പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞ് ഉച്ചഭക്ഷണത്തിന് സമയമാകുന്നതിന് മുമ്പുതന്നെ നമ്മളിൽ പലർക്കും വിശക്കാറുണ്ട്. ചിലർ വിശപ്പിനെ പിടിച്ചുവയ്ക്കാൻ നോക്കുമ്പോൾ മറ്റുചിലർ ചെറുതായി എന്തെങ്കിലുമൊക്കെ കഴിച്ച് വിശപ്പൊന്ന് ശമിപ്പിക്കാൻ ശ്രമിക്കും. ഇങ്ങനെ ഇടയ്ക്കിടെ കഴിക്കുന്നത് അനാരോഗ്യകരമാണെന്നാണ് പലരും കരുതുന്നത്. ഇതിന് കാരണം, സ്‌നാക്കിങ് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും പ്രൊസസ്ഡ് ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടാണ്. എന്നാൽ സ്‌നാക്കിങ് ശരിയായ രീതിയിൽ ചെയ്താൽ ആരോഗ്യകരമായ ശീലമാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഇടയ്ക്കിടെ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാം
ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണം കഴിക്കുന്നത് വിശപ്പടക്കാനും ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കുക മാത്രമല്ല, പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യും.
വിശപ്പ് നിയന്ത്രിക്കാം
വിശപ്പിനെ നിയന്ത്രിക്കാൻ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നത് സഹായിക്കും. ലഘുഭക്ഷണം ബുദ്ധിപൂർവ്വം തെരഞ്ഞെടുത്താൽ അനാരോഗ്യകരമായ വിശപ്പിനെ അകറ്റിനിർത്താൻ കഴിയും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാർഗ്ഗവും ഇതാണ്. നാരുകളടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് ദീർഘനേരം വിശപ്പിനെ പിടിച്ചുവയ്ക്കാൻ സഹായിക്കും. പ്രമേഹം ഉള്ളവരും ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരുന്നതാണ് നല്ലത്.
പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് കൂട്ടാം
കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളും ഗുണങ്ങളും പൂർണ്ണമായി ലഭിക്കുന്നതിന് ആരോഗ്യകരമായ സ്‌നാക്കിങ് സഹായിക്കും. പഴങ്ങൾ ഇടവേളകളിൽ കഴിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. ആഹാരക്രമത്തിലേക്ക് ആരോഗ്യകരമായ ഭക്ഷണങ്ങൾ ചേർക്കാൻ സഹായിക്കുന്നതാണ് സ്‌നാക്കിങ്.
മൂഡ് സ്വിങ്‌സ് കുറയ്ക്കാൻ സഹായിക്കും
ചിലപ്പോൾ വിശക്കുന്നത് നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. ഇത് മനസ്സിലാക്കാതെ ചുറ്റുമുള്ള പല കാര്യങ്ങളെ ഇതിന് നമ്മൾ പഴി ചാരുകയും ചെയ്യും. ശരീരത്തിന്റെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ലഘുഭക്ഷണ ശീലം സഹായിക്കും.
ശ്രദ്ധ കൂട്ടും
പരീക്ഷയ്ക്ക് പോകുന്നതിന് മുമ്പും ഇന്റർവ്യൂ അഭിമുഖീകരിക്കുന്നതിന് മുമ്പും എന്തുകൊണ്ടാണ് ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കണം എന്ന് പറയുന്നത് എന്നറിയാമോ? കാരണം, ഇത് കൂടുതൽ സമയം ഏകാഗ്രതയോടെ ഇരിക്കാൻ സഹായിക്കും. വിശപ്പ് പല കാര്യങ്ങളിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കും. ഇടയ്ക്കിടെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഈ സാഹചര്യം ഒഴിവാക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates