

സ്തനാർബുദം സ്ഥിരീകരിച്ചതിനെക്കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ളയാളാണ് നടി ഉമ ശങ്കരി. കീമോ തെറാപ്പിയിലൂടെ കടന്നു പോകുന്നതിനെക്കുറിച്ച് ഉമ പങ്കുവച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രം സഹിതം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. "കീമോ കഠിനമായിരുന്നു, ഞാൻ അതിനേക്കാൾ ശക്തയായിരുന്നു. അവസാനത്തെ ഇൻഫ്യൂഷൻ.
അടുത്ത അധ്യായത്തിലേക്കുള്ള ചവിട്ടുപടി".- എന്ന ക്യാപ്ഷനോടെയാണ് ഉമ ചിത്രം പങ്കുവെച്ചത്. ജൂൺ 23-ന് പങ്കുവെച്ച കുറിപ്പിലാണ് അവർ സ്തനാർബുദം സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്. "ഇതത്ര എളുപ്പമാണെന്ന് നടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ആദ്യഘട്ട സ്തനാർബുദം സ്ഥിരീകരിച്ചു. ആദ്യം ഞെട്ടൽ തോന്നി, പിന്നെ ഉൾക്കൊള്ളാനായില്ല. അവിശ്വസിച്ചു. ഇക്കാര്യം ഉൾക്കൊള്ളാനും അംഗീകരിക്കാനും എളുപ്പമല്ല.
എന്തുകൊണ്ട് ഞാൻ, എന്തുകൊണ്ട് ഇപ്പോൾ, എന്താണ് സംഭവിക്കാൻ പോവുന്നത് എന്നീ ചോദ്യങ്ങൾ തലച്ചോറിനെ ചുഴറ്റിയെറിഞ്ഞു. ഇത്തരമൊരു വാർത്ത സ്വീകരിക്കാൻ ഒരു തയ്യാറെടുപ്പും നിങ്ങൾക്ക് ഉപകരിക്കില്ല. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും. ഭയന്നിരിക്കുമ്പോൾ തന്നെ അവർ എന്നെ കൂടുതൽ സ്‌നേഹിക്കുന്നത് കാണുന്നത് വലിയ ഹൃദയവേദനയാണ്.
കണ്ണീരും പ്രാർഥനയും പിന്തുണയും കൊണ്ട്, ഞെട്ടലിൽ നിന്ന് യാഥാർഥ്യത്തിലേക്കെത്തി. കീഴടങ്ങില്ല, തോൽവി സമ്മതിക്കില്ല. ജീവിതത്തെ അതിന്റെ കഠിനമായ രൂപത്തിൽ അംഗീകരിക്കും".- എന്നാണ് ഉമ അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'കുബേരൻ', 'വസന്തമാളിക' എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ഉമ ശങ്കരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates