ലോകത്തെ ആകെ ഭീതിയിലാഴ്ത്തിയാണ് എബോളയുടെ അപൂർവ വകഭേദമായ ബൂൻഡിബുഗോ (Bundibugyo virus) വൈറസിന്റെ അതിവോഗത്തിലുള്ള വ്യാപനം. ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലുമായി പൊട്ടിപ്പുറപ്പെട്ട വൈറസ് വ്യാപനത്തെ ഒരു പൊതുജനരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ എബോള വൈറസിനെതിരെയുള്ള പ്രതിരോധ നടപടികൾ രാജ്യങ്ങൾ സ്വീകരിച്ചുവരികയാണ്.
1976 ലാണ് കോംഗോയിലെ എബോള നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് എബോള വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. പഴംതീനി വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസുകൾ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. മനുഷ്യരിൽ മാരകമായ രക്തസ്രാവത്തോടു കൂടിയ പനി ഉണ്ടാക്കുന്ന ഒരു വൈറസ് രോഗമാണിത്.
എബോള: പഴയ രോഗം, പുതിയ ഭീഷണി
എബോള വൈറസ് ഡിസീസ് (Ebola virus disease), എബോള ഹെമോറേജിക് ഫീവർ (Ebola haemorrhagic fever) എന്നീ പേരുകളിൽ അറിയപ്പെടുന്ന എബോള, മനുഷ്യരിൽ മാരകമായ രക്തസ്രാവത്തോടു കൂടിയ പനി ഉണ്ടാക്കുന്ന ഒരു വൈറസ് രോഗമാണ്. 1976 ലാണ് കോംഗോയിലെ എബോള നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിൽ ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പ്രധാനമായും പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി തുടങ്ങിയ മറ്റ് മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. രോഗികളുടെ ശരീരസ്രാവങ്ങൾ, രക്തം, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്.
എബോള വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ, രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് ആദ്യകാല ലക്ഷണങ്ങൾ. എലൈസ (ELISA), ആർടിപിസിആർ പോലുള്ള ടെസ്റ്റുകളിലൂടെ രോഗനിർണ്ണയം നടത്താം. രോഗം പുരോഗമിക്കുമ്പോൾ, ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവവും വൃക്ക, കരൾ തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾ ക്ഷയിക്കുന്നത് മരണത്തിന് കാരണമാകുന്നു. മരണനിരക്ക് 50 ശതമാനത്തോളം വരുന്ന ഈ രോഗത്തെക്കുറിച്ചുള്ള ആധുനിക അറിവുകൾ, അതിജീവിച്ചവരിൽ തലവേദന, സന്ധി വേദന തുടങ്ങിയ ദീർഘകാല ലക്ഷണങ്ങൾ വർഷങ്ങളോളം തുടരാമെന്ന് വ്യക്തമാക്കുന്നുണ്ട്.
എബോളയുടെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു
1976 ൽ കോംഗോയിലും (മുൻ സൈർ) സുഡാനിലും ആണ് എബോള ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. വ്യത്യസ്തമായ സൈർ, സുഡാൻ വൈറസുകളാണ് (Zaire ebolavirus, Sudan ebolavirus) രോഗകാരണമെന്ന് കണ്ടെത്തിയിരുന്നു. കോംഗോയിൽ 318 പേരെ രോഗം ബാധിക്കുകയും 280 പേർ മരണമടയുകയും ചെയ്തു (മരണനിരക്ക് 88%).
സുഡാനിൽ 284 പേരെ ബാധിച്ച് 151 പേർ മരണമടയുകയും ചെയ്തു (മരണനിരക്ക് 53%). പിന്നീട് ഗാബൺ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലേക്കും നേരിയ തോതിൽ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 2014-16 ൽ സിറലിയോൺ, ലൈബീരിയ, ഗിനി എന്നീ രാജ്യങ്ങളിൽ ഉണ്ടായ എബോള വൻതോതിൽ പടർന്നുപിടിച്ചത് ലോകമെമ്പാടും ആശങ്കയുണ്ടാക്കി.
സിറലിയോൺ (14124-3956-28%), ലൈബീരിയ (10675-4809-45%), ഗിനി (3811-2543-67%) എന്നിങ്ങനെയായിരുന്നു ഈ രാജ്യങ്ങളിലെ രോഗികൾ, മരിച്ചവർ എന്നിവരുടെ എണ്ണവും മരണനിരക്കും. 2018-20 കാലത്ത് കോംഗോയിൽ വീണ്ടും എബോള പൊട്ടിപ്പുറപ്പെടുകയും 3481 പേരെ രോഗം ബാധിച്ച് 2299 പേർ മരണമടയുകയും ചെയ്തു (മരണനിരക്ക് 66%). 2021 ഫെബ്രുവരിയിൽ ഒറ്റപ്പെട്ട കേസുകൾ കോംഗോ, ഗിനി എന്നീ രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2022 ന് ശേഷമുണ്ടായ പ്രധാന മാറ്റങ്ങൾ
2022 ൽ ഉഗാണ്ടയിൽ സുഡാൻ എബോള വൈറസ് പൊട്ടിപ്പുറപ്പെടുകയും ഏതാനും മാസങ്ങൾ നീണ്ടുനിൽക്കുകയും ചെയ്തു. Zaire വൈറസിന് നിലവിൽ അംഗീകൃതമായ വാക്സിനുകളും ചികിത്സകളും ഉണ്ടെങ്കിലും, സുഡാൻ വൈറസിനെതിരെ പ്രത്യേക വാക്സിനുകളോ ചികിത്സകളോ ലഭ്യമല്ലാത്തത് ഇതിൻ്റെ തീവ്രത വർദ്ധിപ്പിച്ചു.
അന്താരാഷ്ട്ര ഏജൻസികളുടെ നടപടികൾ
എബോളയുടെ വ്യാപനം തടയുന്നതിനും രോഗികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ ലോകാരോഗ്യ സംഘടന (WHO) പോലുള്ള ഏജൻസികൾ വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ട ഉടൻ തന്നെ അത് ലോകത്തെ അറിയിക്കുകയും സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ചികിത്സയ്ക്ക് ആവശ്യമായ വാക്സിനുകളും മരുന്നുകളും വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും WHO യുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു.
രോഗനിർണ്ണയ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും WHO സഹായിക്കുന്നു. കൂടാതെ, ആഫ്രിക്കൻ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അവർ പ്രവർത്തിക്കുന്നു.
ഇന്ത്യയുടെയും കേരളത്തിന്റെയും ആശങ്ക
എബോളയുടെ കാര്യത്തിൽ ഇന്ത്യയും കേരളവും തീർത്തും ആശങ്കപ്പെടേണ്ടതില്ല. രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുമായി ഇന്ത്യക്ക് നേരിട്ടുള്ള വ്യോമ ഗതാഗതം ഇല്ലാത്തത് വൈറസ് എത്താനുള്ള സാധ്യത കുറയ്ക്കുന്നു. ആഫ്രിക്കയിൽ നിന്ന് വരുന്ന യാത്രികരെ കൃത്യമായി പരിശോധിക്കുകയും രോഗലക്ഷണങ്ങൾ ഉള്ളവരെ ക്വാറൻ്റൈനിൽ വെക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, എബോളയെക്കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നൽകുന്നതിനും രോഗനിർണ്ണയ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കേരളത്തിൽ നിപ (Nipah) പോലുള്ള വൈറസ് രോഗങ്ങളെ നേരിട്ട അനുഭവം എബോളയുടെ കാര്യത്തിലും സഹായകമാണ്. എബോള രോഗം വൻ ഭീഷണിയാണെങ്കിലും, അന്താരാഷ്ട്ര തലത്തിൽ WHO പോലുള്ള ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ രോഗം നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ട്. വാക്സിനുകളും പുതിയ ചികിത്സാ രീതികളും രോഗം പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾക്ക് ഒരു പരിധിവരെ സഹായകരമായി മാറിയിട്ടുണ്ട്. എന്നാൽ, സുഡാൻ എബോള വൈറസിന് പ്രത്യേക വാക്സിൻ ലഭ്യമല്ലാത്തത് ഇന്നും ആശങ്കയ്ക്കിട നൽകുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates