

പ്രകൃതിദത്തമായതെന്തും ആരോഗ്യകരമാണെന്നാണ് പലരുടെയും ധാരണ. ആ ധാരണ തിരിത്തുന്നതാണ് ലിവർഡോക്ടർ എന്ന പേരിൽ സോഷ്യൽമീഡിയയിൽ പ്രശസ്തനായ ഡോ. അബി ഫിലിപ്സ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്. കഠിനമായ മഞ്ഞപ്പിത്തവും തന്നെ സമീപിച്ച യുവാവിന്റെ അനുഭവമാണ് കുറിപ്പിൽ വിശദീകരിച്ചരിക്കുന്നത്.
കണ്ണിനും മൂത്രത്തിനും കടുത്ത മഞ്ഞനിറവുമായാണ് യുവാവ് എത്തുന്നത്. അക്യൂട്ട് ഹെപ്പറ്റൈറ്റിസിനും മഞ്ഞപ്പിത്തതിനും കാരണമായേക്കാവുന്ന എല്ലാ ഘടങ്ങളും നെഗറ്റീവായിരുന്നു. രണ്ട് ഡോക്ടർമാരെ കണ്ടെങ്കിലും അവർക്ക് കാരണം കണ്ടെത്താനായില്ല. വൈറസുകൾ, കരളിനെ തകരാറിലാക്കുന്ന മരുന്നുകൾ, ഹെർബൽ സപ്ലിമെന്റുകൾ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ തുടങ്ങിയവയൊന്നും ഉണ്ടായിരുന്നില്ല. നിരവധി സ്കാനിങ്ങുകളും മറ്റും ചെയ്തെങ്കിലും മഞ്ഞപ്പിത്തം മൂർച്ഛിക്കുന്നതല്ലാതെ കാരണം കണ്ടെത്താനായില്ല. ശേഷമാണ് അയാൾ തനിക്കരികിലെത്തിയതെന്ന് ഡോക്ടർ കുറിക്കുന്നു.
നേരത്തേ പറഞ്ഞ സംശയങ്ങളെല്ലാം വീണ്ടും ചോദിച്ചെങ്കിലും എല്ലാ നെഗറ്റീവ് ആണെന്നായിരുന്നു മറുപടി. ഒടുവിലാണ് ഭക്ഷണശീലത്തെ കുറിച്ചും ജീവിതശൈലിയെ കുറിച്ചും തിരക്കിയത്. കുറച്ചുനാളായി ഹെർബൽ കോഫി കുടിക്കുന്ന ശീലമുണ്ടെന്ന് യുവാവ് പറഞ്ഞു. കാപ്പി കരളിന് നല്ലതാണെന്ന തോന്നലിലാണ് ഈ ശീലം. കോഫിയുടെ ബ്രാൻഡ് അന്വേഷിച്ചപ്പോഴാണ്, ഞെട്ടിയതെന്നും ഡോക്ടർ കുറിച്ചു.
അത് യഥാർഥ കോഫിയല്ല മറിച്ച് ഒരു ചൈനീസ് ഹെർബൽ കോഫിയായിരുന്നു. ഒരാഴ്ചയായി ദിവസവും രണ്ടു മൂന്ന് കപ്പ് വീതം യുവാവ് ഈ കോഫി കുടിച്ചിരുന്നു. ഇതാണ് യുവാവിന്റെ കരളിന് തകരാറിലാക്കിയത്. മുല്ല അഥവാ ജാസ്മിൻ ചെറിയ അളവിൽ ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും ഇതേ പേരിൽ അറിയപ്പെടുന്ന മറ്റു ചില പൂക്കൾ വിഷമയമുള്ളതും കരളിനും വൃക്കയ്ക്കും ഹൃദയത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നതാണെന്നും ഡോക്ടർ കുറിക്കുന്നു.
നൈറ്റ് ബ്ലൂമിങ് ജാസ്മിൻ എന്ന നിശാറാണി അഥവാ പാതിരാമുല്ല വളരെ അപകടകാരിയാണ്. ഈ ചെടിയുടെ എല്ലാഭാഗവും വിഷമാണ്. വിപണിയിലുള്ള പല ഹെർബൽ ടീകളും കോഫീകളും അനിയന്ത്രിതമാണെന്നും ഉപയോക്താക്കൾ ഇവയിലുള്ളത് എത്തരം സസ്യങ്ങളാണെന്ന് തിരിച്ചറിയാൻ വഴിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഹെർബൽ ടീ ഉപയോഗം കരളിനെ എങ്ങനെ തകരാറിലാക്കുന്നു എന്നതിനേക്കുറിച്ച് വ്യക്തമാക്കുന്ന ചില പഠനങ്ങളും ഡോ.എബി പങ്കുവെച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates