനിക്ക് ആർട്ടിഫിഷ്യലായി അഭിനയിക്കാൻ കഴിയില്ല. അത് ഉള്ളിൽ നിന്ന് വരേണ്ടതാണ്. ഒരു മനുഷ്യനെന്ന നിലയിൽ നമ്മുടെ അടിത്തറ ഉറച്ചതായിരിക്കണം. അല്ലെങ്കിൽ എനിക്ക് എങ്ങനെ അഭിനയിക്കാൻ കഴിയും ?. ഞാൻ ഒരു കലാകാരിയാണ്, തൊഴിലാളിയല്ല. എന്റെ ആരോഗ്യം മോശമാണെങ്കിൽ എനിക്ക് എങ്ങനെ നൂറ് ശതമാനം നൽകാൻ കഴിയും ?.
അഭിനയിക്കുമ്പോൾ പ്രേക്ഷകർക്ക് അത് നല്ലതാണെന്ന് തോന്നുന്നതിന് പിന്നിൽ ഞാൻ അതിനായി നടത്തുന്ന ഒരുപാട് തയ്യാറെടുപ്പുകളുണ്ട്. അതുകൊണ്ട് തന്നെ സ്വയം വീണ്ടെടുക്കാനും റീചാർജ് ചെയ്യാനും എനിക്ക് സമയം ആവശ്യമാണ്".- നടി വ്യക്തമാക്കി. വലിയ ഹിറ്റുകൾക്ക് ശേഷം പോലും സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതിനെക്കുറിച്ച് സഹപ്രവർത്തകർ ചോദിക്കാറുണ്ടെന്നും നിത്യ വെളിപ്പെടുത്തി.
'തിരുചിത്രമ്പലം' എന്ന സിനിമയ്ക്ക് ശേഷം ഒമ്പത് മുതൽ പത്ത് മാസം വരെ ഇടവേളയെടുത്തിരുന്നു. 'തലൈവൻ തലൈവി'ക്ക് ശേഷവും ഏകദേശം രണ്ട് വർഷത്തോളം സിനിമയിൽ നിന്ന് മാറിനിന്നു. ജനപ്രീതിയുള്ള ഒരു താരം ഇത്രയും കാലം മാറിനിൽക്കുന്നത് കരിയറിനെ ബാധിക്കില്ലേയെന്ന ചോദ്യവും താൻ കേട്ടിട്ടുണ്ടെന്ന് താരം പറഞ്ഞു.
"ഒരുപാട് പേർ എന്നോട് ഇതിനെക്കുറിച്ച് ചോദിക്കാറുണ്ട്. എത്ര നാളായി സിനിമയിൽ നിന്ന് മാറിനിൽക്കുന്നു എന്ന് സഹപ്രവർത്തകർ ചോദിക്കുമ്പോൾ ഒരു വർഷവും എട്ട് മാസവുമൊക്കെയായി എന്ന് ഞാൻ പറയും. വലിയ ഹിറ്റിന് ശേഷം ഇങ്ങനെ ഇടവേളയെടുക്കാൻ എനിക്ക് മാത്രമേ കഴിയൂ എന്നാണ് അവർ പറയാറുള്ളത്.
പക്ഷേ സിനിമയോ ജോലിയോ മാത്രമല്ല ജീവിതം. ഒരു പൈ ചാർട്ട് വരച്ചാൽ അതിലെ ഒരു ഭാഗം മാത്രമാണ് ജോലി. അതിനപ്പുറം ജീവിതത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്. ജോലിക്കപ്പുറം, പ്രൊഫഷനപ്പുറും ഒരു വ്യക്തിയെന്ന നിലയിൽ, ഒരു ആത്മാവെന്ന നിലയിൽ വളരുക എന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്".- നിത്യ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates