പ്രത്യേകിച്ച് യാതൊരു പോഷകഗുണവുമില്ലാത്ത പഞ്ചസാരയെ പുറത്താക്കിക്കൊണ്ടുള്ള ഷുഗർകട്ട് ഡയറ്റ് എടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അമിതമായ പഞ്ചസാര അടങ്ങിയ ബേക്കറി പലഹാരങ്ങൾ, പഞ്ചസാര ചേർത്ത ചായയും കാപ്പിയും തുടങ്ങിയവ ചെറുപ്പക്കാർ ഉൾപ്പെടെ ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
മുൻപ് പ്രമേഹം വന്ന് വാതിൽ മുട്ടുമ്പോഴാണ് പഞ്ചസാര ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ച് പലരും ചിന്തിക്കുക. ആഗോളതലത്തിൽ ഏതാണ്ട് 422 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള പ്രമേഹ രോഗികളാണെന്നാണ് കണക്കുകൾ പറയുന്നത്.
ശരീരഭാരം കുറയാൻ സഹായിക്കും
പഞ്ചസാരയിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. മധുരപലഹാരങ്ങളും ശീതളപാനീയങ്ങളും ഒഴിവാക്കുമ്പോൾ ശരീരത്തിലേക്ക് എത്തുന്ന അധിക കലോറി കുറയും. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കും.
പഞ്ചസാര കഴിച്ച ഉടൻ ഊർജം വർധിക്കുന്നതുപോലെ തോന്നുമെങ്കിലും കുറച്ച് സമയത്തിന് ശേഷം ക്ഷീണവും മന്ദതയും അനുഭവപ്പെടാം. പഞ്ചസാര ഒഴിവാക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരതയോടെ നിലനിൽക്കുന്നതിനാൽ ഊർജ നിലയും മെച്ചപ്പെടും.
അമിത പഞ്ചസാര ഉപയോഗം മുഖക്കുരു, ചർമത്തിലെ വീക്കം, നേരത്തെയുള്ള ചുളിവുകൾ എന്നിവയ്ക്ക് കാരണമാകാം. പഞ്ചസാര കുറയ്ക്കുമ്പോൾ ചർമം കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവുമാകാൻ സാധ്യതയുണ്ട്.
അമിത പഞ്ചസാര രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവ വർധിപ്പിക്കാം. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും.
പഞ്ചസാരയുടെ അമിത ഉപയോഗം ഇൻസുലിൻ റെസിസ്റ്റൻസിന് കാരണമാകാം. ഇത് പിന്നീട് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കാം. പഞ്ചസാര കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
രാത്രിയിൽ മധുരം കൂടുതലായി കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാം. പഞ്ചസാര കുറയ്ക്കുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക സർക്കാഡിയൻ റിഥം മെച്ചപ്പെടുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
അമിത പഞ്ചസാര കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ ബാധിക്കാം. പഞ്ചസാര കുറയ്ക്കുമ്പോൾ ദഹനം മെച്ചപ്പെടുകയും വയറുവേദന, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങൾ കുറയുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവിലെ പെട്ടെന്നുള്ള മാറ്റങ്ങൾ മാനസികാവസ്ഥയെ ബാധിക്കാം. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് മാനസിക സമ്മർദ്ദം, അസ്വസ്ഥത, ക്ഷീണം എന്നിവ കുറയ്ക്കാൻ സഹായകമാകാം.
പഞ്ചസാര വായിലെ ബാക്ടീരിയകൾക്ക് വളരാൻ സഹായിക്കുന്നു. ഇത് പല്ലുകളിൽ കാവിറ്റി, കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകാം. പഞ്ചസാര കുറയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
ആദ്യ ദിവസങ്ങളിൽ മധുരം കഴിക്കാനുള്ള ആഗ്രഹം തോന്നിയേക്കാം. കുറച്ച് ആഴ്ചകൾക്കു ശേഷം രുചിമുകുളങ്ങൾ പുതിയ ഭക്ഷണരീതിയോട് പൊരുത്തപ്പെടുകയും പ്രകൃതിദത്ത മധുരമുള്ള പഴങ്ങളുടെ രുചി കൂടുതൽ ആസ്വദിക്കാൻ കഴിയുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates