കര്‍ക്കടക മാസം സ്ത്രീകള്‍ക്ക് പ്രത്യേകം പരിരക്ഷ ആവശ്യമായ കാലഘട്ടമാണ്. കര്‍ക്കടകത്തിലെ ലഘുചികിത്സകള്‍ രോഗപ്രതിരോധശേഷി, ഉണര്‍വ്, ഉത്സാഹം ഇവ നല്‍കുന്നതോടൊപ്പം നിലവിലുള്ള രോഗങ്ങള്‍ക്ക് ശമനം വരുത്തുകയും ചെയ്യുന്നു. ഒപ്പം ശരീരവും മനസ്സും ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും.
കൗമാരക്കാര്‍ കര്‍ക്കടകത്തില്‍ പ്രത്യേക ചികിത്സാക്രമങ്ങള്‍ പാലിക്കുന്നത് ആരോഗ്യസംരക്ഷണത്തിനും ദീര്‍ഘകാലം ആരോഗ്യം നിലനിര്‍ത്തുന്നതിനും നല്ലതാണ്. തവിടുള്ള ധാന്യങ്ങള്‍, എള്ള്, റാഗി, മുതിര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ജീരകം, ഇഞ്ചി, കായം, വെളുത്തുള്ളി, മുട്ട, ചെറുമത്സ്യം ഇവ ഉള്‍പ്പെട്ട ഭക്ഷണവും ലഘുവ്യായാമങ്ങളുമാണ് കൗമാരക്കാരികള്‍ക്ക് ഉചിതം. ഒപ്പം ച്യവനപ്രാശം, അമൃതപ്രാശം ഇവയിലേതെങ്കിലും ശീലമാക്കുന്നത് പ്രതിരോധശേഷികൂട്ടുകയും വിളര്‍ച്ചയകറ്റുകയും ചെയ്യും.
സ്ത്രീകള്‍ക്ക് ആരോഗ്യപരമായി ഏറെ പ്രാധാന്യമുള്ള ഘട്ടമാണിത്. ഗര്‍ഭാശയത്തിന്റെയും അണ്ഡങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്ന ഔഷധങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാശം കര്‍ക്കടകത്തില്‍ കഴിക്കാം. പിണ്ഡതൈലം, ധാന്വന്തരം, സഹചരാദികുഴമ്പ് ഇവയിലേതെങ്കിലും പുറമേ പുരട്ടാം.
ആർത്തവവിരാമത്തിന്റെ ഫലമായുള്ള അസ്വസ്ഥതകൾ മഴക്കാലത്ത് വർധിക്കാനിടയുണ്ട്. വിഷാദം, ക്ഷീണം, സങ്കടം, തളര്‍ച്ച, നെഞ്ചെരിച്ചില്‍, മൂത്രാശയസംബന്ധമായ അസ്വസ്ഥതകള്‍, അസ്ഥിക്ഷയം, സന്ധിവേദന ഇവയും ഉണ്ടാകാം. തവിടുള്ള ധാന്യങ്ങള്‍, മഞ്ഞള്‍, പച്ചക്കറികള്‍, പഴങ്ങള്‍ ഇവയും നല്ല ഫലം തരും. ദേഷ്യം, കാരണങ്ങളൊന്നുമില്ലാത്ത വിഷാദം ഒക്കെയുള്ളവര്‍ക്ക് കുമ്പളങ്ങ പച്ചയ്‌ക്കോ കറിയാക്കിയോ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യും.
അമുക്കുരം, ശതാവരി, അശോകം, തുളസി, ജീരകം, കുറുന്തോട്ടി, മഞ്ചട്ടി ഇവ ഇക്കാലത്ത് സാന്ത്വനമേകുന്ന ഔഷധങ്ങളില്‍ ചിലതാണ്. ചേമ്പ്, ചേന, കാച്ചില്‍, ഇലക്കറികള്‍ ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ക്ഷീരബല തൈലം, ചന്ദനാദിതൈലം ഇവയിലൊന്ന് തലയില്‍ തേയ്ക്കുന്നതും പിണ്ഡതൈലം, നാരായണതൈലം ഇവയിലേതെങ്കിലും പുറമേ തേച്ച് കുളിക്കുന്നതും യോഗ, ധ്യാനം ഇവ ശീലമാക്കുന്നതും ആര്‍ത്തവവിരാമം വന്നവര്‍ക്ക് ഗുണകരമാണ്.
സ്‌നേഹവും പരിചരണവും ഏറെവേണ്ട കാലമാണ് വാര്‍ധക്യം. ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ അനുഭവപ്പെടാനിടയുള്ള കര്‍ക്കടകത്തില്‍ ഇവര്‍ക്ക് കൂടുതല്‍ കരുതല്‍ അനിവാര്യമാണ്. ഹൃദ്രോഗം, മറവി, പ്രമേഹം, രക്തസമ്മര്‍ദം, മൂത്രാശയരോഗങ്ങള്‍, കാഴ്ച-കേള്‍വി പ്രശ്‌നങ്ങള്‍, വിഷാദം, അസ്ഥി സന്ധി രോഗങ്ങള്‍ ഒക്കെ വാര്‍ധക്യത്തിലുള്ളവര്‍ക്ക് കൂടുതലായി കാണപ്പെടാറുണ്ട്. കിഴി, പിഴിച്ചില്‍, ധാര, വസ്തി തുടങ്ങിയവ ആവശ്യമുള്ള ഘട്ടത്തില്‍ ചെയ്യാവുന്നതാണ്. മഴക്കാലത്ത് ധാന്വന്തരം തൈലം, നാരായണതൈലം, സഹചരാദി കുഴമ്പ് ഇവയിലേതെങ്കിലും തേച്ച് കുളിക്കുന്നത് വേദനയകറ്റും. അസ്ഥികള്‍ക്ക് ബലവുമേകും.
50 ഗ്രാം വീതം കുറുംതോട്ടി, കരിങ്കുറിഞ്ഞി, പുത്തരിച്ചുണ്ട ഇവയുടെ വേരിന്മേല്‍ത്തൊലി, ദേവതാരം, ചുവന്നരത്ത ഇവകൊണ്ടുള്ള നേര്‍ത്ത കഷായത്തില്‍ 250 ഗ്രാം ആട്ടിന്‍മാംസവും ചേര്‍ത്ത് വേവിക്കുക. ഇടയ്ക്കിടെ പത നീക്കണം. ചുവന്നുള്ളി വെളിച്ചെണ്ണയില്‍ മൂപ്പിച്ച് ഉപ്പും കുരുമുളകും ചേര്‍ത്തുപയോഗിക്കാം. ഈ സൂപ്പ് മഴക്കാലത്ത് മാസത്തില്‍ രണ്ടുതവണ ഉപയോഗിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates