കോഴിക്കോട് അതിഥി തൊഴിലാളി ഉൾപ്പെടെ നിലവിൽ മൂന്ന് പേർക്ക് മലേറിയ സ്ഥിരീകരിച്ചു. മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഇത് കടുത്ത വിളർച്ച, അവയവങ്ങളുടെ തകരാറ്, കോമ തുടങ്ങിയ അവസ്ഥകൾക്കും മരണത്തിനും കാരണമാവും.
ഇന്ത്യയിൽ ഒഡീഷ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയവ മലേറിയ എൻഡെമിക് മേഖലയായി പരിഗണിക്കപ്പെടുന്നു. ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതും അവിടെ നിന്നുള്ള തൊഴിലാളികളുടെ വരവും കാരണം കേരളവും ഇന്ന് ഒരു റിസ്ക് സോണായി മാറിക്കൊണ്ടിരിക്കുകയാണ്.
ഗവേഷണങ്ങളും ചികിത്സാ രംഗത്ത് പുരോഗതിയും ഉണ്ടായിട്ടും രോഗനിർണ്ണയത്തിലും ചികിത്സയിലുമുണ്ടാകുന്ന താമസം മൂലം ഇപ്പോഴും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായി ആദ്യനാളുകൾ ഏറ്റവും നിർണ്ണായകമാണെന്നാണ് ലോകാരോഗ്യ സംഘടനയടക്കമുള്ള ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നത്. ഈ കാലയളവ് രോഗബാധയുടെ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാനമാണ്.
മറ്റ് പല പകർച്ചവ്യാധികളിൽ നിന്നും വ്യത്യസ്തമായി മലേറിയ വളരെ വേഗത്തിലാണ് ശരീരത്തെ ബാധിക്കുന്നത്. പനി, വിറയൽ, തലവേദന, ക്ഷീണം എന്നിവയെ സാധാരണ പനിയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഈ സമയത്ത് പാരസൈറ്റ് രക്തത്തിൽ സജീവമായി പെരുകിക്കൊണ്ടിരിക്കും.
അനോഫിലിസ് ഇനത്തിൽപെട്ട പെൺകൊതുകിലൂടെയാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. പ്ലാസ്മോഡിയം (Plasmodium) പാരസൈറ്റുകൾ ശരീരത്തിൽ പ്രവേശിച്ചാൽ ഏഴ് മുതൽ 30 ദിവസത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. രക്തത്തിൽ പ്രവേശിക്കുന്ന അണുക്കൾ കരളിൽ പെരുകുന്നു. കരളിന്റെ കോശങ്ങൾ നശിക്കാനും അടുത്ത ഘട്ടത്തിൽ ചുവന്ന രക്താണുക്കളെ ആക്രമിക്കാനും ഇത് കാരണമാകുന്നു.
ഇത് അനീമിയയ്ക്കും രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കി അവയവങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറയ്ക്കാനും കാരണമാകുന്നു. രോഗം തിരിച്ചറിയാതെ പോകുന്ന സാഹചര്യത്തിൽ സമൂഹത്തിനുള്ളിൽ രോഗവ്യാപന സാധ്യതയും ഉയരും. അപൂർവം അവസരങ്ങളിൽ രക്തദാനത്തിലൂടെയും രോഗം പകരാമെന്ന് വിദഗ്ധർ പറയുന്നു.
ചില സാഹചര്യങ്ങളിൽ ഒരേ സമയം ഒന്നിലധികം പ്ലാസ്മോഡിയം സ്പീഷീസുകൾ ബാധിക്കുന്ന മിക്സഡ് മലേറിയ ഇൻഫെക്ഷൻ ഉണ്ടാകാം. ഇത് രോഗലക്ഷണങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ചികിത്സയ്ക്ക് പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ, ടൈഫോയിഡ് പോലുള്ള മറ്റ് പകർച്ചവ്യാധികളോടൊപ്പം കോ-ഇൻഫെക്ഷൻ ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ രോഗനിർണ്ണയം വൈകിയാൽ രോഗാവസ്ഥ വേഗത്തിൽ മോശമാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കൃത്യവും വേഗത്തിലുള്ള പരിശോധന അത്യാവശ്യമാണ്.
രോഗലക്ഷണങ്ങൾ
പനി, കുളിർ, അപസ്മാരം, മാനസിക നിലയിൽ തകരാർ എന്നിവയാണ് ലക്ഷണങ്ങൾ. മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ മറ്റു പകർച്ചപ്പനികളോട് സാമ്യമുള്ളവയാണ്. അതിനാൽ തിരിച്ചറിയാൻ വൈകും. വിറയലോടു കൂടിയ പനി, ഒന്നിടവിട്ട ദിവസങ്ങളിലെ പനി എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. രോഗിക്ക് വിറയലും നല്ല തണുപ്പും ഉണ്ടാവുകയോ, രോഗിയുടെ ശരീരത്തിൽ പൊള്ളുന്ന പനിയും ഒപ്പം തലവേദനയും അനുഭവപ്പെടുകയോ, അമിതമായി വിയർക്കുകയും ഒപ്പം തളരുകയും ചെയ്യുകയും ചെയ്യുക, ശരീരവേദന, തലവേദന, സന്ധിവേദന, ഛർദ്ദി, ഓക്കാനം, വിളർച്ച (അനീമിയ) എന്നിവയും കാണപ്പെടാറുണ്ട്.
സ്വയം ചികിത്സ ഒഴിവാക്കി രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ പ്രാധാന്യം :
കൃത്യമായ രോഗനിർണ്ണയം: മൈക്രോസ്കോപ്പി (Peripheral Smear), റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ (RDTs) വഴി കൃത്യമായി കണ്ടെത്താം.
ഫലപ്രദമായ ചികിത്സ: 'അർട്ടെമിസിനിൻ' (Artemisinin) അധിഷ്ഠിത മരുന്നുകൾ ഉടൻ ആരംഭിക്കാം.
നിരീക്ഷണം: ബോധക്ഷയം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉടൻ കണ്ടെത്താനും ചികിത്സിക്കാനും സാധിക്കും.
അപകടസാധ്യതയുള്ളവർ ശ്രദ്ധിക്കുക:
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ
ഗർഭിണികൾ
പ്രായമായവർ
രോഗപ്രതിരോധ ശേഷി കുറഞ്ഞവർ
ആധുനിക കാലത്ത് മലേറിയ കണ്ടെത്താൻ മിനിറ്റുകൾ മാത്രം മതി. റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ (RDTs) ഇന്ന് എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്. മൈക്രോസ്കോപ്പി പരിശോധനയിലൂടെ പരാന്നഭോജിയുടെ തീവ്രത അളക്കാനും സാധിക്കും. രോഗം കണ്ടെത്തിക്കഴിഞ്ഞാൽ അർട്ടെമിസിനിൻ- ബേസ്ഡ് കോമ്പിനേഷൻ തെറാപിസ് (ACT) ചികിത്സയിലൂടെ പാരസൈറ്റുകളെ രക്തത്തിൽ നിന്ന് വേഗത്തിൽ നീക്കം ചെയ്യാം. ഇത് മരണസാധ്യത ഗണ്യമായി കുറയ്ക്കുകയും രോഗി വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മലേറിയ നിയന്ത്രിക്കുന്നതിനായി പ്രാദേശിക പരിശോധനാ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരും ഇന്ന് സജീവമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), കാലാവസ്ഥാ നിരീക്ഷണം എന്നിവ ഉപയോഗിച്ച് മലേറിയ പടരാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ കൃത്യമായ പരിശോധനയും ചികിത്സയും ഉറപ്പാക്കിയാൽ മലേറിയയെ പൂർണ്ണമായും സുഖപ്പെടുത്താം. വൈകിയുള്ള ചികിത്സ ജീവന് തന്നെ ഭീഷണിയാകാം.
പ്രതിരോധം
കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുകയാണ് മലേറിയ വരാതിരിക്കാനുള്ള പ്രധാന മാർഗം. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുക, പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, കിണറും വാട്ടർ ടാങ്കുകളും വല കൊണ്ട് മൂടുക, കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാവുന്ന കൂത്താടികളെ കൂട്ടത്തോടെ നശിപ്പിക്കുവാൻ കീടനാശിനികളോ മണ്ണെണ്ണയോ മോസ്ക്വിറ്റോ ലാർവിസിഡൻ ഓയിലോ ജലോപരിതലത്തിൽ ഒഴിക്കുക.
രോഗി രോഗം ഭേദമാകുന്നതു വരെ കൊതുകു വലയ്ക്കുള്ളിൽത്തന്നെ കിടക്കാനും ശ്രദ്ധിക്കണം. നമുക്കിടയിൽ താമസിക്കുന്നവർക്ക് രോഗം സ്ഥിരീകരിച്ചാൽ രോഗമില്ലാത്തവരും കൂടെ ഉള്ളവർക്ക് രോഗമുള്ള കാലയളവിൽ കൊതുകു വല ഉപയോഗിക്കണം. കൂടാതെ ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക. വീടിനുള്ളിൽ കൊതുക് കടക്കാതിരിക്കാൻ വലകൾ തറയ്ക്കുക. കൊതുകുതിരികൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റിപ്പല്ലർ, ബാറ്റ് എന്നിവ ഉപയോഗിക്കുന്നതും രോഗപ്രതിരോധത്തിന് നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates