ശരീരത്തിന് ഏറെ അനിവാര്യമായ ഒരു മൂലകമാണ് സോഡിയം. രക്തസമ്മർദം കുറയാതെ നിലനിർത്താനും തലച്ചോറിന്റെ പ്രവർത്തനം കൃത്യമാകാനും ശരീരത്തിൽ സോഡിയം കൂടിയേ തീരൂ. രക്തത്തിലൂടെയും പ്ലാസ്മയിലൂടെയും ശരീരത്തിൽ സോഡിയം വ്യാപിച്ചുകിടക്കുന്നു. നമ്മൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ടേബിൾ സോൾട്ട് അഥവാ ഉപ്പ് ആണ് സോഡിയത്തിന്റെ പ്രധാന ഉറവിടം.
ഉപ്പിനെ കൂടാതെ മീൻ, മുട്ട, മാംസം, പാലും പാലുത്പന്നങ്ങളിലൂടെയും സോഡിയം ശരീരത്തിലെത്തും. അമിതമായ സോഡിയത്തെ വൃക്കകൾ അരിച്ചെടുക്കുകയും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ശരീരത്തിൽ സോഡിയം കുറയുന്ന അവസ്ഥയെ ഹൈപോനട്രീമിയ എന്നാണ് വിശേഷിപ്പിക്കുന്നത്. രക്തത്തിൽ സോഡിയത്തിന്റെ സാധാരണ അളവ് 135-145 mmol/ltr (millimoles per litre) ആണ്. ഇതിൽ ഏറ്റക്കുറച്ചിലുകൾ വരുമ്പോഴാണ് ആരോഗ്യസങ്കീർണതകൾ സംഭവിക്കുന്നത്.
സോഡിയത്തിന്റെ അളവു കുറയുന്നതിന്റെ ലക്ഷണങ്ങൾ
തലകറക്കം, ക്ഷീണം, ഓക്കാനം, പേശിവേദന, ഛർദി, മാനസികാവസ്ഥയിൽ വ്യതിയാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായ സാഹചര്യങ്ങളിൽ മാനസികവിഭ്രാന്തിയും അപസ്മാരവും ബോധക്കേടും സംഭവിക്കാം. ചിലപ്പോൾ ബോധം നശിച്ച് കോമ അവസ്ഥയിലും രോഗി എത്താം.
അമിതമായ ഛർദി, വയറിളക്കം എന്നിവ കാരണം ശരീരത്തിൽ നിന്ന് വലിയ അളവിൽ സോഡിയം നഷ്ടമാകാം. അമിതമായി വിയർക്കുന്നതും സോഡിയം നഷ്ടമാകാൻ കാരണാകാം. കൂടാതെ വൃക്കരോഗങ്ങളുള്ളവരിൽ സോഡിയം വേണ്ട രീതിയിൽ നീക്കം ചെയ്യാൻ കഴിയാതെയും വരാം.
ശരീരത്തിൽ നിന്ന് സോഡിയം നഷ്ടമാകാനുള്ള മറ്റൊരു കാരണം മരുന്നുകളാണ്. മൂത്രം കൂടുതലായി പുറത്തുപോകാൻ കാരണമാകുന്ന ചില മരുന്നുകൾ സോഡിയത്തിന്റെ അളവിൽ വ്യത്യാസമുണ്ടാക്കിയേക്കാം. ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, മസ്തിഷ്‌കജ്വരം, ഹൃദ്രോഗം, കരൾരോഗങ്ങൾ എന്നീ അവസ്ഥകളിലും സോഡിയം കുറയാൻ സാധ്യതയുണ്ട്.
ചികിത്സ
പൊതുവേ പ്രായംകൂടിയവരിലാണ് സോഡിയം കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാണാറ്. പലപ്പോഴും വൈകിയാണ് രോഗാവസ്ഥ തിരിച്ചറിയുന്നതെന്നതാണ് വെല്ലുവിളിയാകുന്നത്. പ്രായമാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും വൃക്കകളുടെ പ്രവർത്തനശേഷി കുറയുന്നതുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്.
ശരീരത്തിലെ ലവണാംശം നിലനിർത്തുക എന്നതാണ് സോഡിയം കുറയുന്നത് തടയാനുള്ള പ്രധാന മാർഗം. ചെറിയതോതിലുള്ള സോഡിയത്തിന്റെ കുറവിന് ചികിത്സ വേണ്ടിവരാറില്ല. ഉപ്പ് അടങ്ങിയ ആഹാരം കൂടുതലായി കഴിക്കുന്നതിലൂടെ ഇത് പരിഹരിക്കാവുന്നതാണ്.
മൂത്രം അമിതമായി പുറത്തുകളയുന്ന ഡൈയൂററ്റിക് മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക.
രക്തസമ്മർദം കുറയ്ക്കാനായി നൽകുന്ന മരുന്നുകൾ ചിലപ്പോൾ സോഡിയം നില കുറച്ചേക്കാം. ഇക്കാര്യം ഡോക്ടറുമായി സംസാരിച്ച് മരുന്നിൽ വേണ്ട മാറ്റങ്ങൾ വരുത്തണം.
കായികാധ്വാനം വേണ്ട ജോലി ചെയ്യുന്നവരും വെയിലിൽ ജോലി ചെയ്യുന്നവരും ഇടയ്ക്കിടെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്ക് എന്നിവ കുടിക്കുന്നത് നല്ലതാണ്.
പ്രായമുള്ളവരിൽ സോഡിയം കുറയുന്ന അവസ്ഥ വ്യാപകമായി കണ്ടുവരുന്നുണ്ട്. അതിനാൽ എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരരുത്. എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates