മഴക്കാലം തുടങ്ങിയാൽ പിന്നെ ജലദോഷവും പനിയുമൊക്കെയായി എല്ലാവരെയും രോഗങ്ങൾ പിടിമുറുക്കിത്തുടങ്ങും. ഡെങ്കിപ്പനിയും ടൈഫോയ്ഡും മുതൽ ഗുരുതരമായ പല രോഗങ്ങളും മഴക്കാലത്ത് തലപൊക്കും. അതുകൊണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ നൽകണം. ഭക്ഷണത്തിൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മാറ്റം വരുത്തുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുതലായതിനാൽ ദഹനവ്യവസ്ഥ മന്ദഗതിയിലാകും. അതുകൊണ്ട് എളുപ്പം ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാൻ, ദഹിക്കാൻ ബുദ്ധിമുട്ടുള്ളവ ഒഴിവാക്കുകയും വേണം. ചെറുചൂടോടെ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. കഞ്ഞി, ആവിയിൽ വേവിച്ച ആഹാരങ്ങൾ, സൂപ്പ് എന്നിവ നല്ലതാണ്. ഇലക്കറികൾ തയ്യാറാക്കുമ്പോൾ അവ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം പാചകം ചെയ്യാൻ ശ്രദ്ധിക്കണം.
മഴ തകർത്ത് പെയ്യുമ്പോൾ നല്ല ചൂട് ചായയോ കാപ്പിയോ ഒക്കെ കുടിച്ച് വറുത്ത പലഹാരങ്ങൾ കഴിച്ചിരിക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാലിത് അമിതമാകരുത്. ജ്യൂസ് കുടിക്കുന്നതിന് പകരം പഴങ്ങൾ മുറിച്ച് ഫ്രൂട്ടായി തന്നെ കഴിക്കുന്നതാണ് നല്ലത്. ദഹനപ്രശ്‌നം ഉണ്ടാക്കുന്ന മൈദ പോലുള്ളവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങൾ മൺസൂൺ ഡയറ്റിൽ നിന്ന് ഒഴിവാക്കാൻ ശ്രദ്ധിക്കണം.
അന്തരീക്ഷത്തിൽ തണുപ്പായതുകൊണ്ടും താരതമ്യേന ശാരീരിക പ്രവർത്തനം കുറവായതിനാലും മഴക്കാലത്ത് ശരീരം അധികം വിയർക്കാറില്ല. അതുകൊണ്ടുതന്നെ വെള്ളം കുടിക്കുന്ന കാര്യം പലരും മറന്നുപോകാറുണ്ട്. എന്നാൽ ഇത് കൂടുതൽ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാനും തിളപ്പിച്ച വെള്ളം മാത്രം കുടിക്കാനും ഓർക്കണം. കുരുമുളക്, ചുക്ക്, ഇഞ്ചി, മല്ലി, വെളുത്തുള്ളി തുടങ്ങിയവ മഴക്കാലത്ത് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates