വിരല്‍തുമ്പില്‍ എല്ലാം സാധ്യമായ ഒരു ഡിജിറ്റല്‍ യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ലോകത്ത് നടക്കുന്ന സകലതിനെ കുറിച്ചും അപ്‌ഡേറ്റഡ് ആയിരിക്കാം, എന്നാൽ സ്മാർട്ട് ഫോണുകളുടെ വരവോടെ കണ്‍മുന്നിലെ പല മനോഹരമായ കാഴ്ചകളും നമ്മള്‍ അറിഞ്ഞോ അറിയാതെയോ വിട്ടു പോകുന്നു. ദിവസവും ആവശ്യത്തിൽ അധികം വിവരങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ഫീഡിലേക്ക് വന്ന് നിറയുന്നത്. മണിക്കൂറുകൾ നീണ്ട ഡൂം സ്ക്രോളിങ് പതിയെ പതിയെ നമ്മുടെ ഓർമശക്തിയെയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും ബാധിച്ചു തുടങ്ങി.
നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്ന കാര്യങ്ങളാണ് നമ്മുടെ ഓർമയിൽ ഏറ്റവും ദീര്‍ഘമായി തങ്ങിനില്‍ക്കുന്നതെന്ന് ഹാർവാഡ് മെഡിക്കൽ സ്കൂളിലെ ന്യൂറോളജി വിഭാവം അധ്യാപകൻ ഡോ. ആൻഡ്രൂ ബഡ്സൺ പറയുന്നു. ശ്രദ്ധയാണ് ഓർമശക്തിയെ മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന ഘടകമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അപ്പോൾ ശ്രദ്ധ മെച്ചപ്പെടുത്താനോ? അതിന് പണച്ചെലവില്ലാത്ത മികച്ചൊരു മാർഗവും അദ്ദേഹം നിർദേശിക്കുന്നുണ്ട്, 'മൈൻഡ്ഫുൾനെസ്' (Mindfulness).
വർത്തമാന കാലത്തിൽ ഫോക്കസ് ചെയ്യുന്ന ഒരു തരത്തിലുള്ള പരിശീലനമാണ് മൈന്‍ഡ്ഫുള്‍നെസ്. അതായത്. നിങ്ങളുടെ ചുറ്റുപാടുമുള്ളതും നിങ്ങളുടെ ഉള്ളിലുള്ളതുമായ എല്ലാറ്റിനെയും കുറിച്ച് പൂർണമായി ബോധവാന്മാരായിരിക്കുക. നിങ്ങൾ കാണുന്ന കാഴ്ചകൾ, കേൾക്കുന്ന ശബ്ദങ്ങൾ, അനുഭവിക്കുന്ന ഗന്ധം, സ്പർശനം, വികാരങ്ങൾ, ചിന്തകൾ തുടങ്ങിയ എല്ലാത്തിനെയും വിശകലനം ചെയ്യുകയോ വിലയിരുത്തണമെന്നോ അല്ല പറയുന്നത്. അവയെ നിരീക്ഷിക്കുക മാത്രം ചെയ്യുക.
ഇത് നിങ്ങളെ ഒരു വിശ്രമ പ്രതികരണത്തിലേക്ക് നയിക്കുന്നു. സമ്മർദത്തിലാകുമ്പോൾ അഡ്രിനാലിൻ, കോർട്ടിസോൾ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കുറച്ച്, നിങ്ങളുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വസന നിരക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. സമ്മര്‍ദം കുറയുമ്പോള്‍ അത് ചിന്താശേഷി മികച്ചതാക്കും.
നമ്മുടെ തലച്ചോര്‍ അനുദിനം പ്രായമായിക്കൊണ്ടിരിക്കുകയാണ്. ഇത് തലച്ചോറിലെ കോശങ്ങളിൽ മാറ്റം വരുത്താം. ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ഓര്‍മശക്തിയും കുറയാം. കൂടാതെ മിനിസ്‌ട്രോക്കുകള്‍, മൈല്‍ഡ് ഹെഡ് ട്രോമ, മാലിനീകരണം പോലുള്ള തലച്ചോറിന് ഏല്‍ക്കുന്ന പരിക്കുകളും കോശങ്ങളിലെ മാറ്റങ്ങള്‍ക്ക് കാരണമാകാം. ഇത്തരം ചെറിയ പരിക്കുകളിൽ പലതും തലച്ചോറിന്റെ മുൻഭാഗത്തെയോ അവയുടെ സർക്യൂട്ടറിയെയോ ബാധിക്കുകയും ശ്രദ്ധയ്ക്കും ഓർമശക്തിക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. മൈൻഡ്ഫുൾനെസ് പരിശീലിക്കുന്നത് ഈ വിവിധ മാറ്റങ്ങളെ ചെറുക്കാനും തലച്ചോറിന്റെ ആരോഗ്യത്തെ മികച്ചതാക്കാനും സഹായിക്കുമെന്ന നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates