പലരും നിത്യജീവിതത്തിൽ നിരന്തരം ഉപയോഗിക്കുന്ന ഒരു വാക്കാണ് 'ട്രോമ'. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന ട്രോമ എന്ന വാക്ക് പലപ്പോഴും സൈക്കോളജി അല്ലെങ്കിൽ സൈക്യാട്രിയിൽ വിളിക്കുന്ന ട്രോമയും ഓരേ അർഥമായിരിക്കണമെന്നില്ല. ഈ വാക്കിന്റെ യഥാർത്ഥ അർഥം മനസ്സിലാക്കുന്നത് അതിനെ കൂടുതൽ കൃത്യമായി ഉപയോഗിക്കാൻ സഹായിക്കും.
'ട്രോമ' എന്ന വാക്ക് മുറിവ് അല്ലെങ്കിൽ പരിക്ക് എന്ന അർഥത്തിൽ പുരാത ഗ്രീക്ക് ഭാഷയിൽ ഉപയോഗിച്ചിരുന്നു. ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പ്രകാരം 1684 മുതൽ ബാഹ്യമായ ശാരീരിക മുറിവ് എന്ന അർഥത്തിലാണ് ഈ വാക്ക് ഉപയോഗിച്ചിരുന്നതെന്ന് വിലയിരുത്തുന്നു. അതായത്, അപകടത്തിൽ കൈ-കാലുകൾക്ക് പരിക്കേറ്റാൽ അതിനെ ഫിസിക്കൽ ട്രോമ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ട്രോമ എന്ന വാക്ക് മനശാസ്ത്രത്തിലേക്ക് കടക്കുന്നത്. ഈ കാലഘട്ടത്തിൽ യുദ്ധം, അപകടങ്ങൾ, അതിക്രമങ്ങൾ എന്നിവ മനുഷ്യന്റെ മാനസികാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന പഠനങ്ങൾ ശക്തമായിരുന്നു. ആളുകൾക്കിടയിൽ യുദ്ധമുണ്ടാക്കുന്ന ഭീതി ഭയവും ഉറക്കപ്രശ്നങ്ങളും ആവർത്തിച്ചു പഴയ ഓർമ്മകൾ വരികയും ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുക പോലുള്ള അവസ്ഥകൾ അനുഭവപ്പെട്ടിരുന്നു.
ഇവയെ വിശദീകരിക്കുന്നതിന് ആത്മാവിനേറ്റ് മുറിവ് അല്ലെങ്കിൽ മനസ്സിനേറ്റ മുറിവ് എന്ന അർഥത്തിൽ സ്ഥിരമായ 'സൈക്കിക് ട്രോമാറ്റ' എന്ന് 1894-ൽ, അമേരിക്കൻ തത്ത്വചിന്തകനും മനഃശാസ്ത്രജ്ഞനുമായ വില്യം ജെയിംസ് വിശേഷിപ്പിച്ചതോടെയാണ് മാനസിക ട്രോമ (Psychological Trauma) എന്ന ആശയം രൂപപ്പെട്ടു.
സോഷ്യൽമീഡിയയിലും സാധാരണ സംസാരത്തിലും ഇന്ന് പല കാര്യങ്ങൾക്കും ട്രോമ എന്ന് പറയാറുണ്ട്. അടുത്തിടെ നടത്തിയ ഒരു അവലോകനത്തിൽ സാധാരണ ആളുകൾ ഉപയോഗിക്കുന്ന ട്രോമ എന്ന വാക്കിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിലും സൈക്യാട്രിയിലും ട്രോമയുടെ നിർവചനം കൂടുതൽ പരിമിതമാണെന്ന് വിദഗ്ധർ പറയുന്നു.
പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ കുട്ടിക്ക് അത് വലിയ ട്രോമ ആയിപ്പോയി, അയാളുടെ സംസാരം ട്രോമ ഉണ്ടാക്കും എന്ന രീതിയിലൊക്കെ നമ്മൾ പറയാറുണ്ട്. എന്നാൽ ഇവയെല്ലാം സ്വയം ട്രോമ ആകണമെന്നില്ല.
ചില അനുഭവങ്ങൾ നമ്മെ എന്നന്നേക്കുമായി മുറിപ്പെടുത്താം. അതായത്, നമ്മൾ പോലും അറിയാതെ നാം അത് ജീവിതത്തിലുടനീളം വഹിച്ചു കൊണ്ടു പോകുന്നു. സുരക്ഷാബോധം തകർക്കുക, ദീർഘകാല മാനസ്സിക ആഘാതം ഉണ്ടാക്കുക, ജീവിത നിലവാരം, ബന്ധങ്ങൾ, വികാരങ്ങൾ എന്നിവയെ ഇത് ബാധിക്കാം. ചെറിയ വേദനകളും നിരാശകളും മനുഷ്യജീവിതത്തിന്റെ ഭാഗമാണ്, അവയെല്ലാം ക്ലിനിക്കൽ അർത്ഥത്തിൽ ട്രോമയല്ല.
അതിക്രമം
ബാല്യകാല പീഡനം
യുദ്ധാനുഭവം
ഗുരുതര അപകടം നേരിട്ട് കാണുക
അടുത്ത ആളിന്റെ മരണം
പ്രകൃതിദുരന്തം
സാധാരണ ദുഃഖം ഒരു സമയം കഴിയുമ്പോൾ കുറയാം. എന്നാൽ ട്രോമ അങ്ങനെയല്ല, അത് ദീർഘകാലം തുടരുന്നതാണ്. സാധാരണ ദുഃഖത്തിൽ ഓർമകൾ വേദനിപ്പിക്കാം എന്നാൽ അത് ട്രോമ ആകുമ്പോൾ ഓർമകൾ ഭയമോ ശരീരപ്രതികരണമോ ഉണ്ടാക്കാം. ജീവിതത്തിന്റെ പല മേഖലകളെയും ബാധിക്കാം.
ആവർത്തിച്ച് ഓർമ്മ വരിക
ഉറക്കക്കുറവ്
പേടി
കോപം
ശ്രദ്ധക്കുറവ്
എല്ലാത്തിൽ നിന്നും ഉൾവലിയുക
ഉത്കണ്ഠ
മനശ്ശാസ്ത്രം പറയുന്നത്, ട്രോമ ഒരു സംഭവത്തെ വിശേഷിപ്പിക്കുന്നതല്ല മറിച്ച്, ആ സംഭവം ഒരാളുടെ നാഡീവ്യൂഹത്തെയും മനസ്സിനെയും എങ്ങനെ സ്വാധീനിച്ചു എന്നതാണ്. ഒരേ സംഭവം രണ്ടുപേരെ വ്യത്യസ്തമായി ബാധിക്കാം. അതു കൊണ്ട്, നിനക്ക് ഇതൊക്കെ ട്രോമ ആകില്ല എന്ന് പറയുന്നതും ശരിയല്ല. അതുപോലെ എല്ലാ വേദനാജനക അനുഭവങ്ങളെയും ട്രോമ എന്ന് വിളിക്കുന്നതും കൃത്യമായിരിക്കില്ല. ഒരു ട്രെൻഡിന് കയറി ഉപയോഗിക്കേണ്ട വാക്കല്ല ട്രോമ. എല്ലാ വേദനയും ട്രോമയല്ല, പക്ഷേ ചില ട്രോമകൾ സാധാരണ വേദനയായി തോന്നിപ്പോകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates