സാമ്പത്തിക സ്ഥിരത, കരിയർ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് അണ്ഡം ശീതികരിച്ചു സൂക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണ്. ഇത് സാധ്യമാക്കുന്ന ആധുനിക സജ്ജീകരണങ്ങളും ഇപ്പോൾ ലഭ്യമാണ്. അണ്ഡങ്ങളെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART) ആണ് ഓസൈറ്റ് ക്രയോപ്രിസർവേഷൻ അഥവാ എഗ് ഫ്രീസിങ്. അണ്ഡം ഇത്തരത്തില്‍ സൂക്ഷിച്ചുവെയ്ക്കുന്നത് പിൽക്കാലത്ത് ഗർഭധാരണം സാധ്യമാക്കാന്‍ സഹായിക്കുന്നു.
എന്താണ് എഗ് ഫ്രീസിങ്
സ്ത്രീയിൽ നിന്ന് ആരോഗ്യമുള്ള അണ്ഡം ശേഖരിക്കുകയും കൃത്രിമ സംവിധാനത്തിലൂടെ അതിന്റെ വളർച്ച ത്വരിതപ്പെടുത്തി ഫ്രീസ് ചെയ്തു സൂക്ഷിക്കുകയും ചെയ്യുന്നതാണ് എഗ് ഫ്രീസിങ് എന്ന പ്രക്രിയ. പിന്നീട് സ്ത്രീ അമ്മയാവാൻ ആഗ്രഹിക്കുന്ന സമയത്ത് ഫ്രീസ് ചെയ്ത അണ്ഡം ബീജവുമായി ചേർത്ത് ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതിലൂടെ ഗർഭഘാരണം സാധ്യമാക്കുന്നു. സ്വയം ഗർഭധാരണത്തിന് മാത്രമല്ല, അണ്ഡം ഡോണേറ്റ് ചെയ്യാനും എഗ് ഫ്രീസിങ് സഹായിക്കും.
അണ്ഡ ശേഖരണം
അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയും രക്ത പരിശോധനയിലൂടെയും അണ്ഡത്തിന്റെ വളർച്ച മനസിലാക്കാം. കൂടാതെ ഹോർമോൺ വ്യതിയാനവും ആൻട്രൽ ഫോളിക്കിൾ കൗണ്ട് പരിശോധനയും നടത്തണം. ട്രാൻസ്‌വാജിനൽ അൾട്രാസൗണ്ട് ഉപയോഗിച്ച് സ്ത്രീയുടെ അണ്ഡാശയത്തിലെ ദൃശ്യമായ, ചെറുതും, ദ്രാവകം നിറഞ്ഞതുമായ ഫോളിക്കിളുകളുടെ എണ്ണം അളക്കുന്ന ഒരു പ്രക്രിയയാണ് ആൻട്രൽ ഫോളിക്കിൾ കൗണ്ട് (AFC). ഈ പരിശോധനകളിലൂടെ എത്രത്തോളം അണ്ഡം ഫ്രീസ് ചെയ്യാനാകുമെന്ന് അറിയാം. അതിനുശേഷം ആവറിയന്‍ സ്റ്റിമുലേഷന്‍ നടത്താനുള്ള മരുന്നുകള്‍ നല്‍കും. അതിനുശേഷം അണ്ഡം പുറത്തെടുത്ത് ഫ്രീസ് ചെയ്തു സൂക്ഷിക്കുന്നു.
ആർക്കൊക്കെ എഗ് ഫ്രീസ് ചെയ്യാം
കീമോതെറാപ്പി, റേഡിയേഷൻ പോലുള്ള ചികിത്സകൾക്ക് വിധേയമായി പ്രത്യുത്പാദനശേഷിക്ക് തകരാർ സംഭവിച്ചവർക്കും പിസിഒഎസ് പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
ആരോഗ്യ പ്രശ്നങ്ങൾ
അണ്ഡം പുറത്തെടുക്കുന്നത് 24 മണിക്കൂറിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടാം. വയറുവേദന, വയറിളക്കം, മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ചിലർക്ക് തലകറക്കവും രക്തസ്രാവവും വരെ ഉണ്ടാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates