ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ മാനസിക സമ്മർദം, ഉത്കണ്ഠ, ഏകാന്തത, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ പലരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകൾ ആശ്വാസത്തിനായി തിരയുന്നത് സംഗീതത്തിലേക്കാണ്. വെറും വിനോദമെന്നതിലുപരി, സംഗീതം ഇപ്പോൾ ഒരു വെൽനെസ് മാർഗമായും തെറാപ്പിയായുമൊക്കെ ഉപയോഗപ്പെടുത്തുന്നുണ്ട്.
സംഗീതം കേൾക്കുന്നത് മാനസികവും ശാരീരികവുമായ സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഹൃദയമിടിപ്പ്, രക്തസമ്മർദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും മനസ് കൂടുതൽ ശാന്തമാകാനും സംഗീതം അനുഭവിക്കുന്നതിലൂടെ സാധിക്കും.
സംഗീതം മാനസികവും വൈകാരികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു ചികിത്സാരീതിയാണ് മ്യൂസിക് തെറാപ്പി. സംഗീതം കേൾക്കുക, പാടുക, സംഗീതോപകരണങ്ങൾ വായിക്കുക, അല്ലെങ്കിൽ സംഗീത കേട്ടുകൊണ്ട് മെഡിറ്റേറ്റ് ചെയ്യുക തുടങ്ങിയ രീതികളൊക്കെ ഇതിൽ ഉൾപ്പെടുന്നു.
മനസ്സിനെ ശാന്തമാക്കുന്നു
സംഗീതം കേൾക്കുമ്പോൾ തലച്ചോറിലെ സമ്മർദ്ദപ്രതികരണങ്ങൾ കുറയുന്നു. ഇതിലൂടെ മനസ്സ് ശാന്തവും ആശ്വാസവും കിട്ടുന്നു.
ഉത്കണ്ഠ കുറയ്ക്കുന്നു
ആശങ്കയും ഭയവും അനുഭവപ്പെടുമ്പോൾ സംഗീതം കേൾക്കുന്നത് മനസ്സിനെ നെഗറ്റീവ് ചിന്തകളിൽ നിന്ന് അകറ്റി ആശ്വാസം നൽകുന്നു.
ഉറക്കത്തിൻ്റെ ഗുണനിലവാരം
ഉറങ്ങുന്നതിന് മുമ്പ് ശാന്തമായ സംഗീതം കേൾക്കുന്നത് മനസ്സിനെ വിശ്രമാവസ്ഥയിലേക്ക് എത്തിക്കുകയും നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യുന്നു.
വികാര നിയന്ത്രണം
സന്തോഷം, ദുഃഖം, ദേഷ്യം, ഏകാന്തത തുടങ്ങിയ വികാരങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യാൻ സംഗീതം സഹായിക്കുന്നു. പലർക്കും സംഗീതം ഒരു വൈകാരിക പിന്തുണയായി മാറാറുണ്ട്.
നിരവധി ആളുകൾ ദിവസവും കുറച്ച് സമയം റിലാക്സേഷൻ പ്ലേലിസ്റ്റുകൾ കേൾക്കാൻ മാറ്റിവെക്കാറുണ്ട്. മഴയുടെ ശബ്ദം, തിരമാല, പിയാനോ സംഗീതം, പ്രകൃതി എന്നിവ അടങ്ങിയ പ്ലേലിസ്റ്റുകൾ ഏറെ ജനപ്രിയമാണ്.
സൗണ്ട് ബൗളുകൾ, ഗോങ്, ചൈംസ് തുടങ്ങിയ ശബ്ദോപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന സൗണ്ട് ബാത്ത് സെഷനുകൾ വെൽനെസ് ലോകത്ത് വലിയ ട്രെൻഡാണ്. ഇത് മെഡിറ്റേറ്റ് ചെയ്യുന്ന അനുഭവം വർധിപ്പിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.
മറ്റൊന്നും ചെയ്യാതെ സംഗീതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കേൾക്കുന്ന രീതിയാണ് മൈൻഡ്‌ഫുൾ മ്യൂസിക് ലിസണിങ്. ഇത് മാനസിക ഏകാഗ്രതയും വികാര നിയന്ത്രണവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
രാവിലെ 10–15 മിനിറ്റ് ശാന്തമായ സംഗീതം കേൾക്കുക.
ജോലി ചെയ്യുമ്പോൾ തീവ്രമല്ലാത്ത ഇൻസ്ട്രുമെന്റൽ സംഗീതം കേൾക്കാം.
ഉറങ്ങുന്നതിന് മുമ്പ് റിലാക്സേഷൻ പ്ലേലിസ്റ്റ് കേൾക്കുക.
ധ്യാനത്തിനോ യോഗയ്ക്കോ അനുയോജ്യമായ സംഗീതം തിരഞ്ഞെടുക്കുക.
മനസ്സ് വിഷമിക്കുന്ന സമയങ്ങളിൽ ഇഷ്ടപ്പെട്ട ഗാനങ്ങൾ കേൾക്കാൻ സമയം കണ്ടെത്തുക.
സംഗീതം ഇന്ന് അത് മാനസികാരോഗ്യ സംരക്ഷണത്തിനുള്ള ഒരു പ്രധാന ഉപാധിയായും മാറിക്കൊണ്ടിരിക്കുകയാണ്. സമ്മർദ്ദം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ഉറക്കം മെച്ചപ്പെടുത്താനും വികാരങ്ങളെ സന്തുലിതമാക്കാനും സംഗീതത്തിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ദിവസവും കുറച്ച് സമയം സംഗീതത്തിനായി മാറ്റിവെക്കുന്നത് മാനസികാരോഗ്യത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates