ഇന്ത്യയിലേ ഏറ്റവും ഭാരം കൂടിയ യോഗ അഭ്യസിക്കുന്ന വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം 34കാരിയായ ഡോളി സിംങ് എന്നാണ്. 72 കിലോ ശരീരഭാരമുള്ള ഡോളി സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശിക്കുന്ന സ്ഥിരം സങ്കല്‍പങ്ങളെ വെല്ലുവിളിക്കുകയാണ്. യോഗയിലെ സങ്കീര്‍ണ്ണമായ ആസനങ്ങള്‍ ചെയ്യാന്‍ ശരീരവലുപ്പം പ്രശ്‌നമാകില്ലെന്ന് ഡോളി തെളിയിച്ചിരിക്കുന്നു. അടുത്തിടെ സമാപിച്ച ആമസോണ്‍ ഫാഷന്‍ വീക്കില്‍ ഡെയ്‌വീ എന്ന ബ്രാന്‍ഡിനെ പ്രതിനിഥീകരിച്ച് ഡോളി റാംപ് കീഴടക്കിയത് പുതുമ തന്നെയായിരുന്നു.
ഇടയ്‌ക്കൊരിക്കല്‍ കണങ്കാലിന് പറ്റിയ ഉളുക്കാണ് ഡോളിയെ യോഗയിലേക്ക് എത്തിക്കുന്നത്. പരിക്കുമൂലം അധികസമയവും വിശ്രമത്തിലായിരുന്ന ഡോളി സിംങ്ങിന് വിശ്രമശേഷമുള്ള ദിവസങ്ങളില്‍ രാവിലെ എണീറ്റ് സാധാരണരീതിയില്‍ മുന്നോട്ടുപോകുക ഭയപ്പെടുത്തുന്ന ഓര്‍മയായിരുന്നു. ഓട്ടം മുതല്‍ സുംബ വരെയുള്ളവ പരീക്ഷിച്ചു. ഈ സമയത്താണ് അബദ്ധത്തില്‍ ഒരു യോഗാ ക്ലാസ്സിലേക്ക് ഡോളി എത്തുന്നത്. ''എന്നെ യോഗ അഭ്യസിപ്പിക്കാന്‍ അവിടുത്തെ അധ്യാപികന് വലിയ താല്‍പര്യമായി. കാരണം ഇത്ര വലിയ ശരീരമുള്ള ഒരാള്‍ അനായാസമായി എല്ലാ യോഗമുറകളും ചെയ്യുന്നത് അദ്ദേഹത്തെസംബന്ധിച്ചടുത്തോളം പുതുമയുള്ള കാര്യം തന്നെയായിരുന്നു. നിങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കാന്‍ ആരെങ്കിലും ഉണ്ടായാല്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് കൂടുതല്‍ പരിശ്രമിക്കാന്‍ തോന്നും', ഡോളി പറയുന്നു.
നാല് മാസത്തോളം യോഗയുടെ ഗ്രൂപ്പ് ക്ലാസ്സില്‍ പങ്കെടുത്തിരുന്ന ഡോളി പിന്നീട് അത് തുടര്‍ന്നില്ല. ഓട്ടം മാത്രമായിരുന്നു പിന്നെയുള്ള വ്യായാമം. ഇപ്പോഴും ഏകദേശം 10കിലോമീറ്റര്‍ വരെയുള്ള മാരത്തോണുകളില്‍ പങ്കെടുക്കാറുണ്ട് ഡോളി സിംങ്ങ്. ഓണ്‍ലൈനായി വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് യോഗ അഭ്യസിക്കാന്‍ തുടങ്ങിയത് ഒന്നരവര്‍ഷം മുന്‍പ് മുതലായിരുന്നെന്ന് ഡോളി പറയുന്നു.
ആഴ്ചയില്‍ 5 മുതല്‍ 6 തവണയാണ് ഡോളിയുടെ യോഗ പരിശീലനം. ഏഴ് തവണ പരിശീലിക്കുന്ന ആഴ്ചകളും ഉണ്ട്. ജോലിക്ക് ശേഷമുള്ള സമയമാണ് യോഗയ്ക്കായി തിരഞ്ഞെടുക്കുന്നത്. 75മിനിറ്റോളം യോഗയ്ക്കായി മാറ്റിവയ്ക്കുന്ന ഡോളി ഓഫീസില്‍ നിന്നിറങ്ങാന്‍ വൈകുന്ന ദിനങ്ങളില്‍ രാവിലെയോ ഓഫീസിനിടയിലെ ഏതെങ്കിലുമൊരു സമയത്തോ യോഗ ചെയ്യാന്‍ നീക്കിവയ്ക്കാറുണ്ട്. ഇതിനായി ഓഫീസില്‍ ഒരു യോഗാ മാറ്റ് സൂക്ഷിച്ചിട്ടുമുണ്ട്. സ്ഥിരമായ പരിശീലിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമായ കാര്യമെന്ന് ഡോളി കൂട്ടിച്ചേര്‍ക്കുന്നു.
''വീട്ടിലെ ആഹാരമാണ് കൂടുതലും ഉപയോഗിക്കുന്നത് എന്നതൊഴിച്ച് ഭക്ഷണകാര്യങ്ങളില്‍ ഒരു ചിട്ടയും പാലിക്കുന്നില്ല. പരമ്പരാഗത ഭക്ഷണത്തോട് വലിയ പ്രിയമുള്ള ആളാണ് ഞാന്‍ ഫാസ്റ്റ് ഫുഡ്ഡിനോട് ഒട്ടും താല്‍പര്യമില്ല. ധാരാളം പച്ചകറികല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. പുറത്തുനിന്ന് കഴിക്കേണ്ടിവരുമ്പോള്‍ അത് അമിതമാകാതെ സൂക്ഷിക്കാറുണ്ടെന്നത് മാത്രമാണ് ഏക നിയന്ത്രണം', ഭക്ഷണക്രമത്തേകുറിച്ച് ഡോളി പറഞ്ഞതിങ്ങനെ.
മാധ്യമപ്രവര്‍ത്തകയായ ഡോളി ഒരു പ്രമുഖ യൂത്ത് ചാനലിലെ പ്രോഗ്രാം ഹെഡാണ്. ഇതോടൊപ്പം പ്രാദേശിക പാചകം പ്രചരിപ്പിക്കുന്ന ഷെഫിന്റെ വേഷത്തിലും ഡോള്‍ബിയെ കാണാന്‍ കഴിയും. ''ഞാന്‍ ശരീരം പദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല. പക്ഷെ യോഗ ചെയ്യുമ്പോള്‍ ശരീരം മുഴുവന്‍ മറച്ചുകൊണ്ട് വസ്ത്രം ധരിക്കാന്‍ കഴിയില്ലെന്നാണ് എന്റെ അറിവ്. കാരണം അത് നമ്മുടെ ചലനങ്ങളെ പ്രതികൂലമായി ബാധിക്കും', ഡോളി പറയുന്നു.
ഡോളിയുടെ യോഗ പരിശീലനം പലപ്പോഴും പൊതു ഇടങ്ങളിലാണ്. മുംബൈയിലെ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഡോളി ചൂട് കാരണമാണ് പരിശീലനം പുറത്തേക്കാകാമെന്ന് കരുതിയത്. ഇങ്ങനെയാണ് പാര്‍ക്കിലെ യോഗ അഭ്യാസം തുടങ്ങുന്നത്. എന്നാല്‍ ഡോളിയെകണ്ട് പല ആളുകള്‍ യോഗയിലേക്ക് തിരിഞ്ഞു എന്നതാണ് വാസ്തവം.
യോഗ ചെയ്യുന്ന വീഡിയോയും ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഡോളിയെയും സൈബര്‍ ഞെരമ്പുരോഗികള്‍ വിട്ടില്ല. യോഗയ്ക്കായി ധരിക്കുന്ന വസ്ത്രത്തെ കുറ്റപ്പെടുത്തികൊണ്ട് കമ്മന്റ് ചെയ്യുന്ന സ്ത്രീകളും കുറവല്ലെന്ന് ഡോളി ചൂണ്ടികാട്ടുന്നു. ട്രോളുകള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെങ്കിലും എത്രത്തോളം ട്രോള്‍ ചെയ്യപ്പെട്ടോ അത്രതന്നെ പ്രോത്സാഹന സന്ദേശങ്ങളും തനിക്ക് ലഭിക്കുന്നുണ്ടെന്ന് ഡോളി പറയുന്നു. ആയിരം ട്രോളുകള്‍ക്കിടയില്‍ ഒരു നല്ല സന്ദേശം വന്നാലും ഞാന്‍ തൃപ്തയാണ്. ഡോളി കൂട്ടിച്ചേര്‍ക്കുന്നു.
യോഗ പരിശീലിക്കാന്‍ തുടങ്ങിയതിന് ശേഷം ശാരീരിക ആരോഗ്യത്തെ മാനസീക ആരോഗ്യമായി കൂടെ മാറ്റാന്‍ തനിക്ക് സാധിച്ചു എന്നും ആളുകളെ കൂടുതല്‍ മനസ്സിലാക്കാനും കൂടുതല്‍ വിനയം ശീലമാക്കാനും സാധിച്ചത് യോഗ വഴിയാണെന്നും ഡോളി പറയുന്നു. ഇപ്പോള്‍ എനിക്ക് 34 വയസ്സായി എന്ന് പറയുമ്പോള്‍ ആളുകള്‍ അത്ഭുതപ്പെടാറുണ്ട്. ഒരുപക്ഷെ യോഗ പ്രായം കുറയ്ക്കാനും സഹായിക്കുന്നുണ്ടാകും ഡോളി തമാശയായി പറഞ്ഞു നിര്‍ത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates