വേനൽച്ചൂട് കനക്കുമ്പോൾ ശരീരം തണുപ്പിക്കാൻ പറ്റിയ സാധനമാണ് കരിക്കിൻ വെള്ളം. ഇത് ദാഹം മാറ്റാനും ആരോഗ്യത്തിനും മികച്ചതാണ്. കൃത്രിമ ശീതളപാനീയങ്ങളെക്കാൾ എത്രയോ മടങ്ങ് ഗുണം കരിക്കിനുണ്ട്. എന്നാൽ കരിക്ക് പൊട്ടിച്ചു നോക്കുമ്പോൾ ഒന്നുകിൽ വെള്ളമുണ്ടാകില്ല അല്ലെങ്കിൽ കാമ്പ് ഉണ്ടാകില്ല. ചിലതാണെങ്കിൽ തീരെ മധുരമില്ലാതെ വാടിപ്പോയിട്ടുണ്ടാകും. നല്ല വെള്ളമുള്ള കരിക്ക് തിരഞ്ഞെടുക്കാൻ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കണം.
വലിയ കരിക്ക് നോക്കി വാങ്ങിയാൽ നിറയെ വെള്ളം ഉണ്ടാകുമെന്ന ധാരണ വെറുതെയാണ്. വലിപ്പം കൂടുതൽ ഉള്ളതിൽ പലപ്പോഴും പുറമെ തൊണ്ടായിരിക്കും കൂടുതൽ. അതുകൊണ്ട്, കരിക്ക് ആദ്യം കയ്യിലെടുത്ത് നോക്കുക. വലിപ്പത്തിനൊത്ത ഭാരം തോന്നുന്നുണ്ടെങ്കിഷ അതിൽ വെള്ളമുണ്ടെന്ന് ഉറപ്പിക്കാം. ഭാരം കുറവാണെങ്കിൽ ഒന്നുകിൽ അത് വെട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞ് വാടിയതാകാം, അല്ലെങ്കിൽ ഉള്ളിലെ വെള്ളം വറ്റി കാമ്പ് മൂത്ത അവസ്ഥയിലാകാം.
കരിക്കിൽ വെള്ളമുണ്ടോ, കാമ്പുണ്ടോ എന്നറിയാൻ അതൊന്ന് കുലുക്കി നോക്കിയാൽ മതി. കുലുക്കുമ്പോൾ ഉള്ളിൽ നിന്ന് വെള്ളം തുളുമ്പുന്ന ശബ്ദം തീരെ കേൾക്കുന്നില്ലെങ്കിൽ, അതിൽ നിറയെ വെള്ളമുണ്ടെന്നും എന്നാൽ കാമ്പ് തീരെ ഉണ്ടായിരിക്കില്ലെന്നും മനസ്സിലാക്കാം.
ദാഹം മാറ്റാൻ മാത്രം കരിക്ക് വാങ്ങുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. എന്നാൽ ചെറിയ രീതിയിൽ വെള്ളം കുലുങ്ങുന്ന ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ അതിൽ കുടിക്കാനുള്ള വെള്ളത്തിനൊപ്പം പാകത്തിനുള്ള മൃദുവായ കാമ്പും ഉണ്ടാകും. അതേസമയം, വലിയ ശബ്ദത്തിൽ വെള്ളം കുലുങ്ങുന്നുണ്ടെങ്കിൽ അത് തേങ്ങയാകാൻ തുടങ്ങിയതാണെന്നും, ഉള്ളിൽ വെള്ളം വളരെ കുറവായിരിക്കുമെന്നും തിരിച്ചറിയുക.
നല്ല പച്ച നിറമുള്ളതോ, അല്ലെങ്കിൽ ഗൗരിഗാത്രം പോലുള്ളവയാണെങ്കിൽ നല്ല മഞ്ഞ/ഓറഞ്ച് നിറമുള്ളതോ ആയ കരിക്ക് നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. പുറന്തോടിൽ കൂടുതലായി തവിട്ട് നിറത്തിലുള്ള പാടുകളോ ചുളിവുകളോ ഉണ്ടെങ്കിൽ അത് വെട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞതാണെന്നും, ഉള്ളിലെ വെള്ളത്തിന്റെ മധുരം കുറയാൻ സാധ്യതയുണ്ടെന്നും ഉറപ്പിക്കാം.
അതുപോലെ തന്നെ കരിക്കിന്റെ ഞെട്ട് നിൽക്കുന്ന ഭാഗം ശ്രദ്ധിക്കുക. ഇത് നല്ല പച്ച നിറത്തിലോ ഇളം വെളുപ്പ് നിറത്തിലോ ആണെങ്കിൽ കരിക്ക് ഫ്രഷ് ആണെന്ന് മനസ്സിലാക്കാം.
കരിക്ക് വാങ്ങുമ്പോൾ സാധാരണയായി ഉരുണ്ട ആകൃതിയിലുള്ളവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. നീളത്തിലുള്ള കരിക്കുകളെ അപേക്ഷിച്ച് ഉരുണ്ട കരിക്കുകളിലാണ് കൂടുതൽ വെള്ളം കാണാറുള്ളത്.
ചൂടിൽ ആശ്വാസമേകാനും ശരീരത്തിൽ ജലാംശം നിലനിർത്താനും കരിക്കിൻ വെള്ളം കുടിക്കുന്നത് നല്ലതാണ്.
ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും (Electrolytes, Antioxidants) നിറഞ്ഞ പ്രകൃതിദത്ത പാനീയമാണ് കരിക്ക് വെള്ളം. നിർജ്ജലീകരണം തടയാനും, ദഹനം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം കുറയ്ക്കാനും, തടി കുറയ്ക്കാനും ഇത് സഹായിക്കുന്നു.
കാലറി കുറഞ്ഞതും ഷൂഗർ ഒട്ടുമില്ലാത്തതുമായതിനാൽ പ്രമേഹരോഗികൾക്ക് മികച്ച ഒരു പാനീയമാണ്. ദാഹം ശമിപ്പിക്കാൻ സഹായിക്കുന്നു.
ലഘുവായ പാനീയമായതിനാൽ ദഹനത്തിന് എളുപ്പമാണ്. വയറിനും ശീതളത നൽകുന്നു.
ശരീരത്തെ ഹൈഡ്രേറ്റ് ചെയ്തുകൊണ്ട് ത്വക്കിന് നൈസർഗികമായ ഗ്ലോ നൽകാനും കരിക്കിൻ വെള്ളം നല്ലതാണ്.
ചൂട് കാരണം വരുന്ന ക്ഷീണം കുറയ്ക്കാൻ ഒരു ഗ്ലാസ് കരിക്ക് വെള്ളം മതി. തളർച്ച കുറയ്ക്കാനാ്‍ നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates