തലേന്ന് ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് രാവിലെ ചൂടാക്കി ഉപയോഗിക്കുന്ന ശീലം വളരെ സാധാരണമാണ്. എന്നാൽ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കാതിരുന്നാലുള്ള അപകടത്തെ കുറിച്ച് ഓർമിപ്പിക്കുകയാണ് ഇന്റേണൽ മെഡിസിൻ വിദഗ്ധനായ ഡോ. പ്രിയം ബൊർദൊലോയ്. രാത്രി ഉണ്ടാക്കിയ പാസ്ത ഫ്രിഡ്ജിൽ വയ്ക്കാതെ സാധാരണ നിലയിൽ അടുച്ചു വയ്ക്കുകയും രാവിലെ മൈക്രോവേവ് ഓവനിൽ ചൂടാക്കി കഴിക്കുകയും ചെയ്ത് യുവതിക്ക് കടുത്ത ഭക്ഷ്യവിഷബാധ ഉണ്ടായതായി ഡോ. പ്രിയം ബൊർദൊലോയ് എക്സിൽ പങ്കുവെച്ച് കുറിപ്പിൽ വിശദീകരിക്കുന്നു.
രാവിലെ പാസ്ത ചൂടാക്കി കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ യുവതി ഛർദ്ദിക്കുകയും അർധരാത്രിയോടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് രക്തസമ്മർദം അപകടകരമായ രീതിയിൽ താഴുകയുമായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. രാത്രി ഫ്രിഡ്ജിൽ സൂക്ഷിക്കാതെ പുറത്തുവെയ്ക്കുന്ന ഭക്ഷണത്തിൽ ബേസിലസ് സിറിയസ് പോലുള്ള ബാക്ടീരിയകൾ പെരുകുകയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുകയും ചെയ്യും.
ചോറും പാസ്തയും പോലുള്ള ഭക്ഷണം രാത്രി മുഴുവൻ പുറത്തുവെച്ച് മണിക്കൂറുകൾക്കുള്ളിൽ ബാക്ടീരിയ പെരുകുമെന്ന് അദ്ദേഹം പറയുന്നു. ഇതേ തുടർന്നുള്ള ഭക്ഷ്യവിഷബാധ തീവ്രമായിരിക്കുമെന്നും ഛർദിയുൾപ്പെടെയുള്ളവ മൂലം ശരീരത്തിലെ ജലാംശം പെട്ടെന്ന് നഷ്ടപ്പെടുമെന്നും ഡോക്ടർ പറയുന്നു.
ബേസിലസ് സിറിയസ് ഉത്പാദിപ്പിക്കുന്ന സെറിയുലൈഡ് എന്ന ടോക്സിൻ ചൂടിനെയും അതിജീവിക്കുന്നതാണ്. മൈക്രോവേവിൽ വച്ചു ചൂടാക്കുമ്പോൾ ബാക്ടീരിയ നശിക്കുമെങ്കിലും അതിൽ നിന്നും പുറന്തള്ളപ്പെട്ട ടോക്സിൻ ചൂടിനെ അതിജീവിക്കാനിടയുണ്ട്. ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതെന്നും ഡോക്ടർ പറയുന്നു.
ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് നല്ലതു പോലെ കഴുകണം.
ടോയ്ലറ്റ് ഉപയോഗിച്ച ശേഷം
മാംസം/മത്സ്യം തൊട്ട ശേഷം
മാലിന്യം കൈകാര്യം ചെയ്ത ശേഷം
കൈ കഴുകാതെ ഭക്ഷണം കൈകാര്യം ചെയ്യുന്നത് ബാക്ടീരിയ പകരാനുള്ള പ്രധാന കാരണമാണ്.
പാകം ചെയ്യാത്ത മീൻ, മാംസം, മുട്ട എന്നിവയിൽ നിന്ന് ബാക്ടീരിയ പടരാം. അതുകൊണ്ട് പാകം ചെയ്ത ഭക്ഷണവുമായി ഇവ കലരാതെ സൂക്ഷിക്കുക.
കട്ടിങ് ബോർഡ്, കത്തി എന്നിവ ഓരോ ആവശ്യത്തിനും വേറെ പ്രത്യേകം ഉപയോഗിക്കാം. ഫ്രിഡ്ജിൽ താഴത്തെ റാക്കിൽ പച്ചമാംസം സൂക്ഷിക്കാം.
ശരിയായി പാചകം ചെയ്യാത്ത ഭക്ഷണത്തിൽ ബാക്ടീരിയ അടങ്ങിയിട്ടുണ്ടാവാം. ചിക്കൻ, മീൻ, മാംസം എന്നിവ പൂർണമായും വേവിച്ചു കഴിക്കുക. മുട്ട പകുതി വേവിച്ചു കഴിക്കുന്നത് പതിവാക്കാതിരിക്കുക, ബാക്കി വന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കുക.
പാചകം ചെയ്ത ഭക്ഷണമാണെങ്കിൽ പോലും അധിക നേരം പുറത്ത് സൂക്ഷിക്കരുത്. പാചകം ചെയ്ത ഭക്ഷണം ബാക്കിയായാൽ രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കാം. ഫ്രിഡ്ജിൽ ഭക്ഷണം വയ്ക്കുമ്പോൾ എയർടൈറ്റ് ആയ കണ്ടെയ്നർ ഉപയോഗിക്കുക. പഴകിയ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും ഒഴിവാക്കുക. ഫ്രിഡ്ജിൽ വെച്ച ഭക്ഷണം ഒന്ന്-രണ്ട് ദിവസത്തിനുള്ളിൽ കഴിക്കണം.
പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുൻപ് നന്നായി കഴുകണം. മണ്ണ്, കീടനാശിനി അവശിഷ്ടങ്ങൾ, ബാക്ടീരിയ പോലുള്ള പലരീതിയിലുള്ള രോഗാണുക്കൾ ഇവയിൽ അടങ്ങിയിട്ടുണ്ടാവാം. അതൊഴിവാക്കൻ ഉപ്പോ വിനാഗിരിയോ ചേർത്ത വെള്ളത്തിൽ കഴുകാം.
അടുക്കളയിലെ ശുചിത്വം വളരെ പ്രധാനമാണ്. വൃത്തിയില്ലാത്ത അടുക്കളയിൽ നിന്ന് രോഗാണുക്കൾ വേഗം പടരാം. പാത്രം കഴുകാനെടുക്കുന്ന സ്പോഞ്ച്, വൃത്തിയാക്കാൻ ഉപയോഗിക്കുന്ന തുണി എന്നിവ കൃത്യമായ ഇടവേളയിൽ മാറ്റുക. സിങ്ക് വൃത്തിയായി സൂക്ഷിക്കുക.
പാക്കറ്റ് ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ കാലാവധി പരിശോധിക്കുക. കാലാവധി കഴിഞ്ഞ ഭക്ഷണം ഒഴിവാക്കുക.
മലിനജലം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. തിളപ്പിച്ച വെള്ളമോ ഫിൽറ്റർ ചെയ്ത വെള്ളമോ മാത്രം കുടിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates