

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ചെറുകഥ കളിലൊന്നാണ് 'പൂവമ്പഴം'. അബ്ദുള്‍ ഖാദര്‍ എന്ന ഭര്‍ത്താവും അദ്ദേഹത്തിന്റെ ഭാര്യ ജമീല ബീവിയുമാണ് കഥാപാത്രങ്ങള്‍. ഒരു ദിവസം ജമീല ബീവി ഭര്‍ത്താവിനോട് പൂവമ്പഴം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുന്നു. വളരെ പ്രയാസപ്പെട്ടിട്ടും പൂവമ്പഴം കിട്ടാത്തതിനാല്‍ അബ്ദുള്‍ ഖാദര്‍ കുറച്ച് ഓറഞ്ചും വാങ്ങി മടങ്ങുന്നു. എന്നാല്‍ ജമീല ബീവി അത് കഴിക്കാന്‍ കൂട്ടാക്കിയില്ല. അവസാനം ഒരടിയുടെ അകമ്പടിയോടെ അബ്ദുള്‍ ഖാദര്‍ ജമീല ബീവിയെക്കൊണ്ട് അത് കഴിപ്പിക്കുന്നു. മാത്രമല്ല, കഴിച്ചത് ഓറഞ്ച് അല്ല, പൂവമ്പഴം ആണെന്ന് പറയിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ ജമീല ബീവിയുടെ വാശിക്ക് പിന്നില്‍ എന്തെങ്കിലും ആരോഗ്യപരമായ കാരണം ഉണ്ടായിരുന്നോ? ഉണ്ടെന്ന് വേണം കരുതാന്‍. കാരണം പൂവമ്പഴത്തിന് ലൈംഗികശേഷി വര്‍ദ്ധിപ്പി ക്കാന്‍ കഴിയും എന്നതിനുള്ള ശാസ്ത്രീയമായ തെളിവുകള്‍ ഇന്ന് ലഭ്യമാണ്. അത് ഒരിക്കലും ഓറഞ്ച് കഴിക്കുന്നതിലൂടെ ലഭിക്കില്ല. പൂവമ്പഴത്തില്‍ മാനസികോല്ലാസം വര്‍ധിപ്പിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ ഉള്ളതായാണ് ഗവേഷണപഠനങ്ങള്‍ പറയുന്നത്. പൂവമ്പഴം കഴിക്കുന്നത് മാനസികമായും ശാരീരികമായും കൂടുതല്‍ ഊര്‍ജ്ജം പുറത്തു വിടുന്നതിന് ശരീരത്തെ സജ്ജമാക്കുകയും അതിലൂടെ ഒരാളെ സന്തോഷിപ്പിക്കുകയും ചെയ്യും. ഫ്രക്ടോസ്, സുക്രോസ് എന്നിങ്ങനെയുള്ള പഞ്ചസാരകളുടെ സമ്പന്നമായ ഉറവിടമായതിനാല്‍, ലൈംഗികബന്ധപ്പെടലിന് തൊട്ടുപിന്നാലെ പൂവമ്പഴം ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
ഒരുപക്ഷേ, ബഷീറിന് ഈ സത്യം അറിയാമായിരുന്നിരിക്കണം. തന്റെ ഈ കഥ വായിക്കാനിടയാവുന്ന പിന്‍തലമുറ ജമീല ബീവിയുടെ പക്ഷംചേരും എന്ന് ഉറപ്പുണ്ടായിരുന്നതിനാലാവാം ഈ ചെറുകഥ ഉള്‍ക്കൊള്ളുന്ന കഥാസമാഹാരത്തിന് അദ്‌ദേഹം ‘വിഡ്ഢികളുടെ സ്വര്‍ഗം’ എന്ന് പേരിട്ടത്! 1948ല്‍ ആണ് ഇത് ആദ്യമായി അച്ചടിക്കപ്പെട്ടത്. അബ്ദുള്‍ ഖാദര്‍ ഒരു സ്‌ക്കൂള്‍ അധ്യാപകനും ആയിരുന്നു എന്ന് പറയുന്നതിലൂടെ നാട്ടറിവുകളെ നാലയലത്ത് അടുപ്പിക്കാത്ത ബ്രിട്ടീഷ് വിദ്യാഭ്യാസരീതിയെ അതിഗുപ്തമായി പരിഹസിക്കുന്നതിലൂടെ ബഷീര്‍ അതിഗൂഢമായി ആനന്ദിക്കുകയും ചെയ്തിട്ടുണ്ടാവണം!
സായിപ്പ് പക്ഷേ ഇത് മനസിലാക്കി വന്നപ്പോള്‍ കാലമേറെയായി. നേര്‍ത്ത മഞ്ഞ തൊലിയും നല്ല മധുരമുള്ള ഈ തടിച്ച പഴത്തെ 'ഫാറ്റ് ലേഡീസ് ഫിംഗര്‍' എന്ന് വിളിക്കുന്നതിനൊപ്പം 'മൈസൂര്‍ ബനാന' എന്ന് കൂടി പേരിടുന്നതില്‍ എന്തെങ്കിലും അനുഭവസാക്ഷ്യങ്ങള്‍ ഉണ്ടായിരുന്നോ എന്നറിയില്ല! പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമായ പൂവമ്പഴം പേശികളുടെ ശരിയായ പ്രവര്‍ത്തനത്തെ നിലനിറുത്തുകയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
പൂവമ്പഴത്തിന് തുല്യമായ തരത്തില്‍ ലൈംഗികശേഷിയെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന ചില ഔഷധ ഫലങ്ങളെ പരിചയപ്പെടാം:
സന്തോഷകരമായ കുടുംബജീവിതത്തിനും ആത്മാഭിമാന ത്തിനും കാരണമാകുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ലൈംഗികശേഷിയും പ്രത്യുല്‍പാദന ആരോഗ്യവും. നമ്മുടെ പുരുഷാധിപത്യ സംസ്‌കാരം ഇപ്പോഴും സ്ത്രീകളിലെ ലൈംഗികതയെ പരിഗണിക്കാന്‍ മടിക്കുന്നുണ്ടെങ്കിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും കാര്യത്തില്‍ ഇത് ഒരുപോലെയാണ്.
സ്ത്രീയെ തൃപ്തിപ്പെടുത്താനുള്ള കഴിവാണ് പുരുഷത്വത്തെ നിശ്ചയിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമായി 48.5 ദശലക്ഷത്തിലധികം വന്ധ്യത ബാധിച്ച ദമ്പതികളുണ്ട്. മരുന്നുചികിത്സ, ജീവിതശൈലി, ഭക്ഷണക്രമീകരണം എന്നിവയിലൂടെ നല്ല ലൈംഗിക ആരോഗ്യം കൈവരിക്കാന്‍ കഴിയും. വര്‍ദ്ധിച്ച ആകുലതയും ചിന്തകളും ലൈംഗികപ്രകടനം മോശമാവാന്‍ കാരണമാവുന്നതായി ആയൂര്‍വേദം പറയുന്നു.
അമ്‌ളതയും രൂക്ഷതയും ഉപ്പുരസവും കൂടുതലുള്ള ഭക്ഷ്യവസ്തുക്കളുടെ അമിതോപയോഗം ലൈംഗികാഭിലാഷം അഥവാ ‘ലിബിഡോ’ കുറയുന്നതിന് കാരണമാവുന്നു. ആയൂര്‍വേദം അനുസരിച്ച് ഇത്തരം ഭക്ഷണം ‘സൗമ്യധാതു’ (ജലതത്വം) നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. അമിതമായ ലൈംഗികസുഖത്തിന് അടിമകളായ വ്യക്തികളില്‍ കാണുന്ന ശുക്ലത്തിന്റെ അപര്യാപ്തത, സഹജബലഹീനത (ജനനം മുതല്‍ക്കേയുള്ള ലൈംഗികശേഷിയില്ലായ്മ), ലൈംഗികായവത്തിലെ നാഡീമര്‍മ്മനാശം, വ്രണരോഗങ്ങള്‍ എന്നിവയെ ആരോഗ്യഭക്ഷണത്തിലൂടെ നിയന്ത്രിക്കാനാവും.
പുരുഷന്മാരില്‍ ബലഹീനത അല്ലെങ്കില്‍ ഉദ്ധാരണക്കുറവ് പ്രധാനമായും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരുഷഹോര്‍മോണുകള്‍ അഥവാ ആന്‍ഡ്രോജെനുകള്‍ പുരുഷ പ്രത്യുത്പാദന ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ആന്‍ഡ്രോജെനുകളോടുള്ള പ്രതികരണം ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന സ്റ്റിറോയ്ഡ് ഹോര്‍മോണ്‍ വഴിയാണ് നിയന്ത്രിക്കപ്പെടുന്നത്.
ചില പ്രത്യേകതരം ഔഷധസസ്യങ്ങളോ അവയില്‍ നിന്നുള്ള മരുന്നുകളോ ഉപയോഗിച്ച് ഉദ്ധാരണക്കുറവ് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. എന്നാല്‍ ഇതില്‍ ലൈംഗികപങ്കാളി യിലൂടെ ലഭിക്കുന്ന മാനസികാവസ്ഥയ്ക്ക് പ്രത്യേക പങ്കുണ്ട്. ആയുര്‍വേദത്തില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ‘ആഹാരവര്‍ഗം’ എന്ന പേരിലറിയപ്പെടുന്ന പ്രത്യേക മേഖലയുണ്ട്. ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഔഷധദ്രവ്യങ്ങളെക്കുറിച്ച് വാജികരണ, വാജികര, വൃഷ്യ, ശുക്രരേചക, ശുക്രജനക തുടങ്ങിയ പേരുകളിലുള്ള ചികിത്‌സാപദ്ധതികളില്‍ പറയുന്നുണ്ട്.
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള അനവധി ഭക്ഷണദ്രവ്യങ്ങളെക്കുറിച്ച് ആയുര്‍വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാലോ അവയില്‍ മിക്കവയും നാഗരികജീവിതം നയിക്കുന്നവര്‍ക്ക് ഇന്ന് ലഭ്യമല്ല. അതിനാല്‍ നഗരങ്ങളില്‍പ്പോലും ലഭ്യമാവുന്ന ഭക്ഷ്യ വസ്തുക്കളെക്കുറിച്ച് മാത്രമേ ഇവിടെ പറയുന്നുള്ളൂ.
മാതളം എന്നും അറിയപ്പെടുന്ന മാതളനാരങ്ങ ലൈംഗികോത്തേജകശേഷിയുള്ള ഒരു മാന്ത്രികഫലമാണ്. പുരുഷന്‍മാരുടെ ലൈംഗികാസക്തിക്ക് പിന്നിലെ പ്രധാന ഹോര്‍മോണുകളിലൊന്നായ ടെസ്‌റ്റോസ്റ്റിറോണ്‍ വര്‍ദ്ധിക്കാന്‍ മാതളച്ചാറ് സഹായിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചലനശേഷിയുള്ള ബീജങ്ങളുടെ എണ്ണവും ശുക്ലത്തിന്റെ ഗുണനിലവാരവും ഇത് വര്‍ദ്ധിപ്പിക്കും. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ.
ധാരാളം പൊട്ടാസ്യവും ഇതിലുണ്ട്. കൂടാതെ ഉയര്‍ന്ന അളവില്‍ ഫോസ്ഫറസും കാല്‍സ്യവും. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും. ഇതിലെ ചില വര്‍ണ്ണഘടകങ്ങള്‍ക്ക് സ്ത്രീഹോര്‍മോണുകളായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഫ്രഷ് ആയി തയ്യാറാക്കുന്ന മാതളച്ചാറ് ദിവസവും കഴിച്ചാല്‍ യുവജനങ്ങളില്‍ അതിന് ‘പ്രകൃതിദത്ത വയാഗ്ര' ആയി പ്രവര്‍ത്തി ക്കാന്‍ കഴിയും.
കൊക്കോ ആയൂര്‍വേദം നിര്‍ദ്ദേശിക്കുന്നു എന്നത് അതിശയമായി തോന്നാം. ഇതിന് ഹ്യദയോദ്ദീപനശേഷിയുണ്ട്. നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന സ്വഭാവവുമുണ്ട്. കറുവപ്പട്ട, ഏലം, അമുക്കുരം എന്നിവയുമായി ചേര്‍ത്ത് നെയ്യ്, തേങ്ങാപ്പാല്‍, എന്നിവയില്‍ അരച്ചെടുത്ത് ഇതിന്റെ ഉദ്ദീപനശേഷി കുറവു ചെയ്തുപയോഗിക്കണം എന്ന് ആയൂര്‍വേദം മുന്നറിയിപ്പ് നല്‍കുന്നു. ഇതില്‍ ഒരു ‘ആനന്ദതന്‍മാത്ര’ ഉള്ളതായി ആധുനിക ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആനന്ദാമൈഡ് എന്നാണ് ഇതിന് പേരു നല്‍കിയിരിക്കുന്നത്.
ലൈംഗികാഭിലാഷം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ലൈംഗികസുഖം മെച്ചപ്പെടുത്തുന്നതിലൂടെയും കൊക്കോയ്ക്ക് ലൈംഗികതയില്‍ അളവറ്റ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അനുബന്ധപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഹൈപ്പതലാമസിനെ ഉത്തേജിപ്പിക്കുകയും ആനന്ദകരമായ സംവേദനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന ഫിനൈല്‍ എഥൈലാമൈന്‍ എന്നറിയപ്പെടുന്ന ഒരു ജൈവഘടകത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണം.
സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിങ്ങനെയുള്ള തലച്ചോറിലെ രണ്ട് ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അളവിനെ ഇത് വര്‍ദ്ധിപ്പിക്കുന്നു. സന്തോഷത്തിന്റെയും പ്രണയത്തിന്റെയും സാഹചര്യങ്ങളില്‍ തലച്ചോറ് സ്വാഭാവികമായി ഇവയെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കൂട്ടുകയും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കൈവരികയും ഒരു പ്രത്യേകതരം 'ആനന്ദം' കൈവരികയും ചെയ്യുന്നു. കൊക്കോയുടെ കുരു നന്നായി വറുത്ത് പൊടിച്ചെടുക്കാം. ഈ പൊടി ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്ത് സേവിച്ചാല്‍ ലൈംഗികാഭിലാഷം വര്‍ദ്ധിക്കും.
നെല്ലിക്കയുടെ ലൈംഗികോദ്ദീപനശേഷി സമീപകാലപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആയുര്‍വേദത്തിലെ ഏറ്റവും പ്രശസ്തമായ ഔഷധസസ്യങ്ങളില്‍ ഒന്നായ ഇതില്‍ ആപ്പിളിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ധാതുക്കളും അമിനോആസിഡുകളും അടങ്ങിയിരി ക്കുന്നു. ഫ്രഷ് ആയി തയ്യാറാക്കിയെടുക്കുന്ന നെല്ലിക്കാജ്യൂസിന് വന്ധ്യതയും കാന്‍സറും തടയാന്‍ കഴിയുന്ന ഒരു ടോണിക്കായി പ്രവര്‍ത്തിക്കാന്‍ കഴിയും. ലൈംഗികബലഹീനതയ്ക്കുള്ള ഒരു നാട്ടുവൈദ്യമെന്ന നിലയില്‍, നെല്ലിക്ക വെയിലത്ത് ഉണക്കി പൊടിക്കുന്നു. ഒരു സ്പൂണ്‍ പൊടി ഒരു സ്പൂണ്‍ തേനും കല്‍ക്കണ്ടവുമായി ചേര്‍ത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിക്കാം.
ഇഞ്ചിയുടെയും മത്തങ്ങാക്കുരുവിൻ്റേയും സത്ത് ഉള്ളില്‍ കഴിക്കുന്നത് ബീജോത്പാദന നളികകളിലെ ബീജകോശങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ബീജോത്പാദന പ്രക്രിയ ഉത്തേജിക്കപ്പെടുകയും ചെയ്യുന്നു. മറ്റൊരു ഗവേഷണം മത്തങ്ങാക്കുരുവില്‍ നിന്നുള്ള എണ്ണ പ്രോസ്‌ട്രേറ്റ് വീക്കം ബാധിച്ച രണ്ടായിരത്തോളം പുരുഷന്മാരില്‍ ഗുണഫലങ്ങള്‍ സ്യഷ്ടിക്കുന്നതായി കണ്ടെത്തുകയുണ്ടായി. ചിലതരം മൂത്രാശയ വൈകല്യങ്ങളും, ഇതിന് സുഖപ്പെടുത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. സിങ്ക്, മാംഗനീസ്, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, സെലിനിയം എന്നിവയുടെ സാന്നിധ്യം മത്തങ്ങാക്കുരു സത്തിനെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മരുന്നായി ഉപയോഗിക്കപ്പെടുന്നതിനും കാരണമാവുന്നു.
നാട്ടിന്‍പുറങ്ങളിലെ ഏറ്റവും പ്രശസ്തമായ ലൈംഗികൗഷധമാണ് മുരിങ്ങ. മുരിങ്ങയില തോരനായി ഉപയോഗിക്കുന്നു. മുരിങ്ങക്ക സാമ്പാറിലും അവിയലിന്റെ ഭാഗമായും മീന്‍കറിയിലും ഉപയോഗിക്കുന്നു. സമ്മര്‍ദ്ദകരമായ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ലൈംഗികത മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് മുരിങ്ങ ഉപയോഗിക്കുക എന്നത്.
ആയുര്‍വേദം അനുസരിച്ച്, ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മുരിങ്ങ മികച്ചതാണ്. മുരിങ്ങക്ക പ്രത്യേകിച്ചും മുരിങ്ങയുടെ വിത്തുകള്‍ ശക്തവും നീണ്ടുനില്‍ക്കുന്നതുമായ ഉദ്ധാരണം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതിലെ സാപ്പോണിന്‍ എന്ന ഘടകം ലൈംഗികാഭിലാഷം (ലിബിഡോ) വര്‍ദ്ധിപ്പിക്കുന്നു. മുരിങ്ങക്ക യുടെ 45 വിത്തുകള്‍, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടിയും ചേര്‍ത്ത് ഇഞ്ചിനീരില്‍ കലര്‍ത്തിയശേഷം വെള്ളം ചേര്‍ത്ത് ഒരു ഗ്‌ളാസ് ആക്കിയെടുക്കുന്നു ഇത് കുറഞ്ഞ തീയില്‍ 5 മിനിറ്റ് പതുക്കെ തിളപ്പിക്കുന്നു. ഇത് ദിവസവും 2 മുതല്‍ 3 തവണ വരെ കഴിക്കാം. ഇതിന് ബീജത്തിന്റെ ചലനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയും.
ലൈംഗികതകരാറുകള്‍, നാഡീക്ഷതം തുടങ്ങിയവയുടെ ചികിത്സയ്ക്കായി ഈന്തപ്പഴം ഉപയോഗിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയോടൊപ്പം ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും വിറ്റാമിന്‍ ബി6ഉം ഈന്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പുരുഷന്‍മാരിലെ പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പഴങ്ങളില്‍ ഒന്നാണിത്. എസ്ട്രാഡിയോള്‍, ഫ്‌ളാവനോയിഡുകള്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പുരുഷബീജങ്ങളുടെ എണ്ണവും ചലനശേഷിയും വര്‍ദ്ധിപ്പിക്കും. പുരുഷന്മാരില്‍ വൃഷണങ്ങളുടെ വലുപ്പവും ഭാരവും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഡിഎന്‍എയു ടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴത്തിന് കഴിയും. ഈന്തപ്പഴം രാത്രി മുഴുവന്‍ ആട്ടിന്‍ പാലില്‍ ഇട്ടുവെച്ചശേഷം പശുവിന്‍പാലില്‍ അരച്ച് ഉള്ളില്‍ കഴിക്കാവുന്നത്.
ആയുര്‍വേദം അനുസരിച്ച് ബദാം ‘വൃഷ്യഗുണം’ ഉള്ളതാണ്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് ബദാം. ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് ആവശ്യമായ വിറ്റാമിന്‍ ഇ, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ ഏറ്റവും നല്ല സ്രോതസുമാണ് ബദാം.
അതോടൊപ്പം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പോളി അണ്‍സാച്ചു റേറ്റഡ് ഫാറ്റി ആസിഡുകളുടെയും നല്ല ഉറവിടമാണ് ബദാം. മഗ്നീഷ്യം, സിങ്ക് ഫോളേറ്റ്, വിറ്റാമിന്‍ ബി6 എന്നിവയും ഹൈപ്പോതലാമസിനെ ഉത്തേജിപ്പിക്കുകയും ടെസ്‌റ്റോസ്റ്റിറോണ്‍ കൂടുതലായി ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് മൊത്ത ത്തിലുള്ള ലൈംഗികശേഷിയേയും, ശുക്‌ളസ്ഖലന ആവൃത്തി, സ്ഖലനത്തിനുമുമ്പുള്ള രതിസുഖദൈര്‍ഘ്യം, ബീജങ്ങളുടെ എണ്ണം എന്നിവയെ ഗുണപരമായി ബാധിക്കുന്നു. ഇതുകൂടാതെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും ലൈംഗികാസക്തി (ലിബിഡോ) വര്‍ദ്ധിപ്പിക്കാനും ബദാം സഹായിക്കും.
ഏലം ഒരു സുഗന്ധവ്യഞ്ജനമായാണ് അറിയപ്പെടുന്നതെങ്കിലും മധ്യപൂര്‍വ്വദേശങ്ങളില്‍ ഇത് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതി നുള്ള മരുന്നായാണ് ഉപയോഗിക്കുന്നത്. ഏലം ചവയ്ക്കുന്ന തിലൂടെ വായിലെ അസുഖകരമായ ദുര്‍ഗന്ധം, ദഹനക്കേട്, ഓക്കാനം, അസുഖം മൂലമുണ്ടാകുന്ന ഛര്‍ദ്ദി എന്നിവ അകറ്റാനാവും. ഇത് വായില്‍ അമിതമായി വെള്ളം വരുന്നത് തടയാനും സഹായിക്കും. ലൈംഗികബന്ധത്തിന് മുമ്പ് ഏലയ്ക്ക ചവയ്ക്കാന്‍ വാത്സ്യായനന്‍ ലൈംഗിക പങ്കാളികളെ ഉപദേശിക്കുന്നു.
ഏലയ്ക്ക പൊടിച്ചത് ഇട്ട് തിളപ്പിച്ച പാലില്‍ തയ്യാറാക്കുന്ന ചായ അമിത ജോലി മൂലമുള്ള ക്ഷീണം, മൂത്രക്കുറവ്, വയറിളക്കം, മാസികസമ്മര്‍ദ്ദം, കഫീന്‍, മദ്യം തുടങ്ങിയവ മൂലമുള്ള അമിതമായ ചങ്കിടിപ്പ് എന്നിവയെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. വിഷാദരോഗം ബാധിച്ചവരുടെ മനോനില മെച്ചപ്പെടുത്താനും ഏലം ഉപയോഗിക്കാം. ഒരു ഏലയ്ക്ക ഒരു ടേബിള്‍സ്പൂണ്‍ തേനിനോടൊപ്പം ദിവസേന കഴിക്കുന്നത് നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും അതുവഴി വ്യക്തിയുടെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കാഴ്ചശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പല കറിക്കൂട്ടുകളിലും വെളുത്തുള്ളി ഒരു ചേരുവയാണെങ്കിലും അതിന് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. വെളുത്തുള്ളിയിലെ ‘അലിസിന്‍' എന്ന സജീവ സംയുക്തത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണം. ആയുര്‍വേദം പറയുന്നതിനനുസരിച്ച് വെളുത്തുള്ളി ഉദ്ധാരണക്കുറവ് പരിഹരിക്കും.
രക്തപിത്തരോഗങ്ങള്‍, ഗുല്‍മ, പൈല്‍സ്, കുടല്‍വിരബാധ, പ്രമേഹം എന്നിവയുടെ ചികിത്സയില്‍ ഇത് ഉപയോഗിക്കുന്നു. കഫപ്രക്യതി കൂടുന്നതിന്റെ ദോഷങ്ങള്‍ കുറയ്ക്കുന്നതിനും ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഹ്യദയാരോഗ്യത്തിനും വെളുത്തുള്ളി നല്ലതാണ്. വെളുത്തുള്ളിയും മല്ലിയിലയും ഒരുമിച്ച് കഴിക്കുന്നത് ലൈംഗികാ സക്തി (ലിബിഡോ) വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച മരുന്നാണ്. വെളുത്തുള്ളി പാലിനൊപ്പം തിളപ്പിച്ച് ഉള്ളില്‍കഴിക്കാം. ഇത് തേനില്‍ ഇട്ട് സൂക്ഷിക്കാം വെളുത്തുള്ളി എള്ളെണ്ണ അല്ലെങ്കില്‍ പശുവിന്‍ നെയ്യില്‍ വറുത്ത് കഴിക്കാം.
സംസ്‌കൃതത്തില്‍ ‘അശ്വഗന്ധ’എന്നറിയപ്പെടുന്ന അമുക്കുരം സാധാരണയായി മാനസികസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന വന്ധ്യതയെ ചെറുക്കാന്‍ ഉപയോഗിക്കുന്നു. അമുക്കുരത്തിന്റെ വേര് വെള്ളത്തിലരച്ചത് പുരുഷവന്ധ്യതക്കുള്ള മരുന്നാണ്. ഇതിലൂടെ വന്ധ്യതയുള്ള പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ചലനശേഷിയും മെച്ചപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2010ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനമനുസരിച്ച്, വന്ധ്യതയുള്ള പുരുഷന് ദിവസേന 5 ഗ്രാം അമുക്കുരവേര്‌പൊടി വീതം മൂന്നു മാസത്തേക്ക് നല്‍കുന്നതിലൂടെ ബീജോത്പാദനശേഷിയും അവയുടെ ചലനശേഷിയും മെച്ചപ്പെട്ടതായി കണ്ടെത്തുകയു ണ്ടായി. ഒരു ടേബിള്‍സ്പൂണ്‍ പശുവിന്‍ നെയ്യില്‍ അതിന്റെ നാലിലൊന്ന് അമുക്കുരവേര്‌സത്ത് ചേര്‍ത്ത് 15 ദിവസത്തേക്ക് കഴിക്കാം. അല്പം (10 ഗ്രാം) അമുക്കുരവേര്‌പൊടി പാലില്‍ കലര്‍ത്തി രാത്രി ഉറങ്ങുന്നതിനുമുമ്പ് 15 ദിവസം കഴിച്ചാല്‍, ഇതേ ഫലം തന്നെ ഉണ്ടാ വുകയും ബീജോത്പാദനം വര്‍ദ്ധിക്കുകയും ചെയ്യും.
സംസ്‌കൃതത്തില്‍ ‘ജീവന്തി’ എന്നറിയപ്പെടുന്ന അടപതിയന്‍ ഊര്‍ജ്ജസ്വലത, ശക്തി, ഓജസ്സ് എന്നിവ നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നു. നാട്ടുചികിത്‌സയില്‍ ഗൊണോറിയ, പ്രമേഹം എന്നീ ചികിത്‌സയിലാണ് ഇതിന് പ്രാധാന്യം. കേരളത്തിലെ പണിയഗോത്രക്കാര്‍ അടപതിയന്റെ കിഴങ്ങുകള്‍ വെള്ളത്തില്‍ തിളപ്പിച്ച് കഴിക്കാറുണ്ട്. ഔഷധഗുണങ്ങള്‍ക്ക് പുറമേ, ഇലകള്‍, പൂക്കള്‍, പഴങ്ങള്‍ എന്നിവ ഭക്ഷ്യവിഭവങ്ങളായും ഉപയോഗിക്കുന്നു. നാട്ടുവൈദ്യം പറയുന്നതനുസരിച്ച്, അടപതിയെന്റെ വേര് പാലില്‍ തിളപ്പിച്ച് വെയിലില്‍ ഉണക്കിയ ശേഷം പൊടിച്ച് അതിന്റെ ഒരു നുള്ള് (6 ഗ്രാം) പാലില്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും. ഇത് ബീജങ്ങളുടെ എണ്ണം കൂടുന്നതിനും ലൈംഗികാസക്തി വര്‍ദ്ധി ക്കുന്നതിനും സഹായിക്കും.
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഔഷധമെന്ന നിലയില്‍ പേരുകേട്ടതാണ് നായ്ക്കുരുണ. ആയുര്‍വേദത്തില്‍ ഇതിന്റെ വിത്തുകളും വേരും വൃഷണങ്ങളുടെ ഭാരം വര്‍ദ്ധിപ്പി ക്കുന്നതിനും ശുക്‌ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ശുക്‌ളോത്പാദന നളികകളുടേയും പ്രോസ്‌ട്രേറ്റ് ഗ്രന്ഥി യുടേയും പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കാന്‍ നായ്ക്കുരുണക്ക് കഴിയും.
സ്ഖലന പൂര്‍വ്വസമയം ദീര്‍ഘിപ്പിക്കുന്നതിനും സ്ഖലനപ്രകടനം മെച്ചപ്പെടുത്തുന്നതിനും നായ്ക്കുരുണ സഹായിക്കും. നായ്ക്കുരുണവിത്തുകള്‍ ഉപയോഗിച്ചുള്ള ചികിത്സ വന്ധ്യരായ പുരുഷന്മാരില്‍ ബീജസാന്ദ്രതയും ചലനശേഷിയും വര്‍ദ്ധിപ്പിന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലൈംഗികജീവിതത്തെ ദോഷകരമായി ബാധിക്കുന്ന മാനസികസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമുക്കുരത്തിന്റെ വേര്, വിത്ത് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഷായം 30 മില്ലി എന്ന അളവില്‍ ദിവസേന രണ്ടുതവണ, 15 ദിവസത്തേക്ക് കഴിക്കുന്നതിലൂടെ ബീജങ്ങളുടെ എണ്ണവും ലൈംഗികാസക്തിയും വര്‍ദ്ധിക്കും.
‘ശതാവരി’ എന്നത് സംസ്‌ക്യതം പേരാണ്. 'നൂറു ഭര്‍ത്താക്കന്മാരെ സ്വന്തമാക്കുന്നവള്‍’ എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഇംഗ്‌ളീഷ് പേര് ആസ്പരാഗസ്. ആയുര്‍വേദം ഇതിനെ 'ഔഷധസസ്യങ്ങളുടെ രാജ്ഞി' എന്നാണ് വാഴ്ത്തുന്നത്. സ്ത്രീകള്‍ക്കുള്ള സവിശേഷമായ ഒരു പുനരുജ്ജീവനടോണിക്ക് ആണ് ശതാവരി. അണ്‌ഡോത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ശതാവരി ഉപയോഗിക്കുന്നു.
ശതാവരിയില്‍ കാണപ്പെടുന്ന ചില ജൈവഘടകങ്ങളാണ് അതിന്റെ ചികിത്‌സാ പ്രഭാവങ്ങള്‍ക്ക് കാരണം. ഇവ കൂടാതെ, ശതാവരിക്കിഴങ്ങില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6 തുടങ്ങിയവയും കാല്‍സ്യം, മഗ്നീഷ്യം, അയണ്‍ തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു. ശതാവരിക്കിഴങ്ങ് വെള്ളത്തില്‍ തിളപ്പിച്ച് കഴിക്കുന്നത് ലൈംഗികാഭിലാഷം ഉത്തേജിപ്പിക്കും. ആര്‍ത്തവവിരാമത്തിലെത്തിയ സ്ത്രീകള്‍ക്ക് യോനിയിലെ ചുട്ടുനീറ്റലും വരള്‍ച്ചയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ ബന്ധപ്പെടുന്ന സമയത്ത് പുരുഷന്മാരെ കൂടുതല്‍ വികാരഭരിതരാക്കാന്‍ കഴിയും. ഉദ്ധാരണ സമയം നിലനിര്‍ത്താനും ഇത് സഹായിക്കും.
മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ലൈഗികോദ്ദീപകമാണ് കുങ്കുമപ്പൂവ്. പൂവിന്റെ ഒരു ഭാഗം മാത്രമാണ് ഉപയോഗിക്കുന്നതെങ്കിലും അങ്ങനെയാണ് മലയാളത്തില്‍ അതിന്റെ പേര്. മെഡിറ്ററേനിയന്‍ സ്വദേശിയായ ഇത് ഇപ്പോള്‍ ഇറാനിലും ഇന്ത്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലും വ്യാപകമായി കൃഷി ചെയ്തുവരുന്നു. കുങ്കുമപ്പൂവില്‍ അടങ്ങിയിട്ടുള്ള സഫ്രാനല്‍, ക്രോസിന്‍ എന്നിവ പുരുഷന്മാരില്‍ ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഉദ്ധാരണക്കുറവ് ഉള്ള രോഗികളിലും കുങ്കുമപ്പൂവിന്റെ ഗുണഫലം തെളിയിക്കപ്പെട്ടിട്ടുണ്ട്. ബദാംപരിപ്പ് അരച്ചെടുത്തതിനോടൊപ്പം കുങ്കുമപ്പൂ ചേര്‍ത്ത് കഴിക്കുന്നതിലൂടെ വിഷാദരോഗചികിത്‌സക്കുള്ള മരുന്നുകള്‍ കഴിച്ചതിലൂടെയുണ്ടാവുന്ന ഉദ്ധാരണക്കുറവ് പരിഹരിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates